പാവറട്ടി: അനാചാരങ്ങളും അന്തവിശ്വാസങ്ങളും ഇല്ലായ്മ ചെയ്യുന്നതിൽ ചലച്ചിത്രങ്ങൾ വലിയ പങ്ക് വഹിച്ചിട്ടുണ്ടെന്നും ദുരാചാരങ്ങൾ തിരിച്ചു വരുന്ന കാലത്ത് ഇതിനെതിരെ വിരൽ ചൂണ്ടേണ്ട കടമ ചലച്ചിത്ര പ്രവർത്തകർക്കുണ്ടെന്നും ഗുരുവായൂർ നഗരസഭാ ചെയർമാൻ എം. കൃഷ്ണദാസ് അഭിപ്രായപ്പെട്ടു . വിളക്കാട്ടുപാടം ദേവസൂര്യ കലാവേദി പബ്ലിക് ലൈബ്രറിയും പാവറട്ടി ജനകീയ ചലച്ചിത്ര വേദിയും സംയുക്തമായി സംഘടിപ്പിച്ച ആറാം ദേവസൂര്യ ഗ്രാമീണ ചലച്ചിത്രോത്സവ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജനകീയ സിനിമയുടെ പിതാവ് എന്നറിയപ്പെടുന്ന ജോൺ എബ്രഹാമിന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയ അഞ്ചാം ഷോർട്ട് ഫിലിം, ഡോക്യുമെന്ററി പുരസ്‌കാരം ശിവജി ഗുരുവായൂർ വിതരണം ചെയ്തു. 'നാനി ' എന്ന സിനിമയിലൂടെ ബാലതാരത്തിനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ കാതറിൻ ബിജി, ഈ ചിത്രത്തിലെ കഥ, തിരക്കഥ, ഗാനം എന്നിവ എഴിതിയ ഡോ: പ്രമീള നന്ദകുമാർ എന്നിവരെ ചടങ്ങിൽ ആദരിച്ചു.

ഗുരുവായൂർ നഗരസഭാ പൊതുമരാമത്ത് വകുപ്പ് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ബിന്ദു അജിത്ത് കുമാർ അദ്ധ്യക്ഷയായി. നർത്തകിയും മുല്ലശ്ശേരി പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സണുമായ ശ്രീദേവി ഡേവിഡ് മുഖ്യാതിഥി ആയിരുന്നു. പ്രശസ്ത സിനിമ നാടക കലാ സംവിധായകൻ ജെയ്‌സൻ ഗുരുവായൂർ അവാർഡ് പ്രഖ്യാപനം നടത്തി.

സിനിമാ സംവിധായകനും നാടകപ്രവർത്തകനുമായ ദേവരാജൻ മൂക്കോല, നെഹ്‌റു യുവകേന്ദ്ര പ്രതിനിധി നന്ദകുമാർ, മാത്യൂസ് പാവറട്ടി, സുബ്രഹ്മണ്യൻ ഇരിശ്ശേരി, ദേവൂട്ടി ഗുരുവായൂർ, ഫെസ്റ്റിവെൽ ഡയറക്ടർ റാഫി നീലങ്കാവിൽ, റെജി വിളക്കാട്ടുപാടം, എം.ജി. ഗോകുൽ, കെ.സി. അഭിലാഷ്, റ്റി.കെ. സുരേഷ് തുടങ്ങിയവർ പ്രസംഗിച്ചു. നരിണിപ്പുഴ ഷാനവാസ് സംവിധാനം ചെയ്ത 'കരി' എന്ന സിനിമയുടെ പ്രദർശനത്തോടെ മേളയ്ക്ക് സമാപനമായി.

മേള പുരസ്കാരങ്ങൾ

മികച്ച ഷോർട്ട് ഫിലിം- ഹരിച്ചാലും ഗുണിച്ചാലും ഒന്ന് (എ. നിഹാസ്)

മികച്ച ഡോക്യുമെന്ററി- സുമന (പ്രദീപ് നാരായണൻ)

പ്രത്യേക ജൂറി പരാമർശം- ബ്ലാക്ക് മാർക്ക് (ഗോകുൽ അമ്പാട്ട്)

മികച്ച ജനകീയ സിനിമ- സിക്‌സ്ത് കോൾ (പി.എസ്. രാജീവ്)

സാമൂഹിക ചിത്രം- കോളാമ്പിപ്പാട്ട് (അനിൽ വെട്ടിക്കാട്ടിരി)

മികച്ച നടൻ- നാരായണൻ അത്രപ്പുള്ളി (തീർപ്പ്)

മികച്ച നടി- സമുദ്ര രജിത് (അവധിക്കനവ്)

മികച്ച ബാലതാരം - ഭാനവ് കൃഷ്ണ (ബ്ലാക്ക് മാർട്ട്)

സംഗീതം- കെവിൻ ജെ. പൊന്നോർ (മാലാഖ)