ചാലക്കുടി: ദേശീയപാതയിലെ അപകടങ്ങൾ കുറയ്ക്കുന്നതിനുള്ള നടപടിയുടെ ഭാഗമായി എൻ.എച്ച്.എയുടെ ഉദ്യോഗസ്ഥർ പൊങ്ങം മുതൽ പേരാമ്പ്ര വരെ പരിശോധന നടത്തി. ഇതു സംബന്ധിച്ച് ചാലക്കുടി ഡിവൈ.എസ്.പി നൽകിയ കത്ത് പരിഗണിച്ചാണ് സുരക്ഷാ വിദഗ്ദ്ധൻ ജി. രവി, മാനേജർ സജി എന്നിവരുടെ നേതൃത്വത്തിൽ പരിശോധന നടത്തിയത്.
റോഡ് നിർമ്മാണത്തിലെ സാങ്കേതിക അപാകതയാണ് അടിക്കടിയുള്ള അപകടങ്ങൾക്കും മരണങ്ങൾക്കും കാരണമെന്ന് ഡിവൈ.എസ്.പി: കെ.എം. ജിജിമോൻ ദേശീയപാതാ അതോറിറ്റിക്ക് അയച്ച കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. സർവീസ് റോഡ്, ട്രാഫിക് സിഗ്‌നലുകൾ എന്നിവയും പ്രത്യേകം പരിശോധിച്ച് അപാകതകൾ വിലയിരുത്തി.
ദേശീയ പാതയിലേക്ക് അനധികൃത റോഡുകളിലൂടെയുള്ള പ്രവേശനം തടയൽ, സിഗ്‌നൽ സംവിധാനം കാര്യക്ഷമമാക്കൽ, ആവശ്യമുള്ള ഭാഗങ്ങളിൽ ലൈറ്റുകൾ സ്ഥാപിക്കൽ എന്നിവ ഉടൻ ഉണ്ടാകുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. കൂടുതൽ സിഗ്‌നൽ ബോർഡുകളും സ്ഥാപിക്കും.
ഡിവൈ.എസ്.പിക്ക് പുറമെ കൊരട്ടിയിൽ എസ്.എച്ച്.ഒ: ബി.കെ. അരുൺ, എസ്.ഐ: ഷിബു, ചാലക്കുടിയിൽ എസ്.എച്ച്.ഒ: സൈജു കെ. പോൾ, എസ്.ഐ: എം.എസ്. ഷാജൻ എന്നിവരും ദേശീയപാതാ അധികൃർക്കൊപ്പം ഉണ്ടായിരുന്നു.