
തൃശൂർ: വിപുലമായ നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷനുകളുമായി യു.ഡി.എഫ് പ്രചാരണരംഗത്ത് മുന്നേറുമ്പോൾ, കാൽനടയായും വോട്ടർമാരെ നേരിൽക്കണ്ടും സ്ഥാപനങ്ങളിൽ സന്ദർശനം നടത്തിയും ജനങ്ങൾക്കിടയിലേക്ക് ഇറങ്ങുകയാണ് ഇടതുസ്ഥാനാർത്ഥികൾ. അസുഖം ഭേദമായി ഉടൻ സുരേഷ്‌ഗോപി തൃശൂരിലെത്തുന്നതും കാത്ത് എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയിരിക്കുകയാണ് എൻ.ഡി.എ. ജില്ലയിൽ തിരഞ്ഞെടുപ്പ് പൂരം പൊടിപാറുകയാണ്.
ഇന്നലെ നാമനിർദ്ദേശ പത്രിക സമർപ്പിച്ച് തൃശൂരിൽ പത്മജ, പ്രചാരണത്തിരക്കിലേക്ക് കടന്നു. അതേസമയം, രാവിലെ ഒളരി മേഖലയിൽ കാൽനടയായി ഷോ സ്‌ക്വാഡ് നടത്തുകയായിരുന്നു എൽ.ഡി.എഫ് സ്ഥാനാർത്ഥി പി. ബാലചന്ദ്രൻ. വൈകിട്ട് വിയ്യൂർ മേഖലയിലായിരുന്നു പര്യടനം. ലീഡർ കെ. കരുണാകരന്റെ മകളായ പത്മജവേണു ഗോപാലിന്റേയും നടൻ സുരേഷ്‌ഗോപിയുടെയും സ്ഥാനാർത്ഥിത്വം തൃശൂർ മണ്ഡലത്തെ ദേശീയതലത്തിൽ തന്നെ ശ്രദ്ധേയമാക്കി. പതിറ്റാണ്ടുകളായി കോൺഗ്രസിന്റെ കുത്തകമണ്ഡലമായിരുന്ന തൃശൂർ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വി.എസ് സുനിൽകുമാറിനെ വിജയിപ്പിച്ചതോടെ ഇടതിനൊപ്പമാവുകയായിരുന്നു. മണ്ഡലം തിരിച്ചുപിടിക്കാൻ കഠിനപ്രയത്‌നത്തിനൊരുങ്ങുകയാണ് യു.ഡി.എഫ്. ബി.ജെ.പിയുടെ വിലയിരുത്തലിൽ എ ക്‌ളാസ് മണ്ഡലമാണിത്. അതുകൊണ്ടു തന്നെ ജയത്തിനായുള്ള ശ്രമവും ഒരുക്കവും ശക്തം.
കോൺഗ്രസിലേയും സി.പി.എമ്മിലേയും തലമുറമാറ്റം സ്ഥാനാർത്ഥി പ്രഖ്യാപനത്തിൽ ദൃശ്യമായിരുന്നു. അപ്രതീക്ഷിത സ്ഥാനാർത്ഥികൾ വന്നതോടെ മുറുമുറുപ്പുകൾ ഉയർന്നെങ്കിലും എല്ലാം നേതാക്കൾ ഇടപെട്ട് ശാന്തമാക്കി ജയത്തിനായി പ്രയത്‌നിക്കാൻ കർശന നിർദ്ദേശം നൽകിയിരിക്കുകയാണ്.
പ്രതിഷേധം അടങ്ങാതെ
സ്ഥാനാർത്ഥികൾ രംഗത്തിറങ്ങിയിട്ടും കോൺഗ്രസിലെ പ്രതിഷേധം അടങ്ങിയില്ല. പുതുക്കാട് മണ്ഡലത്തിലെ കോൺഗ്രസ് സ്ഥനാർത്ഥിക്കെതിരെ പ്രതിഷേധവുമായെത്തിയ കോൺഗ്രസ് പ്രവർത്തകർ ഇന്നലെ ഡി.സി.സി ഓഫീസ് ഉപരോധിച്ചിരുന്നു. പ്രചാരണത്തിന് തിരിച്ചടിയാകുന്ന പ്രതിഷേധം എങ്ങനെ ഒതുക്കാമെന്ന ചിന്തയിലാണ് കോൺഗ്രസ് യു.ഡി.എഫ് നേതൃത്വം. മണലൂരും ഒല്ലൂരും ചാലക്കുടിയിലും ചേലക്കരയിലുമെല്ലാം സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് മുമ്പും ശേഷവും പൊട്ടലും ചീറ്റലും ഉയർന്നിരുന്നു. യുവനേതാക്കളുടെ കാലങ്ങളായുള്ള പ്രതിഷേധം തീർക്കാനായിരുന്നു ജില്ലയിൽ ഒമ്പത് പുതുമുഖങ്ങളെ ഇറക്കിയത്.
പ്രവചനങ്ങൾക്കപ്പുറം മണ്ഡലങ്ങൾ
മുമ്പ് പറഞ്ഞുകേട്ട സ്ഥാനാർത്ഥികളെ മാറ്റി അപ്രതീക്ഷിതമായി പലരെയും പ്രഖ്യാപിച്ചതോടെ പ്രവചനങ്ങൾക്കപ്പുറമായിരിക്കുകയാണ് ജില്ലയിലെ ഭൂരിഭാഗം മണ്ഡലങ്ങളും. സ്ഥാനാർത്ഥികളുടെ താരമൂല്യം കൊണ്ട് തൃശൂർ മണ്ഡലം സംസ്ഥാനത്തെ ശ്രദ്ധേയ മണ്ഡലമായി. ലൈഫ് പദ്ധതി സംബന്ധിച്ച വിവാദങ്ങൾ കൊണ്ട് പ്രസ്റ്റീജ് മണ്ഡലമായി വടക്കാഞ്ചേരിയും മാറി. എൽ.ഡി.എഫ് കുത്തകയെന്ന് കരുതുന്ന മണ്ഡലങ്ങളിൽ യു.ഡി.എഫ് അട്ടിമറി പ്രതീക്ഷിക്കുന്നു. ഭൂരിഭാഗം മണ്ഡലങ്ങളും പ്രവചനാതീതമാണ്.