
തൃശൂർ : പഴയ തലമുറയെ പാടെ ഒഴിവാക്കി അപ്രതീക്ഷിത സ്ഥാനാർത്ഥികളുമായി കോൺഗ്രസ്. കഴിഞ്ഞ തവണ മത്സരിച്ചവരിൽ അനിൽ അക്കരയ്ക്കും പദ്മജ വേണുഗോപാലിനും മാത്രമാണ് ഇത്തവണ സീറ്റ് നൽകിയത്.
ബാക്കിയുള്ളവരെല്ലാം തന്നെ ആദ്യമായി മത്സരരംഗത്തുള്ളവരാണ്. ഇന്നലെ ഉച്ചവരെ ഉയർന്ന് വന്നിരുന്ന പല പേരുകളും പ്രഖ്യാപനം വന്നപ്പോൾ മാറിയത് പലരെയും ഞെട്ടിച്ചു. ഒരു അവസരത്തിലും പേര് ഉയർന്ന് വരാതിരുന്ന മണലൂരിൽ കെ.പി.സി.സി ഐ.ടി സെൽ ജില്ലാ ചെയർമാനായ വിജയ് ഹരിയെയാണ് സ്ഥാനാർത്ഥിയാക്കിയത്. ഇവിടെ രാജേന്ദ്രൻ അരങ്ങത്ത്, സുബി ബാബു എന്നിവരെയാണ് പരിഗണിച്ചിരുന്നത്.
കഴിഞ്ഞ തവണ ഒ. അബ്ദുറഹിമാൻ കുട്ടിയായിരുന്നു മത്സരിച്ചത്. ചേലക്കരയിൽ സി.സി ശ്രീകുമാറിനെയാണ് രംഗത്തിറക്കിയത്. മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൂടിയാണ് ശ്രീകുമാർ. കെ.എ തുളസിയായിരുന്നു കഴിഞ്ഞ തവണ മത്സരിച്ചത്. കഴിഞ്ഞ തവണ യു.ഡി.എഫിന്റെ അഭിമാനം സംരക്ഷിച്ച് ജില്ലയിൽ ഒരു സീറ്റ് നേടിക്കൊടുത്ത അനിൽ അക്കരയെ തന്നെയാണ് വടക്കാഞ്ചേരിയിൽ രംഗത്തിറക്കിയിരിക്കുന്നത്. കുന്നംകുളത്ത് പ്രദേശിക നേതാവായ കെ. ജയശങ്കറെ മത്സരിപ്പിച്ച് മണ്ഡലം പിടിച്ചെടുക്കാനുള്ള ശ്രമത്തിലാണ് കോൺഗ്രസ്.
മണ്ഡലത്തിന് ഏറെ സ്വീകാര്യനും മുൻ ജില്ലാ പഞ്ചായത്ത് അംഗം കൂടിയുമാണ് കെ. ജയശങ്കർ. മന്ത്രി എ.സി മൊയ്തീനും കെ.കെ അനീഷ്‌കുമാറുമാണ് എതിരാളികൾ. സി.എം.പിയിലെ സി.പി ജോണായിരുന്നു കഴിഞ്ഞവട്ടം മത്സരിച്ചത്. നാട്ടികയിൽ സ്ഥാനാർത്ഥിത്വം ഉറപ്പിച്ചിരുന്ന എൻ.കെ സുധീറിനെ അവസാന നിമിഷം വെട്ടി കെ.പി.സി.സി സെക്രട്ടറി സുനിൽ ലാലൂരിനെയാണ് പരിഗണിച്ചത്. കഴിഞ്ഞ തവണ മത്സരിച്ച കെ.വി ദാസനെ ഒഴിവാക്കുകയും ചെയ്തു.
ഒല്ലൂരിൽ കെ.പി.സി.സി സെക്രട്ടറി ജോസ് വള്ളൂരിന്റെ പേര് തന്നെയായിരുന്നു ആദ്യ പരിഗണനയിലുണ്ടായിരുന്നത്. കഴിഞ്ഞ തവണ മത്സരിച്ച ഡി.സി.സി പ്രസിഡന്റ് എം.പി വിൻസന്റ് മത്സരിക്കാനില്ലെന്ന് അറിയിച്ചിരുന്നു. പുതുക്കാട് ഡോ. നിജി ജസ്റ്റിൻ, ബാബുരാജ് എന്നിവരെ തഴഞ്ഞാണ് സുനിൽ അന്തിക്കാടിനെ കളത്തിലിറക്കിയത്. കഴിഞ്ഞ തവണ മത്സരിച്ച ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് സുന്ദരൻ കുന്നത്തുള്ളിക്ക് ഇത്തവണ സീറ്റ് നൽകിയില്ല.
കഴിഞ്ഞ തവണ ആർ.എസ്.പി മത്സരിച്ച കയ്പ്പമംഗലം സീറ്റ് ഏറ്റെടുത്ത കോൺഗ്രസ് ഇവിടെ മുൻ ജില്ലാ പഞ്ചായത്ത് അംഗവും കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറിയുമായ ശോഭ സുബിനെയാണ് കളത്തിലിറക്കുന്നത്. കൊടുങ്ങല്ലൂരിൽ സീറ്റ് ഉറപ്പിച്ചിരുന്ന സി.എസ് ശ്രീനിവാസനെ മാറ്റിയാണ് ഇരിങ്ങാലക്കുടയിൽ നിന്ന് എം.പി ജാക്‌സനെ കൊണ്ടുവന്നത്. ജാക്‌സനെ മത്സരിപ്പിക്കണമെന്നാവശ്യപ്പെട്ട് ഇരിങ്ങാലക്കുട മുനിസിപ്പൽ ചെയർപേഴ്‌സൺ സോണിയാ ഗിരി ഉൾപ്പടെയുള്ളവർ രംഗത്തെത്തിയിരുന്നു. കഴിഞ്ഞ തവണ കെ.പി ധനപാലനായിരുന്നു മത്സരിച്ചത്. ചാലക്കുടിയിൽ കെ.പി.സി.സി സെക്രട്ടറി ടി.ജെ സനീഷ് കുമാറാണ് സ്ഥാനാർത്ഥി. ടി.യു രാധാകൃഷ്ണനെ ഇത്തവണ പരിഗണിച്ചില്ല.