
കൊടുങ്ങല്ലൂർ : ഭരണി മഹോത്സവം കൊവിഡ് മാനദണ്ഡങ്ങൾക്കും, ആചാരങ്ങൾക്കും അനുസൃതമായി നടത്തുന്നതിന് കളക്ടർ എസ്. ഷാനവാസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അനുമതി നൽകി. ഭരണി ദിവസമായ മാർച്ച് 18 ന് മറ്റ് ജില്ലകളിൽ നിന്നും വരുന്ന ഭക്തജനങ്ങളുടെ തിരക്ക് കുറയ്ക്കുന്നതിന് ആവശ്യമായ നിർദ്ദേശം നൽകാമെന്ന് യോഗത്തിൽ പങ്കെടുത്ത കോമരക്കൂട്ടങ്ങളുടെ പ്രതിനിധികളും തമ്പുരാന്റെ പ്രതിനിധിയും അറിയിച്ചു. ഇതനുസരിച്ച് ജനത്തിരക്ക് നിയന്ത്രിക്കുന്നതിനാവശ്യമായ സജ്ജീകരണം ഒരുക്കാമെന്ന് കൊച്ചിൻ ദേവസ്വം ബോർഡ് അറിയിച്ചു.
ക്ഷേത്രദർശനത്തിന് വരുന്ന വിശ്വാസികൾ ദർശനത്തിന് ശേഷം പടിഞ്ഞാറെ നടവഴി പുറത്തേക്ക് പോകുന്നതിനുള്ള സജ്ജീകരണം ഒരുക്കുന്നതിനും ആവശ്യമായ വളണ്ടിയേഴ്‌സിനെ നിയോഗിക്കുന്നതിനും കൊച്ചിൻ ദേവസ്വം ബോർഡിനെ ചുമതലപ്പെടുത്തി. കൊടുങ്ങല്ലൂർ ക്ഷേത്രത്തിലേക്ക് വരുന്ന കോമരക്കൂട്ടങ്ങളിൽ പത്ത് പേർ വീതവും, ആൽത്തറയിൽ അഞ്ചു പേർ വീതവുമായി നിയന്ത്രിക്കാമെന്ന് കോമര കൂട്ടങ്ങളുടെയും ദേവസ്വം ബോർഡ് പ്രതിനിധികളും അറിയിച്ചു. ക്ഷേത്രത്തിലെ തിരക്ക് കുറയ്ക്കുന്നതിനായി ദർശന സമയം രാവിലെ 4 മണി മുതൽ രാത്രി 9 മണിവരെയായി ക്രമീകരിക്കും. ക്ഷേത്രത്തിലേക്ക് 10 വയസ് താഴെയുള്ളവർക്കും 60 വയസിന് മുകളിൽ ഉള്ളവർക്കും പ്രവേശനം അനുവദിക്കില്ല എന്നും കളക്ടർ അറിയിച്ചു.
കാഴ്ച പരിമിതർക്കും ബലഹീനതകൾ
ഉള്ളവർക്കും വോട്ട് ചെയ്യാം
തൃശൂർ: നിയമസഭ തിരഞ്ഞെടുപ്പിൽ കാഴ്ച പരിമിതർക്കും ശാരീരിക ബലഹീനതകൾ ഉള്ളവർക്കും വോട്ട് രേഖപ്പെടുത്തുന്നതിന് പ്രത്യേക നിർദ്ദേശം നൽകി. വോട്ടിംഗ് യന്ത്രത്തിലെ ചിഹ്നങ്ങൾ കാണാനോ, വോട്ട് രേഖപ്പെടുത്താനോ കഴിയാത്ത ഒരാളാണെന്ന് പ്രിസൈഡിംഗ് ഉദ്യോഗസ്ഥന് ഉത്തമബോധ്യം വന്നാൽ, ആ വോട്ടർക്ക് മറ്റൊരാളുടെ സഹായത്തോടെ വോട്ട് രേഖപ്പെടുത്താൻ അനുമതി നൽകാം.
സഹായികൾ 18 വയസിനു മുകളിലുള്ളവരായിരിക്കണം. ഒരു വ്യക്തി ഒന്നിലധികം വോട്ടർമാർക്ക് സഹായി ആയി വരാൻ പാടില്ല. ഇത് ഉറപ്പാക്കുന്നതിന് സഹായി ആയി വരുന്ന ആളിന്റെ വലതു ചൂണ്ടു വിരലിൽ മഷി പുരട്ടണം. പരസഹായത്തോടെ ചെയ്യപ്പെട്ടിട്ടുള്ള വോട്ടറുടെ വിശദ വിവരങ്ങൾ ഫോം 14 എയിൽ പ്രിസൈഡിംഗ് ഓഫീസർ രേഖപ്പെടുത്തണം. വോട്ടിംഗ് കംപാർട്ട്മെന്റ് വരെ പരസഹായമില്ലാതെ എത്തിച്ചേരാൻ സാദ്ധ്യമല്ലെങ്കിലും വോട്ട് സ്വയം ചെയ്യാൻ കഴിയുന്ന ആൾക്കാരെ സഹായി വോട്ടിംഗ് കംപാർട്ട്മെന്റ് വരെ മാത്രമേ അനുഗമിക്കാൻ പാടുള്ളു. ഇത്തരം കേസുകളിൽ കംപാർട്ട്മെന്റിനുള്ളിൻ വോട്ടർ മാത്രം പ്രവേശിച്ചു സ്വയം വോട്ട് ചെയ്യണം. ഇത്തരം വോട്ടർമാരുടെ വിവരങ്ങൾ ഫോം 14 എയിൽ രേഖപ്പെടുത്തേണ്ടതില്ല.