
ചാലക്കുടി: മുൻ പരിയാരം പഞ്ചായത്ത് പ്രസിഡന്റ് കാഞ്ഞിരപ്പിള്ളി വടക്കുംപാടൻ വി.സി മാത്യു മാസ്റ്റർ (84) നിര്യാതനായി. പനമ്പിള്ളി ഗോവിന്ദ മോനോന്റെ അനുയായി രാഷ്ട്രീയത്തിൽ പ്രവേശിച്ച മാത്യു, പരിയാരം പഞ്ചായത്തിന്റെ അമരത്തെത്തിയത് കോൺഗ്രസിലെ അധികാര വടംവലിയുടെ സാക്ഷിപത്രമായിട്ടായിരുന്നു. ഇടതു പക്ഷത്തിന്റെ പിന്തുണയോടെ മൂന്നു വർഷം പ്രസിഡന്റായി പ്രവർത്തിച്ചു. പിന്നീട് ഇടതു സ്ഥാനാർത്ഥി വിജയിച്ച് ഭാര്യ മേഴ്‌സി മാത്യുവും പഞ്ചായത്തിന്റെ അദ്ധ്യക്ഷ സ്ഥാനത്തെത്തി. പഞ്ചായത്തിൽ നിരവധി വികസന പ്രവർത്തനം കൊണ്ടു വന്ന അദ്ദേഹം പിന്നീട് ഇടതു പക്ഷത്തിന്റെ ഉറച്ച സഹയാത്രികനായി. പതിറ്റാണ്ടുകൾ പരിശ്രമിച്ചിട്ടും നടക്കാതെ പോയ കാഞ്ഞിരപ്പിള്ളിയിലെ പോത്തിറച്ചി സംസ്‌കരണ ഫാക്ടറി മാത്യു മാസ്റ്ററുടെ എക്കാലത്തെയും സ്വകാര്യ ദുഃഖമായിരുന്നു. സംസ്‌കാരം ഇന്ന് രാവിലെ 10ന് തൂമ്പോക്കോട് സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. മക്കൾ: ട്രീസ, ബെനിറ്റോ, മനേക. മരുമക്കൾ: ചാക്കോ, ദിവ്യ, രാജു.