
തൃശൂർ: നാട്ടിക മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി സി.സി.മുകുന്ദൻ നിര്യാതനായെന്ന് ജന്മഭൂമി പത്രത്തിന്റെ ചരമകോളത്തിൽ ചിത്രം സഹിതം പ്രസിദ്ധീകരിച്ച വാർത്തയ്ക്കെതിരെ സി.പി.ഐ. ഇതു മനുഷ്യത്വവിരുദ്ധവും അപമാനകരവുമാണെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ വത്സരാജ് പത്രസമ്മേളനത്തിൽ പറഞ്ഞു.
പട്ടികജാതി വിഭാഗത്തിൽ നിന്ന് ഒരു നേതാവ് തിരഞ്ഞെടുക്കപ്പെടുന്നതിലുള്ള അസഹിഷ്ണുതയുടെ ഭാഗമായാണ് ഇത്തരത്തിൽ വ്യാജവാർത്തകൾ സൃഷ്ടിക്കുന്നത്. വ്യാജവാർത്ത ചമച്ച പത്രത്തിനെതിരെ നിയമനടപടി സ്വീകരിക്കും. ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ കരുത്തുറ്റ നേതാവാണ് മുകുന്ദൻ.മുകുന്ദന്റെ ബയോഡേറ്റ ചരമകോളത്തിൽ പ്രസിദ്ധീകരിച്ചത് പാർട്ടിയെ മാത്രമല്ല, നാട്ടിക നിയോജക മണ്ഡലത്തിലെ ജനങ്ങളെയാകെ അപമാനിച്ചതിന് തുല്യമാണ്.
പൊലീസ്, മനുഷ്യാവകാശ കമ്മിഷൻ, പട്ടികജാതി പട്ടികവർഗ്ഗ കമ്മിഷൻ, കേരള പത്ര പ്രവർത്തക യൂണിയൻ, പ്രസ് കൗൺസിൽ ഒഫ് ഇന്ത്യ, ജില്ലാ വരണാധികാരി കൂടിയായ കളക്ടർ തുടങ്ങിയവർക്ക് പരാതി നൽകും. മന്ത്രി വി.എസ് സുനിൽ കുമാർ, അഡ്വ. ടി.ആർ രമേഷ് കുമാർ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.