ചേർപ്പ്: ഊരകം അമ്മതിരുവടി ക്ഷേത്രത്തിൽ വർഷങ്ങളായി ഇല്ലാതിരുന്ന "കാക്കരമേനോൻ കാവൽവിളക്ക് " പുനസ്ഥാപ്പിച്ചു. അമൂല്യഗ്രന്ഥങ്ങളുടെ കലവറയായി അറിയപ്പെട്ടിരുന്ന ഊരകം അമ്മതിരുവടി ക്ഷേത്രത്തിലെ ഗ്രന്ഥങ്ങളുടെ സൂക്ഷിപ്പുകാരനായിരുന്നു ക്ഷേത്രം കാക്കണമേനോൻ. അത് ലോപിച്ചാണ് കാക്കരമേനോൻ ആയത്. വാഴപ്പിള്ളി മേനോൻമാർക്കായിരുന്നു ഈ സ്ഥാനം. ക്ഷേത്രത്തിലെ എല്ലാ ചടങ്ങുകൾക്കും കാക്കരമേനോന്റെ സാന്നിദ്ധ്യം ഉണ്ടാകുമെന്നാണ് സങ്കല്പം. ദേവി പുറത്തേക്ക് എഴുന്നള്ളുമ്പോൾ കാക്കരമേനോൻ അകമ്പടി സേവിക്കും. പുരാതനകാലത്തെ കാക്കരമേനോന്റെ ചെറിയ ക്ഷേത്രം ഊരകം അമ്മതിരുവടി ക്ഷേത്രത്തിന്റെ പടിഞ്ഞാറ് സ്ഥിതിചെയ്യുന്നു. ക്ഷേത്രത്തിലെ അത്താഴശീവേലി കഴിഞ്ഞ് നട അടച്ചാൽ ക്ഷേത്രത്തിന്റെ പടിഞ്ഞാറു ഗോപുരത്തിന് പുറത്ത് ക്ഷേത്രകുളത്തിന് സമീപം കാക്കരമേനോനെ സങ്കൽപ്പിച്ചു ഒരുകൽവിളക്കിൽ കാവൽ വിളക്കായി ആദ്യകാലങ്ങളിൽ തിരിതെളിയിച്ചിരുന്നു. കുറേ വർഷങ്ങൾക്കുമുൻപ് റോഡ് ടാറിംഗ് നടക്കുന്ന വേളയിൽ പ്രസ്തുത വിളക്ക് നഷ്ടപ്പെട്ടിരുന്നു. പൂരത്തിന് മുന്നോടിയായി ക്ഷേത്രത്തിന് പുറത്ത് പടിഞ്ഞാറ് ഭാഗം വൃത്തിയാക്കുമ്പോഴാണ് ക്ഷേത്രഉപദേശക സമിതിയുടെ ശ്രദ്ധയിൽ കാക്കരമേനോൻ കാവൽവിളക്ക് മണ്ണിൽ പുതഞ്ഞുകിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. ക്ഷേത്രഉപദേശകസമിതി വിളക്ക്എടുത്ത് വൃത്തിയാക്കി പുനഃസ്ഥാപിച്ചു. പൂരത്തിന് മുന്നോടിയായി ക്ഷേത്രത്തിൽ ശുദ്ധികലശം ആരംഭിക്കുന്ന സമയത്ത് "കാക്കരമേനോൻ കാവൽവിളക്കിൽ" കാക്കരമേനോൻ ക്ഷേത്രം പൂജാരി വാഴപ്പിള്ളി ഗോപുരത്തുംവീട്ടിൽ രാമകൃഷ്ണൻ അമ്മതിരുവടി ക്ഷേത്രകെടാവിളക്കിൽ നിന്നും ദീപം പകർന്നു. ദേവസ്വം ഓഫിസർ, ക്ഷേത്രം ഉപദേശകസമിതി ഭാരവാഹികൾ, ക്ഷേത്രം ജീവനക്കാർ, ഭക്തർ സന്നിഹിതരായിരുന്നു.