കൊടുങ്ങല്ലൂർ: കൊടുങ്ങല്ലർ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ ഭരണി മഹോത്സവത്തോട് അനുബന്ധിച്ച് ദേവിക്ക് നിവേദിക്കുന്ന വരിനെല്ല് ക്ഷേത്രത്തിലെത്തി. ഭരണി നാളിൽ ദേവിക്ക് നിവേദിക്കുന്ന വരിനെല്ല് കൊരണിയൂർ സ്വദേശി കീഴാപാട് തറവാട്ടിലെ ഗോപിനാഥൻ നായരാണ് സമർപ്പിച്ചത്.

അഞ്ച് തിരിയിട്ട് കത്തിച്ച നെയ് വിളക്കിന് സമീപം പട്ടു വിരിച്ച് തൂശനിലയിട്ടാണ് വരിനെല്ല് ദേവിക്ക് മുമ്പിൽ സമർപ്പിച്ചത്. പ്രസിദ്ധമായ തൃച്ചന്ദനച്ചാർത്തോടു കൂടിയ ഔഷധസേവയ്ക്ക് ശേഷം ദേവിക്ക് ആദ്യമായി നിവേദിക്കുന്നതും കഴിക്കുന്ന നിവേദ്യവുമാണ് വരിയരി പായസം.

ക്ഷേത്രം അടിച്ചുതളി കുറ്റിയിൽ ലളിതകുമാരിയാണ് വരിനെല്ല് കുത്തി അരിയാക്കുന്നത്. തിരുവഞ്ചിക്കുളം അസി. കമ്മിഷണർ കെ. സുനിൽ കുമാർ, അസി. കമ്മിഷണർ ( ഭണ്ഡാരം) എം.ജി ജഗദീഷ്, ദേവസ്വം മാനേജർ എം.കെ. മിനി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.