
തൃശൂർ: തൃശൂർ പൂരം എല്ലാ ചടങ്ങുകളോടെയും മുൻ വർഷങ്ങളിലേത് പോലെ നടത്താൻ തീരുമാനം. ചീഫ് സെക്രട്ടറി വി.പി ജോയിയുടെ നേതൃത്വത്തിൽ ഇന്നലെ നടന്ന യോഗത്തിലാണ് തീരുമാനം. പൂര വിളംബരമറിയിച്ചുള്ള തെക്കേ ഗോപുരനട തള്ളിത്തുറക്കൽ, സാമ്പിൾ വെടിക്കെട്ട്, ഉപചാരം ചൊല്ലിപ്പിരിയൽ ഉൾപ്പെടെയുള്ള തൃശൂർ പൂരത്തിലെ എല്ലാ ചടങ്ങുകളും പതിവ് പോലെ നടത്തും. ആനകളുടെ എണ്ണം കുറയ്ക്കില്ല. വെടിക്കെട്ടിന്റെ മാറ്റും കുറയില്ല. എന്നാൽ പൂരച്ചടങ്ങുകളിൽ ജനപങ്കാളിത്തത്തിന് നിയന്ത്രണമുണ്ടാകും.
കൊവിഡ് പ്രോട്ടോകോൾ പ്രകാരമാകും തൃശൂർ പൂരത്തിന് പ്രവേശനം. മാസ്‌ക് ധരിക്കാതെ പൂരപറമ്പിൽ പ്രവേശിക്കാനാകില്ല. സാമൂഹിക അകലം കൃത്യമായി പാലിക്കണം. പൂരം എക്‌സിബിഷൻ ഉടൻ തുടങ്ങും. ചീഫ് സെക്രട്ടറി ഓൺലൈനായാണ് യോഗത്തിൽ പങ്കെടുത്തത്. കളക്ടർ എസ്. ഷാനവാസിന്റെ ചേംബറിൽ ഡി.എം.ഒ, സിറ്റി പൊലീസ് കമ്മിഷണർ, പാറമേക്കാവ്, തിരുവമ്പാടി ദേവസ്വം ഭാരവാഹികൾ തുടങ്ങിയവർ ചീഫ് സെക്രട്ടറിയുമായി നേരിട്ട് കാര്യങ്ങൾ അവതരിപ്പിച്ചു.
തൃശൂർ പൂരം മുൻ വർഷങ്ങളിലേതിന് സമാനമായി പൊലിമ ഒട്ടും ചോരാതെ നടത്തണമെന്നുള്ളതായിരുന്നു തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളുടെയും ഘടക ക്ഷേത്രങ്ങളുടെയും നിലപാട്. ആൾക്കൂട്ടം നിയന്ത്രിച്ച് പൂരം പ്രദർശനവും വെടിക്കെട്ടടക്കമുള്ള ചടങ്ങുകളും നടത്താവുന്ന രീതിയിലുള്ള ലേ ഔട്ട് റിപ്പോർട്ട് ദേവസ്വം നൽകിയിരുന്നു. ഇതെല്ലാം പരിഗണിച്ചാണ് പുതിയ തീരുമാനം. ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷം പൂരത്തിനൊരുങ്ങിയിരിക്കുകയാണ് തൃശൂർ. പൂരം കെങ്കേമമായി നടത്താനുള്ള ഒരുക്കം തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളും 8 ഘടകക്ഷേത്രങ്ങളും തുടങ്ങി. ജനപങ്കാളിത്തം കുറയ്ക്കുന്നതിന് എന്തൊക്കെ നടപടികൾ സ്വീകരിക്കണമെന്നത് പിന്നീട് തീരുമാനിക്കും. ഏപ്രിൽ 23 നാണ് തൃശൂർ പൂരം.
പൂരത്തിന്റെ പൊലിമ കുറയ്ക്കരുതെന്ന ആവശ്യം അംഗീകരിക്കപ്പെട്ടു. പതിവുപോലെ എല്ലാ ചടങ്ങുകളും നടത്തണമെന്നാണ് ആവശ്യപ്പെട്ടത്. ആവശ്യങ്ങളെല്ലാം സർക്കാർ അംഗീകരിച്ചതിൽ സന്തോഷം. പൂർവാധികം ഭംഗിയോടെ പൂരം നടക്കും.
ജി.രാജേഷ്(സെക്രട്ടറി, പാറമേക്കാവ് ദേവസ്വം)
എല്ലാ വർഷത്തേയും പോലെ എല്ലാ ചടങ്ങുകളോടെയും പൂരം നടത്തണമെന്ന ആവശ്യമാണ് ദേവസ്വം മുന്നോട്ടുവെച്ചത്. അത് പൂർണമായും സർക്കാർ അംഗീകരിച്ചു. കൊവിഡ് പ്രോട്ടോകോൾ പാലിച്ചാകും പൂരാഘോഷം. പൂരത്തിലെ ചടങ്ങുകളിൽ പങ്കെടുക്കുന്നവർക്ക് കൊവിഡ് വാക്‌സിനേഷൻ നടത്തുമെന്നും ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്.
എം. രവികുമാർ(സെക്രട്ടറി, തിരുവമ്പാടി ദേവസ്വം).