
തൃശൂർ : കോൺഗ്രസ് ലിസ്റ്റ് നാളെ പ്രഖ്യാപിക്കാനിരിക്കെ മുതിർന്ന നേതാക്കൾ എല്ലാം തന്നെ പട്ടികയിൽ നിന്ന് പുറത്തെന്ന് സൂചന. സിറ്റിംഗ് എം.എൽ.എ എന്ന നിലയിൽ അനിൽ അക്കരയെയും പദ്മജ വേണുഗോപാലിനെയും പരിഗണിച്ചപ്പോൾ മറ്റെല്ലാ മുതിർന്ന നേതാക്കളും കളത്തിന് പുറത്തായതാണ് വിവരം.
കഴിഞ്ഞ തവണ മത്സരിച്ച ഒ. അബ്ദുൾ റഹിമാൻ കുട്ടി, ടി. യു രാധാകൃഷ്ണൻ, സുന്ദരൻ കുന്നത്തുള്ളി, എം.പി വിൻസെന്റ്, കെ.പി ധനപാലൻ, പി. എ. മാധവൻ എന്നിവരിൽ ഒരാൾ പോലും ലിസ്റ്റിൽ കയറിക്കൂടിയിട്ടില്ല. അതുപോലെ സീറ്റ് പ്രതീക്ഷിച്ചിരുന്ന എം.പി ജാക്‌സൺ, ടി.വി ചന്ദ്രമോഹൻ, എം.എസ് അനിൽ കുമാർ, രാജൻ പല്ലൻ എന്നിവരും പുറത്താണെന്നാണ് സൂചന.
നിലവിൽ ലഭിക്കുന്ന വിവരം അനുസരിച്ച് അനിലും പദ്മജയും ഒഴികെ ബാക്കിയെല്ലാവരും ആദ്യമായി പോരിന് ഇറങ്ങുന്നവരാണ്. ഇത്തവണ ജില്ലയിൽ മൂന്ന് വനിതാ സ്ഥാനാർത്ഥികൾ ഉണ്ടാകാനുള്ള സാദ്ധ്യതയുമുണ്ട്. സീറ്റ് ഉറപ്പിച്ച പദ്മജയ്ക്ക് പുറമെ മുൻ ഡെപ്യൂട്ടി മേയർ സുബി ബാബു, ഡോ. നിജി ജസ്റ്റിൻ എന്നിവരാണ് പട്ടികയിലുള്ളത്. നിജി പുതുക്കാടും മണലൂരിൽ സുബിയുമാണ് പരിഗണനയിൽ. അതേസമയം ഇവിടെ പ്രാദേശിക വാദം ഉയർത്തി കടുത്ത പ്രതിഷേധം ഉയരുന്നത് നേതൃത്വത്തെ വലക്കുന്നുണ്ട്. ജോസ് വള്ളൂർ, ടി. ജെ സനീഷ് കുമാർ, സി. സി ശ്രീകുമാർ, കെ. ജയശങ്കർ, ശോഭ സുബിൻ, എൻ.കെ സുധീർ, സുനിൽ അന്തിക്കാട് എന്നിവരാണ് പട്ടികയിൽ സ്ഥാനം പിടിച്ചിട്ടുള്ളതെന്ന് അറിയുന്നു. കോൺഗ്രസ് ഇരിങ്ങാലക്കുടയും ഗുരുവായൂരും ഒഴിച്ചു ബാക്കിയുള്ള 11 സീറ്റുകളിലാണ് മത്സരിക്കുന്നത്. ഗുരുവായൂരിൽ ലീഗ് സ്ഥാനാർത്ഥിയായി കെ. എൻ.എ കാദറെ ഇന്നലെ പ്രഖ്യാപിച്ചിരുന്നു. ഇരിങ്ങാലക്കുടയിൽ കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിലെ തോമസ് ഉണ്ണിയാടനെ സ്ഥാനാർത്ഥിയായി ഇന്ന് പ്രഖ്യാപിച്ചേക്കും.
ജീവചരിത്രം റെഡി
കോൺഗ്രസ് പട്ടിക ഇപ്പോഴും പുറത്ത് വന്നിട്ടില്ലെങ്കിലും സ്ഥാനാർത്ഥി സാദ്ധ്യതാ പട്ടികയിൽ ഉള്ളവർ തങ്ങളുടെ ജീവചരിത്രം തയ്യാറാക്കി വാർത്താ മാദ്ധ്യമങ്ങളുടെ ഓഫീസുകളിലെത്തിച്ചു കഴിഞ്ഞു. ചില മണ്ഡലങ്ങളിൽ നിന്ന് രണ്ടുപേരുടെ ബയോ ഡാറ്റകൾ വരെ ലഭിച്ചിട്ടുണ്ട്.