പാവറട്ടി: മുല്ലശ്ശേരി ബ്ലോക്ക് കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിന് നേട്ടങ്ങൾ നൽകി ജനകീയ ഡോക്ടർ കെ.ടി. സുജ പടിയിറങ്ങുന്നു.1999ൽ അസിസ്റ്റന്റ് സർജൻ തസ്തികയിൽ ആരോഗ്യ വകുപ്പിൽ ജോലിയിൽ പ്രവേശിച്ച സുജ 2001ലാണ് മുല്ലശ്ശേരി സി.എച്ച്.സിയിൽ ഡോക്ടറായി എത്തുന്നത്. 2015 മുതൽ ആശുപത്രിയുടെ സൂപ്രണ്ടായി.
സൂപ്രണ്ട് ആയതു മുതൽ ആശുപത്രിയുടെ ക്ഷേമകാര്യങ്ങളിൽ അതീവ താത്പര്യം കാണിച്ചതിന്റെ അടിസ്ഥാനത്തിൽ ശിശു സൗഹൃദ വാർഡ്, കുട്ടികളുടെ പാർക്ക്, ഡിജിറ്റൽ എക്‌സറേ, ആധുനിക സൗകര്യങ്ങളോടെയുള്ള ലബോറട്ടറി, എയർ കണ്ടിഷൻ ചെയ്ത ഫാർമസി, പ്രതിരോധ കുത്തിവയ്പ് മുറി, ഡിജിറ്റൽ ടോക്കൺ സിസ്റ്റം, ജനറേറ്റർ സംവിധാനം, മാലിന്യ സംസ്‌കാരണം ഇങ്ങനെ നിരവധി വികസന പ്രവർത്തനങ്ങൾ കൊണ്ടുവരാനായി.
ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള ഹോസ്പിറ്റലിനെ എം.എൽ.എ. ഫണ്ടുകൾ ഉപയോഗിച്ചും ബ്ലോക്ക് പഞ്ചായത്ത് ഫണ്ടുകൾ ഉപയോഗിച്ചും രോഗീ പരിചരണ പ്രവർത്തനങ്ങൾ നടത്താൻ ഡോ. സുജയുടെ നേതൃത്വത്തിനു കഴിഞ്ഞു. 2017,18 ജില്ലയിലെ കായകല്പ അവാർഡ് (മൂന്നാം സ്ഥാനം), 2019,2020 ലെ കായകല്പ അവാർഡ് ജില്ലയിൽ ഒന്നാം സ്ഥാനം, 2019 ലും 2020 ലും സംസ്ഥാന അവാർഡ് എന്നിവ നേടി കൊടുക്കുവാൻ കഴിഞ്ഞത് കർമ്മോത്സുകമായ പ്രവർത്തനങ്ങളുടെ മികവാണ്.
ദേശീയ ഗുണനിലവാര പട്ടികയിൽ ഇടം പിടിക്കുന്നതിനായുള്ള പ്രവർത്തനങ്ങൾ മുല്ലശ്ശേരി സി.എച്ച്.സി പുരോഗമിക്കുകയാണ്. 20 വർഷമായി മുല്ലശ്ശേരിക്കാർക്ക് പ്രിയങ്കരിയായ ഡോക്ടർ സുജ അന്തിക്കാട് സി.എച്ച്.സിയിലേക്കാണ് സ്ഥലം മാറിപ്പോകുന്നത്.