പാവറട്ടി: കൊവിഡിന്റെ പശ്ചാത്തലത്തിൽ ലേബർ ക്യാമ്പുകളിലെ പ്രവാസികളുടെ അതിജീവനം വരച്ചുകാട്ടുന്ന 'നിയതം' സിനിമയുടെ പ്രദർശനത്തോടെ ആറാം ദേവസൂര്യ ഗ്രാമീണ ചലച്ചിത്രോത്സവത്തിന് തിരിതെളിഞ്ഞു. ബഹറിൻ കേരള സമാജം നിർമ്മിച്ച് പാവറട്ടിക്കാർ മുഖ്യവേഷത്തിൽ അഭിനയിച്ച ചിത്രമാണ് നിയതം. വിളക്കാട്ടുപാടം ദേവസൂര്യ ഫിലിം ക്ലബും പാവറട്ടി ജനകീയ ചലച്ചിത്ര വേദിയും സംയുക്തമായാണ് മേള സംഘടിപ്പിച്ചത്.

ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് മുരളി പെരുനെല്ലി എം.എൽ.എ തേങ്ങാ വിളക്കിലേക്ക് അഗ്‌നി പകർന്നതോടെ മൂന്ന് ദിവസം നീളുന്ന ചലച്ചിത്ര മേളയ്ക്ക് തുടക്കമായി. പാവറട്ടിയിൽ നിന്നും ഹോളിവുഡ് സിനിമയിൽ ഇടം നേടിയ അർജ്ജുനൻ പാവറട്ടി, നിയതം സംവിധായകൻ രാജേഷ് സോമൻ, അഭിനേതാക്കളായ വിനോദ് അളിയത്ത്, ബിനോജ് പാവറട്ടി എന്നിവരെ ചടങ്ങിൽ ആദരിച്ചു.

ഗുരുവായൂർ നഗരസഭാ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ബിന്ദു അജിത്ത് കുമാർ അദ്ധ്യക്ഷയായി. ഫെസ്റ്റിവൽ ഡയറക്ടർ റാഫി നീലംങ്കാവിൽ, ചാവക്കാട് താലൂക്ക് റൂറൽ ഹൗസിക്ക് സഹകരണ സംഘം പ്രസിഡന്റ് ഡോ: ഏന്റൊ ലിജോ, എഴുത്തുകാരി ദേവൂട്ടി ഗുരുവായൂർ, ദേവസൂര്യ സെക്രട്ടറി ടി.കെ. സുരേഷ്, സുബ്രഹ്മണ്യൻ ഇരിപ്പശ്ശേരി എന്നിവർ പ്രസംഗിച്ചു.

ഫെസ്റ്റിവൽ കോ- ഓർഡിനേറ്റർ റെജി വിളക്കാട്ടുപാടം സ്വാഗതവും ഷെബിൻ കുരിയാക്കോസ് നന്ദിയും പറഞ്ഞു. ജോൺ എബ്രഹാം പുരസ്‌കാര വിതരണത്തോടെ മേളയ്ക്ക് സമാപനമാകും.