
തൃശൂർ : ലിസ്റ്റൺ എനിക്ക് കളിക്കൂട്ടുകാരൻ മാത്രമല്ല സഹോദരനുമായിരുന്നു. അത്രയ്ക്ക് അടുപ്പമായിരുന്നു അവനുമായി - ഐ.എം വിജയൻ പറഞ്ഞു. സഹോദരി ഇല്ലാതിരുന്ന അവൻ എന്റെ ഭാര്യ രാജിയെ അനിയത്തിയായാണ് കണ്ടിരുന്നത്. ഒരു കാലത്ത് കേരള ഫുട്ബാളിന്റെ മികച്ച മുന്നേറ്റക്കാരനായ ലിസ്റ്റണിന്റെ വിയോഗം ഞെട്ടലാണ് ഉണ്ടാക്കിയത്. ഇന്നലെ രാവിലെ അവന്റെ മരണ വാർത്ത കേട്ടപ്പോൾ മുതൽ ആകെ അസ്വസ്ഥമായിരുന്നു മനസ്. 12 വയസ് മുതൽ ഞാനും ഒപ്പം കളിക്കുന്നു.
അവൻ ലെഫ്റ്റ് വിംഗിൽ സ്ട്രോംഗാണ്. അപ്പനെ പോലെ അവന്റെ ഇടം കാലൻ ഷോട്ടും ഭയങ്കരമായിരുന്നു. അവന്റെ അടി ഗോളികൾക്ക് പിടിക്കാനാകില്ല. തട്ടിത്തെറിക്കുമ്പോൾ ഞാൻ ഗോൾ ആക്കും. അങ്ങനെ ഞങ്ങൾ കുറെ ഗോളടിച്ചിട്ടുണ്ട്. അവന്റെ കാലിലെ മസിൽ ഉറച്ചതാ. അവനെ ടാക്കിൾ ചെയ്യാൻ ബുദ്ധിമുട്ടാണ്.
ഇടങ്കാലനടിയിൽ അവന്റെ പിൻഗാമിയാണ് ജോ പോൾ. ഇന്ത്യൻ ജൂനിയർ ടീമിൽ ഞങ്ങൾ ഒരുമിച്ചു കളിച്ചു. പിന്നെ കേരള ടീമിലും സന്തോഷ് ട്രോഫിയിലും. അവന്റെ ഗോളിലാണ് മഹീന്ദ്രയെ തോൽപ്പിച്ച്, കേരള പൊലീസ് ഫെഡറേഷൻ കപ്പ് നേടിയത്. 87 ൽ ഞാൻ പൊലീസിലെത്തി. 88 ൽ അവനുമെത്തി. ഞാനും പാപ്പച്ചൻ സാറും അവനുമായിരുന്നു ഫോർവേഡെന്നും വിജയൻ അനുസ്മരിച്ചു.