paul-kokkat

മാള: പോൾ കോക്കാട്ട് എന്ന വിപ്ലവ പടനായകന്റെ ഓർമ്മയുടെ ആഴങ്ങളിൽ ഇന്നും തെളിയുന്നുണ്ട് ലീഡറോട് ഏറ്റുമുട്ടിയ അനുഭവങ്ങളും അടിയന്തരാവസ്ഥയിലെ പീഡനങ്ങളും. ലീഡർ കെ. കരുണാകരനുമായി രണ്ട് തവണ മത്സരിച്ച് പരാജയം രുചിച്ചെങ്കിലും പോൾ കോക്കാട്ടിന്റെ (84) മനസിൽ ആ സ്‌നേഹ ബന്ധത്തിന്റെ ഓർമ്മകൾ നിരവധി.

പോൾ കോക്കാട്ടെന്ന വിപ്ലവകാരിയെ തിരിച്ചറിയണമെങ്കിൽ അടിയന്തരാവസ്ഥയിലെ ഈ പടനായകനെ കുറിച്ച് ആദ്യം പറയണം. വിവാഹം കഴിഞ്ഞ് അധിക നാൾ കഴിയും മുമ്പാണ് പോൾ കോക്കാട്ടിനെ മിസ, ഡി.ഐ.ആർ നിയമപ്രകാരം അറസ്റ്റ് ചെയ്യുന്നത്. 1969 ൽ വരെ സംഘടനാ കോൺഗ്രസിന്റെ ഭാഗമായിരുന്ന പോൾ കോക്കാട്ട് 1970 ലാണ് സി.പി.എമ്മിൽ ചേർന്നത്. കല്ലേറ്റുംകര ബി.വി.എം ഹൈസ്‌കൂളിൽ രസതന്ത്ര വിഭാഗം അദ്ധ്യാപകനായിരുന്ന പോളിന് കമ്മ്യൂണിസ്റ്റുകാരനായതോടെ, മറ്റൊരു പറമ്പിലെ ചെറിയ വീട്ടിലേക്ക് താമസം മാറ്റി. ഇരിങ്ങാലക്കുടയിൽ ഭരണകൂടത്തിനെതിരെ പ്രകടനം കഴിഞ്ഞ് സൈക്കിളിൽ വീട്ടിലേക്കെത്തി രാത്രി ഉറങ്ങുന്നതിനിടയിലാണ് പുലർച്ചെ രണ്ടോടെ വീട് വളഞ്ഞ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഒന്നര വയസുള്ള കുട്ടിയേയും ഭാര്യയേയും തനിച്ചാക്കി പോയ പോൾ, 28 മാസത്തെ ജയിൽ ജീവിതത്തിനിടയിൽ നിരവധി നേതാക്കളെ പരിചയപ്പെട്ടു. ഇ.എം.എസ്, എ.കെ.ജി, സുശീലാ ഗോപാലൻ, എം.എം ലോറൻസ്, എ.പി കുര്യൻ, എ.പി വർക്കി, ഒ. രാജഗോപാൽ, ആർ. ബാലകൃഷ്ണപിള്ള തുടങ്ങിയവരായിരുന്നു സഹതടവുകാർ. മോചിതനായെത്തിയ പോൾ കോക്കാട്ട് 1977 ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മാളയിൽ ലീഡർക്കെതിരെ എണ്ണായിരത്തിലധികം വോട്ടിന് പരാജയപ്പെട്ടിരുന്നു.

1980 ൽ മൂവായിരത്തിൽപരം വോട്ടിനായിരുന്നു പരാജയം. 1982 ൽ മാള സീറ്റ് സി.പി.ഐക്ക് നൽകുകയും ഇരിങ്ങാലക്കുട സീറ്റിൽ ലോനപ്പൻ നമ്പാടൻ മത്സരിക്കുകയും ചെയ്തതോടെ പോൾ കോക്കാട്ട് കളത്തിന് പുറത്തായി. ആളൂർ പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്നപ്പോൾ ലീഡറെ കാണാൻ ക്ലിഫ് ഹൗസിൽ പോയി മടങ്ങുമ്പോൾ, ഒന്നാം നമ്പർ കാറിൽ റെയിൽവേ സ്റ്റേഷനിൽ കൊണ്ടുവിട്ട ആ ഓർമ്മ പോൾ കോക്കാട്ട് ഇന്നും ഓർക്കുന്നു.

കമ്മ്യൂണിസ്റ്റുകാരനായതിനാൽ വീട്ടിൽ നിന്ന് ഏറെ ശാസന നേരിടേണ്ടി വന്നു. പൊലീസ് അറസ്റ്റ് ചെയ്തുകൊണ്ടുപോയ ആ പാതിരാത്രിയും ജയിലിലെ പീഡന അനുഭവങ്ങളും നേതാക്കളുമായുള്ള ബന്ധങ്ങളും മറക്കാനാവില്ല.

പോൾ കോക്കാട്ട്‌