
തൃശൂർ: 'ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ തനിയാവർത്തനം", ശക്തന്റെ തട്ടകം പിടിക്കാൻ സുരേഷ് ഗോപി വീണ്ടുമെത്തുമ്പോൾ ചുരുക്കത്തിൽ ഇങ്ങനെ പറയാം. തൃശൂർ പിടിക്കാൻ പലരെയും പരിഗണിച്ച ശേഷമാണ് നടനും രാജ്യസഭാംഗവുമായ സുരേഷ് ഗോപിയെ വീണ്ടുമിറക്കാൻ ബി.ജെ.പി തീരുമാനിച്ചത്. അസുഖം ഭേദമായി താരം പ്രചാരണത്തിനെത്തുന്നത് കാത്തിരിക്കുകയാണ് തൃശൂർ. ബി.ജെ.പിയുടെ ഒരുക്കങ്ങൾ അതിന് അടിവരയിടുന്നു.
ബി.ജെ.പി കേന്ദ്രനേതൃത്വത്തിന്റെ തുടർച്ചയായ സമ്മർദ്ദത്തിലാണ് സുരേഷ്‌ഗോപി തൃശൂരിൽ സ്ഥാനാർത്ഥിയായത്. 2019ൽ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളെ നിർണയിക്കുമ്പോഴും ഇതേ അവസ്ഥയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഏറെ പ്രിയങ്കരൻ, ജില്ലാ,സംസ്ഥാനനേതൃത്വത്തിനും കണ്ണിലുണ്ണി, ആരാധകരുമേറെ. കണക്കുകൾ ഒത്തപ്പോൾ സുരേഷ്ഗോപി തൃശൂരിൽ മത്സരിച്ചേ തീരൂ എന്ന് കേന്ദ്രം തീർത്ത് പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിന്റെ ചർച്ചകൾ തുടങ്ങിയപ്പോൾ തന്നെ തൃശൂരിൽ ഉയർന്നുവന്ന പേര് സുരേഷ്‌ഗോപിയുടേതായിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തൃശൂർ നിയമസഭാ മണ്ഡലത്തിൽ രണ്ടാം സ്ഥാനത്തെത്തിയെന്ന കണക്ക് എല്ലാവരും ഉയർത്തിപ്പിടിച്ചു.
അപ്പോഴും മത്സരിക്കാനില്ലെന്ന തീരുമാനത്തിലായിരുന്നു സുരേഷ്ഗോപി. ജില്ലാ കമ്മിറ്റിയുടെ പട്ടികയിൽ സുരേഷ്‌ഗോപിക്കൊപ്പം ഇ. ശ്രീധരനുമുണ്ടായിരുന്നെങ്കിലും ഭൂരിപക്ഷം പേരും സുരേഷ്ഗോപിയെ അനുകൂലിച്ചു. സംസ്ഥാന കമ്മിറ്റിയും ആ തീരുമാനത്തെ പിന്തുണച്ചു. സിനിമകളുടെ ഷൂട്ടിംഗുണ്ടെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറിയിട്ടും ഒടുവിൽ നറുക്കുവീണു. സസ്‌പെൻസുകൾക്കൊടുവിൽ ക്ളൈമാക്‌സിൽ, സുരേഷ്‌ഗോപിയുടെ പേര് പ്രഖ്യാപിച്ചപ്പോൾ ചില ആരാധകർ തമാശയോടെ പറഞ്ഞു. 'ജസ്റ്റ് റിമംബർ ദാറ്റ്"
തൃശൂർ ഇങ്ങെടുക്കുവാ
'തൃശൂർ ഇങ്ങെടുക്കുവാ" എന്ന സുരേഷ് ഗോപി ഡയലോഗ് സാമൂഹ്യമാദ്ധ്യമങ്ങൾ ഏറ്റെടുത്തപ്പോൾ തൃശൂർ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ അത് വലിയ ഓളമാണുണ്ടാക്കിയത്. ട്രോളുകളും പ്രവഹിച്ചു. ശബരിമല വിഷയത്തിലുള്ള പരാമർശവും വിവാദമായി.തുടർന്ന് ജില്ലാ കളക്ടർ സുരേഷ് ഗോപിയിൽ നിന്ന് വിശദീകരണം തേടുകയും ചെയ്തു. അയ്യൻ എന്ന വാക്കിന്റെ അർത്ഥം ജ്യേഷ്ഠൻ എന്നാണെന്നും ശബരിമല ഒരു സ്ഥലപ്പേരാണെന്നും പറഞ്ഞതോടെ വിവാദം കെട്ടടങ്ങി. വീടുകളിൽ കയറിയിറങ്ങി ഭക്ഷണം കഴിച്ചതും കുഞ്ഞുങ്ങൾക്ക് ചുംബനം നൽകിയതുമെല്ലാം ആരാധകർ സാമൂഹ്യമാദ്ധ്യമങ്ങളിൽ ആഘോഷിച്ചു.