
തൃശൂർ: ശബരിമല അടക്കമുള്ള വിഷയങ്ങളിൽ ആധികാരികമായി പ്രഭാഷണം നടത്താൻ കഴിവുള്ള കെ.എൻ.എ ഖാദറിനെ ഗുരുവായൂരിൽ മത്സരിപ്പിച്ചും കയ്പ്പമംഗലവും കുന്നംകുളവും ഏറ്റെടുത്തും യു.ഡി.എഫ് ഒരുക്കുന്നത് പോരാട്ടതന്ത്രം. മറുവശത്ത്, തുടക്കം മുതൽക്കേ ശക്തമായ പ്രചാരണവുമായി സ്ഥാനാർത്ഥികളെ രംഗത്തിറക്കി ഓളം സൃഷ്ടിക്കുകയാണ് എൽ.ഡി.എഫ്.
ജനസ്വീകാര്യതയുള്ള സ്ഥാനാർത്ഥികളെ രംഗത്തിറക്കി പ്രചാരണവഴികൾ ഇറക്കിമറിക്കാൻ ലക്ഷ്യമിടുകയാണ് എൻ.ഡി.എ. സ്ഥാനാർത്ഥി നിർണ്ണയത്തിലുള അനിശ്ചിതാവസ്ഥ തീർന്നാൽ ഭൂരിഭാഗം മണ്ഡലങ്ങളിലും മത്സരം മുറുകുമെന്ന് ഉറപ്പ്. പുതുമുഖങ്ങളെ ഇറക്കി അഗ്‌നിപരീക്ഷയ്ക്കാണ് കോൺഗ്രസ് തയ്യാറെടുക്കുന്നത്.
അതിന് വലിയ വിലയും കൊടുക്കേണ്ടി വന്നു. സ്ഥാനാർത്ഥി നിർണ്ണയത്തെ ചൊല്ലി പ്രഖ്യാപനത്തിന് മുമ്പേ കോൺഗ്രസിൽ പരസ്യപ്രതിഷേധം ഉയർന്നുകഴിഞ്ഞു. സ്ഥാനാർത്ഥികൾക്കെതിരെ പലയിടത്തും പോസ്റ്റർ പ്രചാരണവും കൂട്ടരാജിയുമുണ്ടായി. സാദ്ധ്യതാ പട്ടിക പുറത്ത് വന്നതോടെ ഉയർന്ന പ്രതിഷേധം സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് ശേഷവും തുടർന്നാൽ കോൺഗ്രസിന് വലിയ വില കൊടുക്കേണ്ടി വരും. 33 ബൂത്ത് പ്രസിഡന്റുമാരും എട്ട് യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരും രാജിയറിയിച്ചതായാണ് വിവരം. ചാലക്കുടിയിലും പുതുക്കാടും മണലൂരും ഇരിങ്ങാലക്കുടയിലും സംവരണ മണ്ഡലമായ ചേലക്കരയിലും കൊടുങ്ങല്ലൂരിലും പ്രതിഷേധമുയർന്നിരുന്നു. പക്ഷേ ഇതെല്ലാം പതിവുള്ളതല്ലേയെന്ന മട്ടിലാണ് യു.ഡി.എഫിൽ നിന്നുള്ള പ്രതികരണങ്ങൾ പുറത്തുവരുന്നത്.
ഉണ്ണിയാടനും കളത്തിൽ
മുൻ ചീഫ് വിപ്പ് തോമസ് ഉണ്ണിയാടനെ ഇരിങ്ങാലക്കുടയിൽ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതോടെ അവിടെ പ്രചാരണം കൊഴുത്തു. 2001ലും 2006ലും 2011ലും എം.എൽ.എയായി ഹാട്രിക് തികച്ചിരുന്നു ഉണ്ണിയാടൻ. തൃശൂരിൽ പത്മജ വേണുഗോപാലും വടക്കാഞ്ചേരിയിൽ അനിൽ അക്കരയും തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ സജീവമാണ്. കുന്നംകുളത്ത് കെ. ജയശങ്കറിന്റെ സീറ്റും ഉറച്ച നിലയിലാണ്.
മണ്ഡലം കൺവെൻഷനുമായി ഇടതുകോട്ട
ഇടതുമുന്നണി മണ്ഡലം കൺവെൻഷനുകളുമായി പ്രചാരണം ശക്തമാക്കിയിട്ടുണ്ട്. വെള്ളിയാഴ്ച മാത്രം ഏഴ് മണ്ഡലം കൺവെൻഷനുകളാണ് പൂർത്തിയാക്കിയത്. ഇന്നലെ ആറിടത്ത് നിയോജക മണ്ഡലം കൺവെൻഷനുകൾ പൂർത്തിയായി. എന്നാൽ ചേലക്കരയിൽ ഉയർന്ന പ്രതിഷേധവും പരസ്യപ്പെടുത്താത്ത എതിർപ്പുകളും വേട്ടയാടുമെന്ന ആശങ്കയുണ്ട്. സി.പി.ഐയ്ക്ക് നാട്ടികയിൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാൻ വൈകിയതും തിരിച്ചടിയായി.
പ്രതീക്ഷകളോടെ എൻ.ഡി.എ
ജില്ലയിൽ ബി.ജെ.പിയുടെ സ്വാധീനം കൂടുന്നു എന്നതാണ് രണ്ട് മുന്നണികളേയും കുഴയ്ക്കുന്നത്. തിരഞ്ഞെടുപ്പ്, പ്രവചനങ്ങൾക്ക് അപ്പുറമാകുന്നതും അക്കാരണം കൊണ്ടു തന്നെ. ബി.ഡി.ജെ.എസിന്റെ സ്വാധീനവും കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ നിർണ്ണായകമായി. തൃശൂർ, പുതുക്കാട് , കൊടുങ്ങല്ലൂർ മണ്ഡലങ്ങളിൽ അടക്കം ശക്തമായ മത്സരം തന്നെ കാഴ്ചവെയ്ക്കാൻ കഴിയുമെന്നാണ് നേതൃത്വം വിലയിരുത്തുന്നത്. എന്നാൽ ബി.ജെ.പിയിൽ നേതാക്കൾ തമ്മിലുള്ള ഐക്യം കുറഞ്ഞെന്ന് ചില നേതാക്കൾ തന്നെ തുറന്നു സമ്മതിക്കുന്നു.