
തൃശൂർ: പുതുക്കാട് മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥിക്കെതിരെ പ്രവർത്തകർ തൃശൂർ ഡി.സി.സി ഓഫീസ് ഉപരോധിച്ചു. സ്ഥാനാർത്ഥി സുനിൽ അന്തിക്കാടിനെ മാറ്റണമെന്നാണ് ആവശ്യം. പുതുക്കാട് മണ്ഡലത്തിൽ വരുത്തനായ സ്ഥാനാർത്ഥിയെ അംഗീകരിക്കില്ലെന്ന് പ്രതിഷേധക്കാർ പറഞ്ഞു.
മണ്ഡലത്തിൽ നിന്നുള്ള സ്ഥാനാർത്ഥിയെ മത്സരിപ്പിക്കണമെന്നാവശ്യപ്പെട്ട് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി, ചെന്നിത്തല, ഉമ്മൻചാണ്ടി എന്നിവർക്ക് നിവേദനം നൽകിയിരുന്നതായി അളഗപ്പ ബ്ലോക്ക് വൈസ് പ്രസിഡന്റ് സി.ഐ ഷംസുദ്ദീൻ പറഞ്ഞു, മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി മേഴ്‌സി ജോണി, യൂത്ത് കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി വൈശാഖ് അയിത്താടൻ, രാജു തളിയപറമ്പിൽ, ടി.വി. പ്രഭാകരൻ, ജെയിംസ് പറപ്പിള്ളി, ലൂയീസ് പൊന്തേക്ക, സി.സി. സോമരാജൻ തുടങ്ങിയവർ പങ്കെടുത്തു.
കെ.പി.സി.സി സെക്രട്ടറി കൂടിയാണ് സ്ഥാനാർത്ഥി സുനിൽ. വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥിന്റെ വിജയത്തുടർച്ച ലക്ഷ്യമിട്ട് എൽ.ഡി.എഫ് രംഗത്തിറക്കിയിട്ടുള്ളത് കെ.കെ. രാമചന്ദ്രനെയാണ്. രവീന്ദ്രനാഥിന്റെ അഭാവത്തിൽ മണ്ഡലം പിടിക്കാമെന്ന പ്രതീക്ഷയാണ് യു.ഡി.എഫിന്. പുതുക്കാട് മത്സരിച്ച് മികച്ച പ്രകടനം കാഴ്ച വച്ച സംസ്ഥാന സെക്രട്ടറി എ. നാഗേഷാണ് ബി.ജെ.പി സ്ഥാനാർത്ഥി.