
തൃശൂർ 
 
യു.ഡി.എഫ്.-പത്മജ വേണുഗോപാൽ
എൽ.ഡി.എഫ്- പി.ബാലചന്ദ്രൻ
എൻ.ഡി.എ- സുരേഷ് ഗോപി
വിജയസാദ്ധ്യതയുണ്ടെന്ന് ബി.ജെ.പി. കരുതുന്ന എ ക്ളാസ് മണ്ഡലമായി തൃശൂർ മാറിയത് സുരേഷ്ഗോപിയുടെ കഴിഞ്ഞ തവണത്തെ മാസ് എൻട്രിയിലൂടെ. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തൃശൂർ പാർലമെന്റ് മണ്ഡലത്തിൽ മത്സരിച്ച സുരേഷ് ഗോപി തൃശൂർ നിയമസഭാമണ്ഡലത്തിൽ എൽ.ഡി.എഫിനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി 37,641 വോട്ടുകൾ നേടി.ലീഡർ കെ.കരുണാകരന്റെ തട്ടകം എൽ.ഡി.എഫിൽ നിന്ന് തിരിച്ചുപിടിക്കാൻ ഇത്തവണ കോൺഗ്രസ് ഇറക്കുന്നത് മകൾ പത്മജവേണുഗോപാലിനെ.എന്നാൽ ഇടതുസർക്കാരിന്റെയും കൃഷിമന്ത്രി വി.എസ്. സുനിൽകുമാറിന്റെയും ഭരണനേട്ടങ്ങൾ എടുത്തുകാട്ടി ജയിക്കാനാകുമെന്നാണ് പി.ബാലചന്ദ്രന്റെ പ്രതീക്ഷ.
ചരിത്രം
1991മുതൽ 2011വരെ കോൺഗ്രസിലെ തേറമ്പിൽ രാമകൃഷ്ണനെ വിജയിപ്പിച്ച മണ്ഡലം. 2016 ൽ വി.എസ്.സുനിൽകുമാർ, പത്മജ വേണുഗോപാലിനെ തോൽപ്പിച്ച്, രണ്ടരപതിറ്റാണ്ടിന്റെ കുത്തക തകർത്തു.1991 ന് മുൻപ് ഇടതു-വലതുമുന്നണികളെ മാറിമാറി തുണച്ചിട്ടുണ്ട്. 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിലെ ടി.എൻ.പ്രതാപൻ 415089 വോട്ടുകൾ നേടിയാണ് വിജയിച്ചത്. എൽ.ഡി.എഫിലെ രാജാജി മാത്യുതോമസിന്: 321456 വോട്ടുകളും എൻ.ഡി.എയിലെ സുരേഷ്ഗോപിക്ക് 293822 വോട്ടുകളും ലഭിച്ചു.
ട്രെൻഡ്
സുരേഷ്ഗോപിയെ ആദ്യമായി കണ്ടതിന്റെ ആവേശം മാത്രമായിരുന്നു കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലുണ്ടായതെന്നാണ് ഇടതു-വലത് മുന്നണികൾ പറയുന്നത്. എന്നാൽ അസുഖം ഭേദമായി സുരേഷ്ഗോപി എത്തുന്നതോടെ ഓളം ഉണ്ടാകുമെന്ന് ഉറപ്പാണ്.