ചാലക്കുടി: പ്രദേശിക നേതാക്കളെ സ്ഥാനാർത്ഥിയാക്കണമെന്ന ആദ്യഘട്ടത്തിലെ പ്രവർത്തകരുടെ വികാരം യു.ഡി.എഫിന്റെ വിജയത്തിനായി മാറ്റിവച്ചുവെന്നും എല്ലാവരും ഒറ്റക്കെട്ടായി കെ.പി.സി.സിയുടെ തീരുമാനത്തെ സ്വീകരിച്ചുവെന്നും ബെന്നി ബെഹന്നാൻ എം.പി. ചാലക്കുടി മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ടി.ജെ. സനീഷ്‌കുമാറിനെ പരിചയപ്പെടുത്തുന്നതിന് നടത്തിയ വാർത്താ സമ്മേളനത്തിലാണ് ബെന്നി ബെഹന്നാൻ ഇക്കാര്യം വ്യക്തമാക്കിയത്.
സ്ഥാനാർത്ഥികളാകാൻ ഡൽഹിക്ക് പോയ നേതാക്കളെല്ലാം തന്നെ ഇപ്പോൾ സനീഷ് കുമാറിനൊപ്പമുണ്ട്. സ്ഥാനാർത്ഥി നിർണയത്തിന്റെ ചർച്ചകൾക്കിടയിൽ പ്രാദേശികവാദം ഉയർത്തി ചാലക്കുടിയിൽ നടന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രകടനവും പ്രസ്താവനകളും സ്വാഭാവികം മാത്രം. ഇത് പർവതീകരിക്കാൻ ചില ശ്രമങ്ങളുണ്ടായെന്നും എം.പി പറഞ്ഞു.
ചാലക്കുടി മണ്ഡലത്തിൽ കാര്യമായ വികസന പ്രവർത്തനങ്ങൾ നടന്നിട്ടില്ലെന്ന് സ്ഥാനാർത്ഥി ടി.ജെ. സനീഷ്‌കുമാർ കുറ്റപ്പെടുത്തി. ചാലക്കുടി അടിപ്പാതയുടെ ഇന്നത്തെ അവസ്ഥയിൽ കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ അനാസ്ഥയാണ് പ്രകടമാകുന്നത്. വിനോദ സഞ്ചാര മേഖലയക്ക് വലിയ സാദ്ധ്യത നിനനിൽക്കുമ്പോൾ അതൊന്നും മണ്ഡലത്തിൽ പ്രയോജനപ്പെടുത്തിയില്ലെന്നും യു.ഡി.എഫ് സ്ഥാനാർത്ഥി കുറ്റപ്പെടുത്തി.
ചടങ്ങിൽ ചാലക്കുടി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എബി ജോർജ്ജ് അദ്ധ്യക്ഷനായി. നഗരസഭാ ചെയർമാൻ വി.ഒ. പൈലപ്പൻ, മുൻ എം.എൽ.എ പി.ജെ. ജോയി തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചു.