
സുരേന്ദ്രന് ലഭിച്ചത് ഭാഗ്യം
തൃശൂർ: ബി.ജെ.പിയിലെ മുതിർന്ന നേതാക്കളായ മറ്റാർക്കും കിട്ടാത്ത ഭാഗ്യമാണ് സംസ്ഥാന പ്രസിഡൻ്റ് കെ. സുരേന്ദ്രന് ലഭിച്ചതെന്ന് ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രൻ. രണ്ട് സീറ്റിലും സുരേന്ദ്രന് ജയിക്കാനാകട്ടെയെന്ന് ആശംസിക്കുന്നു. ഞാൻ മത്സരിക്കണമെന്ന് കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടിരുന്നു. എന്നാൽ പേര് എങ്ങനെ ഒഴിവായി എന്നറിയില്ല. എനിക്ക് മത്സരിക്കണമെന്ന് ഒരു താത്പര്യവുമില്ലായിരുന്നു. ബി.ജെ.പിയുടെ പ്രചാരണത്തിൽ സജീവമായി ഉണ്ടാവും-ശോഭ മാദ്ധ്യമങ്ങളോട് പറഞ്ഞു.
പാർട്ടി തന്നെ ഒതുക്കിയെന്ന തോന്നലില്ല.ആവുന്ന തരത്തിൽ പ്രചാരണരംഗത്ത് പ്രവർത്തിക്കാമെന്ന് നേതൃത്വത്തെ അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസം കേരളത്തിന്റെ ചുമതലയുളള പ്രഭാരിയാണ് കഴക്കൂട്ടത്ത് മത്സരിക്കണമെന്ന് ആവശ്യപ്പെട്ടത്. ശനിയാഴ്ച രണ്ട് മണിവരെയുളള കാര്യങ്ങളേ അറിയൂ. തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ലെന്നത് തന്നെ ബാധിക്കുന്ന വിഷയമല്ല. വേദനയോടെയാണ് കോൺഗ്രസ് നേതാവ് ലതികാസുഭാഷിന്റെ വാക്കുകൾ കേട്ടത്.
രാഷ്ട്രീയ രംഗത്തെ പുരുഷന്മാർ പുനർവിചിന്തനത്തിന് തയ്യാറാവണമെന്ന സന്ദേശമാണത് നൽകുന്നതെന്നും ശോഭാസുരേന്ദ്രൻ പറഞ്ഞു.