
തൃശൂർ : മൂന്നു മുന്നണികളുടെയും സ്ഥാനാർത്ഥി ചിത്രം തെളിഞ്ഞതോടെ ജില്ലയിലെ തിരെഞ്ഞെടുപ്പ് പോര് മുറുകി. തൃശൂരിൽ എൻ.ഡി.എ സ്ഥാനാർത്ഥിയായി നടൻ സുരേഷ് ഗോപിയെ പ്രഖ്യാപിച്ചെങ്കിലും ന്യുമോണിയ പിടിപെട്ടു കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനാൽ ഇതു വരെ മണ്ഡലത്തിൽ എത്തിയിട്ടില്ല. സ്ഥാനാർത്ഥി എത്തിയിട്ടിലെങ്കിലും പ്രവർത്തകർ തിരെഞ്ഞെടുപ്പ് രംഗത്ത് സജീവമായി കഴിഞ്ഞു. ഇന്നലെ അവസാനമായി കൈപ്പമംഗലം മണ്ഡലത്തിൽ എൻ.ഡി.എ സ്ഥാനാർത്ഥിയായി ബി. ഡി. ജെ. എസ് സ്ഥാനാർത്ഥിയായി സി.ഡി. ശ്രീലാൽ കൂടി കളത്തിൽ ഇറങ്ങി. ജില്ലയിലെ ഭൂരിഭാഗം മണ്ഡലങ്ങളിലും ശക്തമായ മത്സരം ആണ് നടക്കുന്നത്.എൽ. ഡി. എഫിലെ പ്രധാന ഘടക സിപിഎം 7 സീറ്റിൽ മത്സരിക്കുമ്പോൾ സിപിഐ അഞ്ചു സീറ്റിൽ ആണ് ഉള്ളത്.ഒരു സീറ്റ് കേരള കോൺഗ്രസ് ജോസ് വിഭാഗത്തിനാണ് നൽകിയിരിക്കുന്നത്.കോൺഗ്രസ് ഇത്തവണ 11 സീറ്റുകളിൽ മത്സരിക്കുന്നുണ്ട്.ഓരോ സീറ്റ് വീതം ലീഗിനും കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിനും നൽകി. എൻ. ഡി. എ യിൽ ബിജെപി 11 സീറ്റിലും ബി. ഡി. ജെ. എസ് 2 സീറ്റിലും മത്സരിക്കും. ചാലക്കുടി, കൈപ്പമംഗലം എന്നിവിടങ്ങളിൽ ആണ് അവർ മത്സരിക്കുന്നത്. ചാലക്കുടിയിൽ സംസ്ഥാന ജനറൽ സെക്രട്ടറി കെ. എ. ഉണ്ണികൃഷ്ണനും കൈപ്പമംഗലത്ത് ജില്ലാ പ്രസിഡന്റ് ശ്രീലാലുമാണ് അങ്കത്തട്ടിൽ ഉള്ളത്. പത്രിക സമർപ്പണം അവസാന നാളുകളിലേക്ക് നീങ്ങി തുടങ്ങി. അനിൽ അക്കരയും പദ്മജ വേണുഗോപാലുമാണ് ഇതു വരെ പത്രിക നൽകിയത്.
സ്റ്റാർ മണ്ഡലങ്ങൾ
സംസ്ഥാന തലത്തിൽ ശ്രദ്ധേയമായ മത്സരങ്ങൾ നടക്കുന്ന നാലു മണ്ഡലങ്ങൾ ആണ് ജില്ലയിൽ പ്രധാനമായും ഉള്ളത്. സുരേഷ് ഗോപിയുടെ വരവോടെ ശ്രദ്ധേയമായ തൃശൂർ, മുൻ ഡി. ജി. പി ജേക്കബ് തോമസ്, സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയ രാഘവന്റെ ഭാര്യ ആർ. ബിന്ദു എന്നിവർ മത്സരിക്കുന്ന ഇരിഞ്ഞാലക്കുട, മന്ത്രി ഏ. സി. മൊയ്ദീൻ മത്സരിക്കുന്ന കുന്നംകുളം, ലൈഫ് മിഷൻ ഫ്ലാറ്റ് അഴിമതി ഉയർന്നു വന്ന വടക്കാഞ്ചേരി എന്നി മണ്ഡലങ്ങളിലെ ജയ പരാജയങ്ങൾ ഏറെ ശ്രദ്ധ പിടിച്ചു പറ്റും. പുതുക്കാട്, മണലൂർ, എന്നിവയും ശക്തമായ പോരാട്ടം നടക്കുന്ന മണ്ഡലങ്ങൾ ആണ്. വരും ദിവസങ്ങൾ പ്രചരണത്തിന് ചൂട് പിടിപ്പിച്ചു പ്രമുഖ നേതാക്കൾ എത്തുന്നത്തോടെ മത്സര രംഗം കൂടുതൽ സജീവമാകും