candidates

ചേലക്കര: മത്സരചിത്രം തെളിഞ്ഞപ്പോൾ ചേലക്കരയിൽ കരുത്തൻമാരുടെ പോരാട്ടം. യു.ഡി.എഫ് സ്ഥാനാർത്ഥിയായി സി.സി. ശ്രീകുമാറിനെയും എൻ.ഡി.എ സ്ഥാനാർത്ഥിയായി ഷാജുമോൻ വട്ടേക്കാടിനെയും കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചതോടെ വാശിയേറിയ പോരാട്ടത്തിന് ചേലക്കരയിൽ അരങ്ങൊരുങ്ങി.

കെ. രാധാകൃഷ്ണനെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി നേരത്തേ പ്രഖ്യാപിച്ചിരുന്നു. അദ്ദേഹം ഒരു റൗണ്ട് മണ്ഡലപര്യടനവും നടത്തിക്കഴിഞ്ഞു. യു.ഡി.എഫിന്റെ കോട്ടയായിരുന്ന ചേലക്കര 1996ൽ കെ. രാധാകൃഷ്ണൻ പിടിച്ചെടുക്കുകയും തുടർച്ചയായി നാലു തവണ പ്രതിനിധീകരിച്ച് കഴിഞ്ഞ തവണ യു.ആർ. പ്രദീപിലൂടെ നിലനിറുത്തി അഞ്ചാം അങ്കത്തിനാണ് കെ. രാധാകൃഷ്ണൻ ഇറങ്ങുന്നത്.

എന്നാൽ നഷ്ടപ്പെട്ട മണ്ഡലം തിരിച്ചുപിടിക്കാൻ ഏറ്റവും യോഗ്യനായ സ്ഥാനാർത്ഥിയാണ് സി.സി ശ്രീകുമാറെന്ന വിലയിരുത്തലാണ് യു.ഡി.എഫിനുള്ളത്. ഇത്തവണ ചേലക്കര തിരിച്ചുപിടിക്കുമെന്ന വാശിയിലാണ് പ്രവർത്തകരും. രണ്ടു തവണ ചേലക്കര മണ്ഡലത്തിൽ മത്സരിച്ചിട്ടുള്ള ഷാജുമോൻ വട്ടേക്കാടിനെ നിറുത്തി മണ്ഡലത്തിൽ വിജയക്കൊടി പാറിക്കാമെന്ന പ്രതീക്ഷയാണ് ബി.ജെ.പി. ഇതോടെ വാശിയേറിയ മത്സരച്ചൂടിലേക്ക് ചേലക്കര എത്തുമെന്നുറപ്പായി.

യു.ഡി.എഫ് സ്ഥാനാർത്ഥിയായ സി.സി. ശ്രീകുമാർ കേച്ചേരി ചെമ്പനി വീട്ടിൽ പി.കെ. ചക്കന്റെയും ചിന്നുവിനെയും മകനാണ്. നിലവിൽ കെ.പി.സി.സി സെക്രട്ടറിയാണ്. മുൻ ഡി.സി.പി ജനറൽ സെക്രട്ടറിയും ഭാരതീയ ദളിത് കോൺഗ്രസ് തൃശൂർ ജില്ലാ വൈസ് പ്രസിഡന്റുമാണ്. തൃശൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റുമായിരുന്നു.

എൻ.ഡി.എ സ്ഥാനാർത്ഥി ഷാജുമോൻ വട്ടേക്കാട് കൊടകര പഴം വിളി പരേതരായ പാപ്പു മാസ്റ്ററുടെയും ശാന്തകുമാരിയുടെയും മകനാണ്. പട്ടികജാതി മോർച്ച സംസ്ഥാന പ്രസിഡന്റും ദേശീയ നിർവാഹക സമിതി അംഗവുമാണ്. 2006ലും 2016 ലും ചേലക്കര നിയോജക മണ്ഡലത്തിൽ നിന്നും 2011ൽ വടക്കാഞ്ചേരി മണ്ഡലത്തിൽ നിന്നും മത്സരിച്ചിട്ടുണ്ട്. 2014ൽ ആലത്തൂർ പാർലമെന്റ് മണ്ഡലത്തിലെയും സ്ഥാനാർത്ഥിയായിരുന്നു.