
തൃശൂർ : കോൺഗ്രസിനെ തകർക്കുകയാണ് സി.പി.എമ്മിന്റെയും ബി.ജെ.പിയുടെയും ലക്ഷ്യമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ പറഞ്ഞു. തൃശൂർ നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി പത്മജ വേണുഗോപാലിന്റെ തിരഞ്ഞെടുപ്പ് കൺവെൻഷൻ ശ്രീ ശങ്കര ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സി.പി.എമ്മിന്റെ അക്രമരാഷ്ട്രീയത്തെയും ബി.ജെ.പിയുടെ ഫാസിസത്തെയും ഒരുമിച്ച് എതിർക്കുകയെന്ന ദൗത്യമാണ് പ്രവർത്തകർ ഏറ്റെടുക്കേണ്ടത്. ജനകീയ സമരങ്ങളെ ചോരയിൽ മുക്കിക്കൊന്ന കാലമാണ് കഴിഞ്ഞ അഞ്ച് വർഷം. യോഗ്യരായവർക്ക് പാർട്ടി നേതാക്കളുടെ അടുത്ത ബന്ധുക്കൾക്കാണ് സർക്കാർ ജോലി നൽകിയത്. പി.എസ്.സി ലിസ്റ്റിൽ ഉൾപ്പെട്ടവരെ വഞ്ചിക്കുകയാണ് എൽ.ഡി.എഫ് സർക്കാർ ചെയ്തത്. അഴിമതിയിൽ സർവ്വകാല റെക്കാഡിട്ട സർക്കാരാണ് കേരളം ഭരിക്കുന്നത്. ഇന്ധനവില വർദ്ധനവിന്റെ പേരിൽ പൊതുജനത്തെ പിഴിയുകയാണ് കേന്ദ്ര സംസ്ഥാന സർക്കാരുകളെന്നും കെ.സി വേണുഗോപാൽ ചൂണ്ടിക്കാട്ടി. തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ ഐ.പി പോൾ അദ്ധ്യക്ഷത വഹിച്ചു. ടി.എൻ പ്രതാപൻ എം.പി, എ.ഐ.സി.സി സെക്രട്ടറിമാരായ ഐവാൻ ഡിസൂസ, ശ്രീനിവാസൻ കൃഷ്ണൻ, കെ.പി.സി.സി ഭാരവാഹികളായ ഒ. അബ്ദുറഹിമാൻകുട്ടി, സെക്രട്ടറിമാരായ ഷാജി കോടങ്കണ്ടത്ത്, എ. പ്രസാദ്, രാജേന്ദ്രൻ അരങ്ങത്ത്, ജോൺ ഡാനിയൽ, മുസ്ലീം ലീഗ് ജില്ലാ പ്രസിഡന്റ് സി.എ മുഹമ്മദ് റഷീദ്, കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സി.വി കുര്യാക്കോസ്, സി.എം.പി ജില്ലാ സെക്രട്ടറി പി.ആർ.എൻ നമ്പീശൻ, മുൻ മേയർ രാജൻ പല്ലൻ, മുൻ എം.എൽ.എമാരായ പി.എ മാധവൻ, ടി.വി ചന്ദ്രമോഹൻ, യു.ഡി.എഫ് നിയോജകമണ്ഡലം ചെയർമാൻ അനിൽ പൊറ്റേക്കോട്, കൺവീനർ രവി ജോസ് താണിക്കൽ തുടങ്ങിയവർ സംസാരിച്ചു.
പാലാരിവട്ടം പാലത്തോട് ചെയ്തതാണ്
യു.ഡി.എഫ് കേരളത്തോടും ചെയ്തത് : ചുള്ളിക്കാട്
തൃശൂർ : ഇടതുപക്ഷ ജനാധിപത്യ മുന്നണി തൃശൂർ നിയോജക മണ്ഡലം സ്ഥാനാർത്ഥി പി. ബാലചന്ദ്രന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം സംഘടിപ്പിച്ച മേഖലാ കൺവെൻഷനുകളിൽ നിറസാന്നിദ്ധ്യമായി കവിയും നടനുമായ ബാലചന്ദ്രൻ ചുള്ളിക്കാട്. ഞായറാഴ്ച വൈകിട്ട് നടന്ന ഒളരി, വിയ്യൂർ, നടത്തറ മേഖലാ കൺവെൻഷനുകളിലാണ് തന്റെ ആത്മസുഹൃത്തിന് വോട്ടഭ്യർത്ഥനയുമായി ചുള്ളിക്കാട് എത്തിയത്.
പാലാരിവട്ടം പാലത്തോട് യു.ഡി.എഫ് ചെയ്തത് തന്നെയാണ് അവർ കേരളത്തോടും ചെയ്തതെന്ന് ബാലചന്ദ്രൻ ചുള്ളിക്കാട് അഭിപ്രായപ്പെട്ടു.
പാലാരിവട്ടം പാലത്തോട് എൽ.ഡി.എഫ് ചെയ്തതാണ് അവർ ഈ സമൂഹത്തോട് ചെയ്തത്. ഈ പാലം ചൂണ്ടിക്കാട്ടിയാൽ മാത്രം മതി കേരളത്തിൽ യു.ഡി.എഫും എൽ.ഡി.എഫും തമ്മിലുള്ള വ്യത്യാസം മനസിലാക്കാൻ.
ഇത്തവണ തിരഞ്ഞെടുപ്പിൽ ഭരണവിരുദ്ധ വികാരം ജനങ്ങൾക്കിടയിൽ കാണാനില്ല. സർക്കാരിന്റെ നേട്ടം എന്നുപറയുന്നത് തന്നെയാണ് ജനങ്ങളുടെ നേട്ടമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രമുഖ നേതാക്കൾ മേഖലാ കൺവെൻഷനുകളിൽ പങ്കെടുത്തു.