
തൃശൂർ : മത്സരവീര്യം മുറുക്കി പ്രമുഖരെ കളത്തിലിറക്കി എൻ.ഡി.എ. തൃശൂരിൽ നടൻ സുരേഷ് ഗോപി, ഇരിങ്ങാലക്കുടയിൽ ജേക്കബ് തോമസ്, സംസ്ഥാന നേതാക്കളായ എ. നാഗേഷ്, ബി. ഗോപാലകൃഷ്ണൻ, സന്തോഷ് ചെറാക്കുളം തുടങ്ങി പ്രശസ്തരെ ഇറക്കിയാണ് പോരാട്ടം ശക്തമാക്കാൻ എൻ.ഡി.എ തീരുമാനിച്ചത്.
ജില്ലാ - സംസ്ഥാന നേതൃത്വം നൽകിയ ലിസ്റ്റിൽ മാറ്റം വരുത്തിയാണ് കേന്ദ്ര നേതൃത്വം പ്രഖ്യാപനം നടത്തിയത്. തൃശൂരിൽ ഏറെ ചർച്ചകൾക്ക് ശേഷമാണ് സുരേഷ് ഗോപിയുടെ സ്ഥാനാർത്ഥിത്വം ഉറപ്പിച്ചത്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തൃശൂർ പാർലമെന്റ് മണ്ഡലത്തിൽ മത്സരിച്ച സുരേഷ് ഗോപി തൃശൂർ നിയമസഭാ മണ്ഡലത്തിൽ എൽ.ഡി.എഫിനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി രണ്ടാം സ്ഥാനത്തെത്തിയിരുന്നു.
40,000 ഓളം വോട്ടുകളാണ് അന്ന് സുരേഷ് ഗോപി നേടിയത്. ഇത് പാർട്ടിക്ക് ഏറെ ഗുണം ചെയ്യുമെന്നും ത്രികോണ മത്സരത്തിലൂടെ സീറ്റ് പിടിച്ചെടുക്കാമെന്നും പാർട്ടി കണക്ക് കൂട്ടുന്നു.
കഴിഞ്ഞ തവണ മികച്ച പ്രകടനം കാഴ്ച്ച വച്ച ബി.ജെ.പി സംസ്ഥാന സെക്രട്ടറി എ. നാഗേഷ് ഇത്തവണയും അവിടെ ജനവിധി തേടുമ്പോൾ ശക്തമായ ത്രികോണ മത്സരത്തിനാണ് കളമൊരുങ്ങുക. കുന്നംകുളത്ത് ഇത്തവണയും ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ. കെ.കെ അനീഷ് കുമാർ തന്നെയാണ് പോരിന് ഇറങ്ങുന്നത്. അനീഷിന്റെ തട്ടകം കൂടിയായ കുന്നംകുളത്ത് അനീഷിന്റെ വ്യക്തിബന്ധങ്ങളും തുണയാകും. കഴിഞ്ഞ തവണ എൻ.ഡി.എയ്ക്ക് ഏറ്റവും കൂടുതൽ വോട്ട് ലഭിച്ച മണലൂരിൽ ഇത്തവണയും സംസ്ഥാന വൈസ് പ്രസിഡന്റ് എ.എൻ രാധകൃഷ്ണനെയാണ് അങ്കത്തട്ടിൽ ഇറക്കിയിട്ടുള്ളത്.
നാട്ടിക ബി.ഡി.ജെ.എസിൽ നിന്ന് ഇത്തവണ ബി.ജെ.പിയേറ്റെടുത്തു. ഇവിടെ കെ.പി.എം.എസ് നേതാവ് ലോചനൻ അമ്പാട്ടിനെയാണ് മത്സരിപ്പിക്കുന്നത്. ഇരിങ്ങാലക്കുടയിൽ കഴിഞ്ഞ വർഷം ബി.ജെ.പിക്കായി തിളക്കമാർന്ന പ്രകടനം കാഴ്ച്ചവച്ച സന്തോഷ് ചെറാക്കുളത്തെ ബി.ജെ.പി, നിലവിൽ ഏറെ സ്വാധീനമുള്ള കൊടുങ്ങല്ലൂരിലാണ് മത്സരിപ്പിക്കുന്നത്. കൊടുങ്ങല്ലൂർ മുനിസിപ്പിലാറ്റിയിൽ പ്രതിപക്ഷത്തുള്ള ബി.ജെ.പിക്ക് സന്തോഷിന്റെ വരവ് ആത്മവിശ്വാസം പകരും.
സംസ്ഥാനതലത്തിൽ ശ്രദ്ധേയമായ പോരാട്ടത്തിന് ജേക്കബ് തോമസിലൂടെ വേദി ഒരുക്കുകയാണ് ബി.ജെ.പി ഇരിങ്ങാലക്കുടയിൽ. പ്രഖ്യാപനത്തിന് മുമ്പ് തന്നെ പ്രചാരണ രംഗത്ത് സജീവമായിരുന്നു. കഴിഞ്ഞ തവണ തൃശൂരിൽ മത്സരിച്ച അഡ്വ. ബി. ഗോപാലകൃഷ്ണനെ ഒല്ലൂരിലാണ് മത്സരിപ്പിക്കുന്നത്. ബി.ജെ.പി സംസ്ഥാന വക്താവ് കൂടിയായ ഗോപാലകൃഷ്ണനെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് എതിരെ മത്സരിപ്പിക്കാനാണ് തീരുമാനിച്ചിരുന്നതെങ്കിലും കേന്ദ്ര നേതൃത്വം ഒല്ലൂരിലേക്ക് മാറ്റുകയായിരുന്നു.
വടക്കാഞ്ചേരിയിൽ ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറിയും കഴിഞ്ഞ തവണ ഇവിടെ മത്സരിച്ച അഡ്വ. ടി.എസ് ഉല്ലാസ് ബാബു തന്നെയാണ് ഇക്കുറിയും അങ്കം കുറിക്കുന്നത്. പട്ടികജാതി മോർച്ച സംസ്ഥാന പ്രസിഡന്റായ ഷാജുമോൻ വട്ടേക്കാടിനെയാണ് ഇക്കുറിയും മത്സരിപ്പിക്കുന്നത്. കഴിഞ്ഞ തവണയും ഷാജുമോൻ തന്നെയായിരുന്നു ഇവിടെ സ്ഥാനാർത്ഥി. നേരത്തെ ചേലക്കര ഉൾപ്പെടുന്ന ലോക്‌സഭാ മണ്ഡലത്തിൽ മത്സരിച്ചിട്ടുള്ള ഷാജുമോന് മണ്ഡലം ഏറെ പരിചിതമാണ്. ഗുരുവായൂരിൽ മഹിളാ മോർച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. നിവേദിതയാണ് ഇത്തവണയും മത്സരിക്കുക.