തൃശൂർ : സംസ്ഥാനത്ത് ബി.ജെ.പിയുടെ വനിതാ മുഖമായ ശോഭാ സുരേന്ദ്രനില്ലാതെ ഒന്നര പതിറ്റാണ്ടിന് ശേഷം ബി.ജെ.പി തിരഞ്ഞെടുപ്പിനെ നേരിടുന്നു. അഞ്ച് നിയമസഭാ തിരഞ്ഞെടുപ്പുകളിലും രണ്ട് ലോക്‌സഭാ തിരഞ്ഞെടുപ്പുകളിലും മത്സരിച്ച ശോഭ സുരേന്ദ്രൻ മത്സരിച്ച എല്ലായിടത്തും ബി.ജെ.പിയുടെ വോട്ട് ഇരട്ടിയും രണ്ടിരട്ടിയുമാക്കിയാണ് മടങ്ങിയത്.
കെ.പി.സി.സി പ്രസിഡന്റ് സ്ഥാനം രാജിവെച്ച് വൈദ്യുതി മന്ത്രിയാവുകയും അത് നിലനിറുത്തുന്നതിനായി വടക്കാഞ്ചേരി ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുകയും ചെയ്ത കെ.മുരളീധരന്റെ തോൽവിയിൽ നിർണ്ണായകമായത് ശോഭ പിടിച്ച വോട്ടുകളായിരുന്നു. തുടർന്ന് പുതുക്കാട്, എറണാകുളം ഉപതിരഞ്ഞെടുപ്പ്, പൊന്നാനി, പാലക്കാട് എന്നിവിടങ്ങളിലും ശോഭ മത്സരിച്ചു. അവിടെയെല്ലാം ശക്തമായ ത്രികോണ മത്സരം കാഴ്ച വയ്ക്കാനും അവർക്കായി. 2014 ലാണ് ആദ്യമായി ലോക്‌സഭയിലേക്ക് പാലക്കാട് നിന്ന് മത്സരിച്ചത്. അവിടെ 1,36,587 വോട്ടുകൾ കരസ്ഥമാക്കാനായി. പിന്നീട് ആറ്റിങ്ങലിലും പ്രകടനം കൂടുതൽ മെച്ചപ്പെടുത്തി .. പാലക്കാട് 15 ശതമാനം വോട്ടാണ് നേടിയതെങ്കിൽ ആറ്റിങ്ങലിൽ അത് 24 ശതമാനമാക്കി ഉയർത്തി.
എന്നാൽ കെ. സുരേന്ദ്രൻ സംസ്ഥാന പ്രസിഡന്റായതോടെ അകലം പാലിച്ച് നിൽക്കുന്ന ശോഭയോട്
രണ്ട് ദിവസം മുമ്പ് കേന്ദ്ര നേതൃത്വം കഴക്കൂട്ടത്ത് മത്സരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നതായി അറിയുന്നു. എന്നാൽ പിന്നീട് അത് വെട്ടിമാറ്റിയതിന് പിന്നിൽ ചിലരുടെ രാജി ഭീഷണിയാണെന്നാണ് വിവരം. കെ. സുരേന്ദ്രനെ രണ്ട് സ്ഥലത്ത് മത്സരിപ്പിക്കാനുള്ള തീരുമാനത്തെ ശോഭ അഭിനന്ദിച്ചത് ഒളിയമ്പാണെന്നാണ് സൂചന.