
വടക്കാഞ്ചേരി: അനിൽ അക്കരയെ സാത്താന്റെ സന്തതിയെന്ന് വീണ്ടും വിശേഷിപ്പിച്ച് സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം ബേബി ജോൺ. എൽ.ഡി.എഫ് സ്ഥാനാർത്ഥി സേവ്യർ ചിറ്റിലപ്പിള്ളിയുടെ വടക്കാഞ്ചേരി നിയോജക മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു ബേബി ജോൺ.
അസൂയാലുവായ ഒരു സാത്താന്റെ സന്തതി ചരൽപ്പറമ്പിലെ പാർപ്പിട നിർമ്മാണം തടസ്സപ്പെടുത്തി. പ്രേതകുടീരം പോലെ അതവിടെ കിടക്കുകയാണിപ്പോൾ. നിരവധി നിർദ്ധന കുടുബങ്ങളുടെ സ്വപ്നങ്ങളെ ഇല്ലാതാക്കാനാണ് ആ സാത്താന്റെ സന്തതി ശ്രമിച്ചത്. അഞ്ച് വർഷം മുമ്പ് വടക്കാഞ്ചേരിക്ക് സംഭവിച്ച തെറ്റ് തിരുത്തണമെന്നും ബേബി ജോൺ പറഞ്ഞു.
സി.പി.ഐ സംസ്ഥാന കമ്മിറ്റിയംഗം എ.എൻ രാജൻ അദ്ധ്യക്ഷത വഹിച്ചു. അതേസമയം അനിൽ അക്കരയെ വീണ്ടും സാത്താന്റെ സന്തതിയെന്ന് വിളിച്ച് അപമാനിച്ചതിൽ പ്രതിഷേധിച്ച് വടക്കാഞ്ചേരി നിയോജക മണ്ഡലത്തിലെ എല്ലാ മണ്ഡലങ്ങളിലും കോൺഗ്രസ് പ്രവർത്തകർ പന്തം കൊളുത്തി പ്രകടനം നടത്തി.