മാള: ആങ്ങള ചത്താലും കുഴപ്പമില്ല, നാത്തൂന്റെ കണ്ണീര് കണ്ടാൽ മതി എന്ന മാനസികാവസ്ഥയിലായിരുന്നു കൊടുങ്ങല്ലൂരിലെ ചില കോൺഗ്രസ് നേതാക്കൾ. തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫോ, എൻ.ഡി.എയോ ആര് ജയിച്ചാലും കുഴപ്പമില്ല പാർട്ടിയിലെ എതിരാളിക്ക് സീറ്റ് കൊടുക്കാതിരുന്നാൽ മതിയെന്ന നിലപാടാണ് ചില നേതാക്കൾക്കുണ്ടായിരുന്നത്. ശത്രുവിന്റെ ശത്രു മിത്രം എന്ന നിലയിൽ എതിർ ഗ്രൂപ്പുകാർക്ക് സീറ്റ് കൊടുത്താലും പ്രശ്നമില്ല ഒപ്പം സാദ്ധ്യതാ ലിസ്റ്റിൽ ഉണ്ടായിരുന്നയാളോട് പൊറുക്കാൻ കഴിയാത്ത മാനസികാവസ്ഥ. സാധാരണ പാർട്ടി പ്രവർത്തകർ ഇതൊക്കെ എങ്ങനെ പൊറുക്കുമെന്ന് കണ്ടറിയണം.
തോറ്റാലും അടി കിട്ടിയാലും പഠിക്കാത്ത കോൺഗ്രസുകാർ ഗ്രൂപ്പ് വിട്ടൊരു കളിക്കും തയ്യാറല്ല. കൊടുങ്ങല്ലൂരിൽ എ ഗ്രൂപ്പിലെ ചില നേതാക്കൾ ഐ ഗ്രൂപ്പ് നേതാവിന് വേണ്ടിയും ഐ ഗ്രൂപ്പുകാർ ശത്രുവായ ഐക്കാരനെ തുരത്താൻ സീറ്റ് എ ഗ്രൂപ്പുകാർക്ക് കൊടുക്കാനുമായി ഹൈക്കമാൻഡിന്റെ വാതിക്കൽ ദിവസങ്ങളോളം പായയിട്ട് കിടപ്പായിരുന്നു. എ ഗ്രൂപ്പ് ഉൾപ്പെടെ ആറ് മണ്ഡലം പ്രസിഡന്റുമാർ സി.എസ് ശ്രീനിവാസനെ സ്ഥാനാർത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കമാൻഡിന് കത്തയച്ചു.
ഇതോടെ സീറ്റ് ഉറപ്പാകുമെന്ന ഘട്ടത്തിൽ ശക്തരായ മറുവിഭാഗം എ വിഭാഗത്തിന്റെ സീറ്റാണെന്ന നിലപാട് സ്വീകരിച്ചുവെന്നാണ് അറിയുന്നത്. ഈ നീക്കത്തിന് ഉമ്മൻചാണ്ടി അനുകൂല നിലപാട് സ്വീകരിച്ചതോടെയാണ് എം.പി ജാക്സൺ സ്ഥാനാർത്ഥിയായതെന്നാണ് സൂചന. ഉമ്മൻചാണ്ടിയുടെ വിശ്വസ്തനാണ് എം.പി ജാക്സൺ. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ അടിയും തടയും പയറ്റും ഗ്രൂപ്പിനുള്ളിലെ ഗ്രൂപ്പായി മാറിയിരിക്കുകയാണ്.
നിയോജക മണ്ഡലം കൺവെൻഷൻ പൂർത്തിയാക്കി പഞ്ചായത്ത് തലത്തിലെത്തി നിൽക്കുകയാണ് എൽ.ഡി.എഫ് പ്രചാരണം. എൽ.ഡി.എഫ് സ്ഥാനാർത്ഥിയായ നിലവിലെ എം.എൽ.എ അഡ്വ. വി.ആർ സുനിൽകുമാർ മണ്ഡലത്തിൽ ഏറെ പരിചിതനാണ്. യു.ഡി.എഫ്, എൻ.ഡി.എ സ്ഥാനാർത്ഥികളായ എം.പി ജാക്സണും സന്തോഷ് ചെറാക്കുളവും ഇരിങ്ങാലക്കുടക്കാരാണ്. മൂന്ന് മുന്നണി സ്ഥാനാർത്ഥികളും കളത്തിലിറങ്ങിയതോടെ കൊടുങ്ങല്ലൂരിലെ അങ്കത്തിന് വിസിൽ മുഴങ്ങിക്കഴിഞ്ഞു. ഇനിയുള്ള ദിവസങ്ങൾ പ്രചാരണത്തിന്റെ വെട്ടും തടയും പതിനെട്ടടവും പയറ്റുന്ന കാഴ്ചയുടെ പൂരമായിരിക്കും.