
നടൻ സുരേഷ് ഗോപിയും മുൻ ഡി.ജി.പി. ജേക്കബ് തോമസും അടങ്ങുന്ന മിന്നുംതാരങ്ങളുമായി എൻ.ഡി.എ. തല നരച്ചവരുടെ നിരയെ ഒഴിവാക്കി ഇടതും വലതും. ചുരുക്കത്തിൽ താരങ്ങളുടേയും പുതുമുഖങ്ങളുടേയും നേർക്കുനേരെയുളള പോരാട്ടം പൊടിപാറുന്നു തൃശൂരിൽ. വോട്ടെടുപ്പിന് അവശേഷിക്കുന്ന 22 ദിവസങ്ങളിൽ ഇനി അങ്കത്തട്ടിൽ പൊടിപൂരം.
നാമനിർദ്ദേശ പത്രികാ സമർപ്പണത്തിന് മൂന്ന് ദിവസം മാത്രമാണ് ബാക്കി. തൃശൂരിൽ പത്മജ വേണുഗോപാൽ അടക്കമുളള സ്ഥാനാർത്ഥികൾ പത്രികകൾ സമർപ്പിച്ചു. ഇടതുമുന്നണിയിൽ ഉയർന്ന മുറുമുറുപ്പുകൾ കുറഞ്ഞപ്പോൾ, കോൺഗ്രസിലെ പൊട്ടലും ചീറ്റലും അവസാനിച്ചിട്ടില്ല. പല യുവ, പുതുമുഖ സ്ഥാനാർത്ഥികൾക്കും സ്ഥാനാർത്ഥി വേഷം ഊരിമാറ്റേണ്ടിവന്നു. നിയുക്തസ്ഥാനാർത്ഥിയെന്ന് സ്വയം തീരുമാനിച്ച് പലരും പിരിവ് തുടങ്ങിയിരുന്നു. നാട്ടിക മണ്ഡലത്തിൽ പോസ്റ്റർ അടിച്ചയാളുമുണ്ട്. എന്നാൽ സ്ഥാനാർത്ഥിയായത് മറ്റൊരാൾ. സ്വന്തം മണ്ഡലങ്ങളിൽ മത്സരിക്കാനാകാത്ത ചിലർ വാടകവീട് എടുക്കാൻ നടക്കുന്ന കാഴ്ചയുമുണ്ടായിരുന്നു. ബി.ജെ.പിയിലുമുണ്ടായിരുന്നു അസ്വാരസ്യങ്ങൾ. ജില്ലാ പ്രസിഡന്റിന്റെ നോമിനിയായ അഡ്വ. കെ.ആർ ഹരിയെ ഒഴിവാക്കിയാണ് സംസ്ഥാന വക്താവ് അഡ്വ.ബി. ഗോപാലകൃഷ്ണനെ ഒല്ലൂരിലേക്ക് കൊണ്ടുവന്നത്. ഗോപാലകൃഷ്ണൻ, ഹരിപ്പാട് മത്സരിക്കുമെന്നായിരുന്നു പറഞ്ഞുകേട്ടിരുന്നത്. നാട്ടികയിൽ സ്ഥാനാർത്ഥി പ്രഖ്യാപനം വൈകിയതിലുളള ക്ഷീണം എൽ.ഡി.എഫ് ക്യാമ്പിൽ തുടക്കത്തിലുണ്ടായിരുന്നെങ്കിലും മറ്റ് രണ്ട് മുന്നണികളും രംഗത്തിറങ്ങിയതോടെ ആരും മിണ്ടരുതെന്ന് കർശനനിർദ്ദേശം നൽകിയിരിക്കുകയാണ് നേതൃത്വം.
തലമുറമാറ്റം
കോൺഗ്രസിൽ, കഴിഞ്ഞ തവണ മത്സരിച്ചവരിൽ അനിൽ അക്കരയ്ക്കും പദ്മജ വേണുഗോപാലിനും മാത്രമാണ് ഇത്തവണ സീറ്റ് നൽകിയത്. ബാക്കിയുള്ളവരെല്ലാം തന്നെ ആദ്യമായി മത്സരരംഗത്തുള്ളവരാണ്. ഉയർന്ന് വന്നിരുന്ന പല പേരുകളും പ്രഖ്യാപനം വന്നപ്പോൾ മാറിയത് പലരെയും ഞെട്ടിച്ചു. ഒരു അവസരത്തിലും പേര് ഉയർന്ന് വരാതിരുന്ന മണലൂരിൽ കെ.പി.സി.സി ഐ.ടി സെൽ ജില്ലാ ചെയർമാനായ വിജയ് ഹരിയെയാണ് സ്ഥാനാർത്ഥിയാക്കിയത്. ഇവിടെ രാജേന്ദ്രൻ അരങ്ങത്ത്, സുബി ബാബു എന്നിവരെയാണ് പരിഗണിച്ചിരുന്നത്.
കഴിഞ്ഞ തവണ ഒ. അബ്ദുറഹിമാൻ കുട്ടിയായിരുന്നു മത്സരിച്ചത്. ചേലക്കരയിൽ സി.സി ശ്രീകുമാറിനെയാണ് രംഗത്തിറക്കിയത്. മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൂടിയാണ് ശ്രീകുമാർ. കെ.എ തുളസിയായിരുന്നു കഴിഞ്ഞ തവണ മത്സരിച്ചത്. കഴിഞ്ഞ തവണ യു.ഡി.എഫിന്റെ അഭിമാനം സംരക്ഷിച്ച് ജില്ലയിൽ ഒരു സീറ്റ് നേടിക്കൊടുത്ത അനിൽ അക്കരയെ തന്നെയാണ് വടക്കാഞ്ചേരിയിൽ രംഗത്തിറക്കിയിരിക്കുന്നത്. കുന്നംകുളത്ത് പ്രദേശിക നേതാവായ കെ. ജയശങ്കറെ മത്സരിപ്പിച്ച് മണ്ഡലം പിടിച്ചെടുക്കാനുള്ള ശ്രമത്തിലാണ്.
മണ്ഡലത്തിന് ഏറെ സ്വീകാര്യനും മുൻ ജില്ലാ പഞ്ചായത്ത് അംഗം കൂടിയുമാണ് കെ. ജയശങ്കർ. മന്ത്രി എ.സി മൊയ്തീനും കെ.കെ അനീഷ്കുമാറുമാണ് എതിരാളികൾ. സി.എം.പിയിലെ സി.പി ജോണായിരുന്നു കഴിഞ്ഞവട്ടം മത്സരിച്ചത്. നാട്ടികയിൽ സ്ഥാനാർത്ഥിത്വം ഉറപ്പിച്ചിരുന്ന എൻ.കെ സുധീറിനെ അവസാന നിമിഷം വെട്ടി കെ.പി.സി.സി സെക്രട്ടറി സുനിൽ ലാലൂരിനെയാണ് പരിഗണിച്ചത്. കഴിഞ്ഞ തവണ മത്സരിച്ച കെ.വി ദാസനെ ഒഴിവാക്കുകയും ചെയ്തു.
ഒല്ലൂരിൽ കെ.പി.സി.സി സെക്രട്ടറി ജോസ് വള്ളൂരിന്റെ പേര് തന്നെയായിരുന്നു ആദ്യ പരിഗണനയിലുണ്ടായിരുന്നത്. കഴിഞ്ഞ തവണ മത്സരിച്ച ഡി.സി.സി പ്രസിഡന്റ് എം.പി വിൻസന്റ് മത്സരിക്കാനില്ലെന്ന് അറിയിച്ചിരുന്നു. പുതുക്കാട് ഡോ. നിജി ജസ്റ്റിൻ, ബാബുരാജ് എന്നിവരെ തഴഞ്ഞാണ് സുനിൽ അന്തിക്കാടിനെ കളത്തിലിറക്കിയത്. കഴിഞ്ഞ തവണ മത്സരിച്ച ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് സുന്ദരൻ കുന്നത്തുള്ളിക്ക് ഇത്തവണ സീറ്റ് നൽകിയില്ല. കഴിഞ്ഞ തവണ ആർ.എസ്.പി മത്സരിച്ച കയ്പ്പമംഗലം സീറ്റ് ഏറ്റെടുത്ത കോൺഗ്രസ് ഇവിടെ മുൻ ജില്ലാ പഞ്ചായത്ത് അംഗവും കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറിയുമായ ശോഭ സുബിനെയാണ് കളത്തിലിറക്കുന്നത്. കൊടുങ്ങല്ലൂരിൽ സീറ്റ് ഉറപ്പിച്ചിരുന്ന സി.എസ് ശ്രീനിവാസനെ മാറ്റിയാണ് ഇരിങ്ങാലക്കുടയിൽ നിന്ന് എം.പി ജാക്സനെ കൊണ്ടുവന്നത്. ജാക്സനെ മത്സരിപ്പിക്കണമെന്നാവശ്യപ്പെട്ട് ഇരിങ്ങാലക്കുട മുനിസിപ്പൽ ചെയർപേഴ്സൺ സോണിയാ ഗിരി ഉൾപ്പടെയുള്ളവർ രംഗത്തെത്തിയിരുന്നു. കഴിഞ്ഞ തവണ കെ.പി ധനപാലനായിരുന്നു മത്സരിച്ചത്. ചാലക്കുടിയിൽ കെ.പി.സി.സി സെക്രട്ടറി ടി.ജെ സനീഷ് കുമാറാണ് സ്ഥാനാർത്ഥി. ടി.യു രാധാകൃഷ്ണനെ ഇത്തവണ പരിഗണിച്ചില്ല.
തൃശൂർ എടുക്കുമോ?
ക്ളൈമാക്സിൽ നടൻ സുരേഷ് ഗോപിയുടെ വരവാണ് എൻ.ഡി.എ ക്യാമ്പിനെ ത്രില്ലടിപ്പിച്ചത്. മാത്രമല്ല, ഇരിങ്ങാലക്കുടയിൽ മുൻ ഡി.ജി.പി. ജേക്കബ് തോമസ്, സംസ്ഥാന നേതാക്കളായ എ. നാഗേഷ്, ബി. ഗോപാലകൃഷ്ണൻ, സന്തോഷ് ചെറാക്കുളം തുടങ്ങി പ്രശസ്തരെ ഇറക്കിയാണ് പോരാട്ടം ശക്തമാക്കാൻ എൻ.ഡി.എ തീരുമാനിച്ചത്.
ജില്ലാ - സംസ്ഥാന നേതൃത്വം നൽകിയ ലിസ്റ്റിൽ മാറ്റം വരുത്തിയാണ് കേന്ദ്ര നേതൃത്വം പ്രഖ്യാപനം നടത്തിയത്. തൃശൂരിൽ ഏറെ ചർച്ചകൾക്ക് ശേഷമാണ് സുരേഷ് ഗോപിയുടെ സ്ഥാനാർത്ഥിത്വം ഉറപ്പിച്ചത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃശൂർ പാർലമെന്റ് മണ്ഡലത്തിൽ മത്സരിച്ച സുരേഷ് ഗോപി തൃശൂർ നിയമസഭാ മണ്ഡലത്തിൽ എൽ.ഡി.എഫിനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി രണ്ടാം സ്ഥാനത്തെത്തിയിരുന്നു.
40,000 ഓളം വോട്ടുകളാണ് അന്ന് സുരേഷ് ഗോപി നേടിയത്. ഇത് പാർട്ടിക്ക് ഏറെ ഗുണം ചെയ്യുമെന്നും ത്രികോണ മത്സരത്തിലൂടെ സീറ്റ് പിടിച്ചെടുക്കാമെന്നും പാർട്ടി കണക്ക് കൂട്ടുന്നു.
കഴിഞ്ഞ തവണ മികച്ച പ്രകടനം കാഴ്ചവച്ച ബി.ജെ.പി സംസ്ഥാന സെക്രട്ടറി എ. നാഗേഷ് ഇത്തവണയും അവിടെ ജനവിധി തേടുമ്പോൾ ത്രികോണ മത്സരത്തിനാണ് കളമൊരുങ്ങുമെന്നാണ്. കുന്നംകുളത്ത് ഇത്തവണയും ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ. കെ.കെ അനീഷ് കുമാർ തന്നെയാണ് പോരിന് ഇറങ്ങുന്നത്. സ്വന്തം തട്ടകം കൂടിയായ കുന്നംകുളത്ത് വ്യക്തിബന്ധങ്ങളും അനീഷിന് തുണയാകും. കഴിഞ്ഞ തവണ എൻ.ഡി.എയ്ക്ക് ഏറ്റവും കൂടുതൽ വോട്ട് ലഭിച്ച മണലൂരിൽ ഇത്തവണയും സംസ്ഥാന വൈസ് പ്രസിഡന്റ് എ.എൻ രാധകൃഷ്ണനെയാണ് അങ്കത്തട്ടിൽ ഇറക്കിയിട്ടുള്ളത്.
നാട്ടികയിൽ കെ.പി.എം.എസ് നേതാവ് ലോചനൻ അമ്പാട്ടിനെയാണ് മത്സരിപ്പിക്കുന്നത്. ഇരിങ്ങാലക്കുടയിൽ കഴിഞ്ഞ വർഷം ബി.ജെ.പിക്കായി തിളക്കമാർന്ന പ്രകടനം കാഴ്ചവച്ച സന്തോഷ് ചെറാക്കുളത്തെ ബി.ജെ.പി, നിലവിൽ ഏറെ സ്വാധീനമുള്ള കൊടുങ്ങല്ലൂരിലാണ് മത്സരിപ്പിക്കുന്നത്.
സംസ്ഥാനതലത്തിൽ ശ്രദ്ധേയമായ പോരാട്ടത്തിന് ജേക്കബ് തോമസിലൂടെ വേദി ഒരുക്കുകയാണ് ബി.ജെ.പി ഇരിങ്ങാലക്കുടയിൽ. ബി.ജെ.പി സംസ്ഥാന വക്താവ് കൂടിയായ ബി.ഗോപാലകൃഷ്ണനെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് എതിരെ മത്സരിപ്പിക്കാനാണ് തീരുമാനിച്ചിരുന്നതെങ്കിലും കേന്ദ്ര നേതൃത്വം ഒല്ലൂരിലേക്ക് മാറ്റുകയായിരുന്നു.
വടക്കാഞ്ചേരിയിൽ ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറിയും കഴിഞ്ഞ തവണ ഇവിടെ മത്സരിച്ച അഡ്വ. ടി.എസ് ഉല്ലാസ് ബാബു തന്നെയാണ് ഇക്കുറിയും അങ്കം കുറിക്കുന്നത്. ചേലക്കരയിൽ പട്ടികജാതി മോർച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോൻ വട്ടേക്കാടിനെയാണ് ഇക്കുറിയും മത്സരിപ്പിക്കുന്നത്. ഗുരുവായൂരിൽ മഹിളാ മോർച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. നിവേദിതയാണ് ഇത്തവണയും മത്സരിക്കുന്നത്.
വനിതകൾ മൂന്ന്
പുതുമുഖങ്ങളെ പരിഗണിച്ചെന്ന് കോൺഗ്രസ് അവകാശപ്പെടുന്നുണ്ടെങ്കിലും ജില്ലയിലെ വനിതാ സ്ഥാനാർത്ഥി പദ്മജ മാത്രമാണ്. ഡോ. നിജി ജസ്റ്റിനും, സുബി ബാബുവും സ്ഥാനാർത്ഥികളാകുമെന്ന് പറഞ്ഞുകേട്ടിരുന്നെങ്കിലും ലിസ്റ്റ് പ്രഖ്യാപിച്ചപ്പോൾ ഇരുവരും പുറത്തായി. ഇടതുമുന്നണിയിൽ, ഇരിങ്ങാലക്കുടയിൽ മത്സരിക്കുന്ന ആർ. ബിന്ദു മാത്രമാണുള്ളത്. ബി.ജെ.പിയുടെ വനിതാ സ്ഥാനാർത്ഥിയായി രംഗത്തുള്ളത്, ഗുരുവായൂരിൽ നിവേദിതാ സുബ്രഹ്മണ്യനും.