കൊടകര: മേൽപ്പാലം ജംഗ്ഷനിൽ ഐ.പി ടോയ്‌ലെറ്റിനകത്ത് കുടുങ്ങിയ ലോട്ടറി തൊഴിലാളിയെ ഫയർഫോഴ്‌സെത്തി പുറത്തു കടത്തി. ശനിയാഴ്ച രാവിലെ 8.15 ഓടെയാണ് കൊടകര ആലത്തൂർ സ്വദേശിയായ ലോട്ടറി വിൽപ്പനക്കാരൻ, കോയിൻ ഉപയോഗിച്ചു തുറന്ന് ടോയ്‌ലെറ്റിനകത്തേക്കു പ്രവേശിച്ചത്. പുറത്തു കടക്കാനായി തുറക്കുന്നതിനിടെ ലോക്കിന്റെ പിടി ഊരി വീഴുകയായിരുന്നു. ഇതോടെ വാതിൽ തുറക്കാൻ സാധിക്കാതായി. അകത്തു കുടുങ്ങിയ ഇയാൾ അനവധി തവണ വാതിലിൽ ഇടിച്ചു ശബ്ദമുണ്ടാക്കിയെങ്കിലും ഏതാണ്ട് ഒരു മണിക്കൂറിന് ശേഷമാണ് സമീപത്തെ കടക്കാർ ശബ്ദം കേട്ടത്. ഉടൻ പൊലീസിനെ വിവരം അറിയിച്ചു. അവർക്കും ഒന്നും ചെയ്യാനായില്ല. പൊലീസ് അറിയിച്ചതിനെ തുടർന്ന് പുതുക്കാട് നിന്നെത്തിയ ഫയർഫോഴ്‌സിന്റെ നേതൃത്വത്തിൽ ടോയ്‌ലെറ്റിന്റെ ഒരു ഭാഗം പൊളിച്ചുമാറ്റിയാണ് ഇയാളെ പുറത്തുകടത്തിയത്.