election

തൃശൂർ: സ്ഥാനാർത്ഥികളെ ആദ്യം രംഗത്തിറക്കിയുള്ള പ്രചാരണത്തിലെ ഇടതുമുന്നേറ്റത്തെ വെല്ലാൻ നടൻ സുരേഷ് ഗോപിയും മുൻ ഡി.ജി.പി. ജേക്കബ് തോമസും അടക്കമുള്ള പ്രമുഖരുമായി എൻ.ഡി.എ രംഗത്തിറക്കിയപ്പോൾ, തൊട്ടുപിന്നാലെ പുതുമുഖങ്ങളുമായി യു.ഡി.എഫും കളം പിടിച്ചു. വോട്ടെടുപ്പിന് അവശേഷിക്കുന്ന 23 ദിവസങ്ങളിൽ ഇനി പോരാട്ടവഴികളിൽ തീപാറും.

നാമനിർദ്ദേശ പത്രികാ സമർപ്പണത്തിന് ഇനി നാല് ദിവസം മാത്രമാണ് ബാക്കിയുള്ളത്. ഇന്ന് മുതൽ സ്ഥാനാർത്ഥികൾ പത്രികകൾ സമർപ്പിക്കും.

ഇടതുമുന്നണിയിൽ ഉയർന്ന മുറുമുറുപ്പുകൾ കുറഞ്ഞപ്പോൾ, കോൺഗ്രസിലെ പൊട്ടലും ചീറ്റലും തുടരുകയാണ്. പല യുവ, പുതുമുഖ സ്ഥാനാർത്ഥികൾക്കും സ്ഥാനാർത്ഥി വേഷം ഊരിമാറ്റേണ്ട നിലയായി. സ്ഥാനാർത്ഥിയായി സ്വയം തീരുമാനിച്ചയുടൻ പലരും പിരിവ് തുടങ്ങിയിരുന്നു.

നാട്ടിക മണ്ഡലത്തിൽ പോസ്റ്റർ അടിച്ച് പുറത്തിറക്കിയ ആൾ ലിസ്റ്റിലുമില്ല. സ്വന്തം മണ്ഡലങ്ങളിൽ മത്സരിക്കാനാകാത്ത ചിലർ വാടകവീടിന് ശ്രമം നടത്തിയിരുന്നു. ബി.ജെ.പിയിലും രഹസ്യമായി അസ്വാരസ്യങ്ങൾ ഉയർന്നിട്ടുണ്ട്. ജില്ലാ പ്രസിഡൻ്റിൻ്റെ നോമിനിയായ അഡ്വ. കെ.ആർ ഹരിയെ ഒഴിവാക്കിയാണ് സംസ്ഥാന വക്താവ് അഡ്വ.ബി. ഗോപാലകൃഷ്ണനെ ഒല്ലൂരിലേക്ക് കൊണ്ടുവന്നത്. ഗോപാലകൃഷ്ണൻ, ഹരിപ്പാട് മത്സരിക്കുമെന്നായിരുന്നു പറഞ്ഞുകേട്ടിരുന്നത്. ഇവിടെ നാഗേഷ് പക്ഷം, സുരേന്ദ്രൻ ഐനിക്കുന്നത്തിൻ്റെ പേരാണ് നിർദ്ദേശിച്ചിരുന്നത്. നാട്ടികയിൽ സ്ഥാനാർത്ഥി പ്രഖ്യാപനം വൈകിയതിലുളള ക്ഷീണം എൽ.ഡി.എഫ് ക്യാമ്പിൽ തുടക്കത്തിലുണ്ടായിരുന്നെങ്കിലും മറ്റ് രണ്ട് മുന്നണികളും രംഗത്തിറങ്ങിയതോടെ പൊട്ടലും ചീറ്റലും ഉണ്ടാവരുതെന്ന കർശനനിർദ്ദേശം നൽകിയിരിക്കുകയാണ് നേതൃത്വം.

വനിതാപ്രാതിനിധ്യം പേരിന്

പുതുമുഖങ്ങളെ പരിഗണിച്ചുവെന്ന് കോൺഗ്രസ് അവകാശപ്പെടുന്നുണ്ടെങ്കിലും ജില്ലയിലെ വനിതാ സ്ഥാനാർത്ഥി പദ്മജ മാത്രമാണ്. ഡോ. നിജി ജസ്റ്റിനും, സുബി ബാബുവും സ്ഥാനാർത്ഥികളാകുമെന്ന് പറഞ്ഞുകേട്ടിരുന്നെങ്കിലും ലിസ്റ്റ് പ്രഖ്യാപിച്ചപ്പോൾ ഇരുവരും പുറത്തായി. ഇടതുമുന്നണിയിൽ, ഇരിങ്ങാലക്കുടയിൽ മത്സരിക്കുന്ന ആർ. ബിന്ദു മാത്രമാണുള്ളത്. ബി.ജെ.പിയുടെ വനിതാ സ്ഥാനാർത്ഥിയായി രംഗത്തുള്ളത്, ഗുരുവായൂരിൽ നിവേദിതാ സുബ്രഹ്മണ്യൻ മാത്രം.

നോട്ടീസ് പ്രചാരണത്തിലേക്ക്


സാമൂഹിക മാദ്ധ്യമങ്ങളിലൂടെ കിട്ടുന്നതിനേക്കാൾ ഗൗരവമായ വായന ലഘുലേഖകൾക്കുണ്ടാവും എന്ന കണക്കുകൂട്ടലുമായി കടലാസിലെ പ്രചാരണത്തിലേക്ക് മാറാനൊരുങ്ങുകയാണ് മുന്നണികൾ. സ്മാർട്ട് ഫോൺ ഇല്ലാത്തവരുടെ മനസിൽ തങ്ങി നിൽക്കാൻ അച്ചടിച്ച കടലാസിന് കഴിയുമെന്നും നേതാക്കൾ കരുതുന്നു. എന്നാൽ, കടലാസിനുള്ള ക്ഷാമവും മുന്നണികളെ അലട്ടുന്നുണ്ട്. ആർട്ട് പേപ്പറുകൾക്കാണ് കൂടുതൽ ക്ഷാമം. കടലാസ് ഇറക്കുമതി കുറഞ്ഞിട്ടു മാസങ്ങളായി. ക്ഷാമം തിരിച്ചറിഞ്ഞ് പേപ്പറുകൾ വാങ്ങിക്കൂട്ടിയവർ അമിതവിലയാണ് ഈടാക്കുന്നത്.