വടക്കാഞ്ചേരി: നോമ്പുകാലത്ത് വ്രതാനുഷ്ഠാനം എടുത്ത് മനസ് ഈശ്വരനിൽ സമർപ്പിച്ച വിശ്വാസിയായ തന്നെ സാത്താന്റെ സന്തതിയെന്ന് വിളിച്ച് അപമാനിച്ചതിൽ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകുമെന്ന് വടക്കാഞ്ചേരി മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയായ അനിൽ അക്കര വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

കഴിഞ്ഞ 5 വർഷത്തിനകം കോടികളുടെ വികസന പ്രവർത്തനങ്ങൾ വടക്കാഞ്ചേരി നിയോജക മണ്ഡലത്തിൽ പൂർത്തീകരിച്ചിട്ടുണ്ട്. 500 കോടിയിലധികം വരുന്ന വികസന പ്രവർനങ്ങൾ കിഫ്ബി വഴി തുടക്കം കുറിച്ചു. സി.എൻ. ബാലകൃഷ്ണൻ ആരംഭിച്ച വികസന പ്രവർത്തനങ്ങൾ പൂർത്തീകരിച്ചതോടൊപ്പം 500 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾക്കും തുടക്കമിട്ടതായും അനിൽ വിശദീകരിച്ചു.

എം.എൽ.എ ആസ്തി വികസന ഫണ്ട് 25 കോടി രൂപയും എം.എൽ.എ ഫണ്ട് 5 കോടി രൂപയും പൂർണമായും ഭരണാനുമതിയായി. ഭൂരിപക്ഷം നിർമ്മാണ പ്രവർത്തനങ്ങളും പൂർത്തീകരിച്ചു. കോലഴി, അടാട്ട് എന്നീ പഞ്ചായത്തുകൾ പൂർണമായി എൽ.ഇ.ഡി പഞ്ചായത്തുകളാക്കി. വടക്കാഞ്ചേരി നഗരസഭ ഉൾപ്പെടെ എൽ.ഡി.എഫ് ഭരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ അനുമതി ലഭിക്കാതിരുന്നതിനാൻ പദ്ധതി നടപ്പിലാക്കാൻ കഴിഞ്ഞില്ല. മെഡിക്കൽ കോളേജിൽ 2500 കോടി രൂപയുടെ നിർമ്മാണം പൂർത്തീകരിച്ചു.

വടക്കാഞ്ചേരി ബൈപ്പാസിന് 20 കോടിയും, ഷൊർന്നൂർ - തൃശൂർ പാത ആധുനിക രീതിയിൽ നിർമ്മിക്കാൻ 25 കോടി രൂപയും ചെലവഴിച്ചു. ലൈഫ്മിഷൻ ഫ്‌ളാറ്റ് അഴിമതിക്കെതിരെ പോരാട്ടം നടത്തിയതിന് ഇടതു പക്ഷം തനിക്കെതിരെ നുണ പ്രചരണം അഴിച്ചുവിട്ടു. താൻ മൂലം വീട് നഷ്ടപ്പെട്ടു എന്ന് പറയുന്നവരെ ഹാജരാക്കിയാൽ വീട് നൽകാമെന്നറിയിച്ചിട്ടും ആരും വന്നില്ല.

കെ. അജിത്കുമാർ, ജിജോ കുരിയൻ, എൻ.എ. സാബു, വൈശാഖ് നാരായണസ്വാമി, സി.എ. ശങ്കരൻ കുട്ടി എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.