
തൃശൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ വാളയാർ പെൺകുട്ടികളുടെ അമ്മ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ധർമ്മടത്ത് മത്സരിക്കും. വാളയാർ നീതി സമരസമിതിയുടെ സ്വതന്ത്ര സ്ഥാനാർത്ഥിയായി ഇന്ന് നാമനിർദ്ദേശപത്രിക സമർപ്പിക്കും. പെൺമക്കളുടെ നീതിക്കായാണ് മത്സരം. കുടുംബത്തിനൊപ്പം നിൽക്കുമെന്ന വാക്ക് പാലിക്കാത്ത മുഖ്യമന്ത്രിക്കെതിരെ ശബ്ദമുയർത്താൻ ലഭിക്കുന്ന അവസരമാണിത്. വീഴ്‌ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുമെന്ന വാക്കും പാലിച്ചില്ല.
സംഘപരിവാർ ഒഴികെ ആര് പിന്തുണച്ചാലും സ്വീകരിക്കും. ജയിച്ചാലും തോറ്റാലും നീതിക്കായുള്ള സമരം തുടരും. എൽ.ഡി.എഫിന് തുടർഭരണമുണ്ടായാലും യു.ഡി.എഫ് ഭരിച്ചാലും സമരരീതിയിൽ മാറ്റമുണ്ടാകില്ല. കേരളയാത്ര ധർമ്മടത്തെത്തിയപ്പോൾ സ്വീകരിക്കാൻ കുറേ അമ്മമാർ എത്തിയിരുന്നു. അവർക്ക് ഒരു കത്ത് നൽകി. ധർമ്മടത്ത് വോട്ട് തേടിയെത്തുന്ന മുഖ്യമന്ത്രിയോട് തന്റെ മക്കൾക്ക് നീതി തേടി തലമുണ്ഡനം ചെയ്‌ത ഒരമ്മ ഇവിടെ വന്നിരുന്നുവെന്ന് പറയണമെന്നാണ് ആവശ്യപ്പെട്ടത്.
രണ്ട് ദിവസം കഴിഞ്ഞപ്പോൾ നിരവധി അമ്മമാർ തന്നെ വിളിച്ചു. ഇക്കാര്യം എന്തുകൊണ്ട് നേരിട്ട് ചോദിച്ചുകൂടാ എന്ന് അവർ ചോദിച്ചു. തുടർന്ന് സമരസമിതിയുമായി ആലോചിച്ച ശേഷമാണ് മത്സരിക്കാൻ തീരുമാനിച്ചത്. മക്കളുടെ മരണത്തിൽ നീതിതേടി കാസർകോട്ട് നിന്നാരംഭിച്ച ജാഥ ഇന്നലെ തൃശൂരിൽ അവസാനിച്ചു. വാളയാർ കേസിൽ ആറാമനുണ്ടെന്ന് സംശയിക്കുന്നതായി സമരസമിതി രക്ഷാധികാരി സി.ആർ. നീലകണ്ഠൻ ആരോപിച്ചു. സി.ബി.ഐ അന്വേഷണത്തിന് ഉത്തരവ് വന്നിട്ടും പൊലീസ് നാല് തവണ പെൺകുട്ടികളുടെ മാതാപിതാക്കളെ ചോദ്യം ചെയ്‌തത് ദുരൂഹമാണെന്നും നീലകണ്ഠൻ വ്യക്തമാക്കി.
വാളയാറിലെ അമ്മയ്ക്കുള്ള പിന്തുണ പരിഗണനയിൽ: മുല്ലപ്പള്ളി
തിരുവനന്തപുരം: ധർമ്മടത്ത് മുഖ്യമന്ത്രിക്കെതിരെ സ്വതന്ത്രയായി മത്സരിക്കുന്ന വാളയാർ പെൺകുട്ടികളുടെ അമ്മയ്ക്ക് പിന്തുണ നൽകുന്ന വിഷയം പരിഗണനയിലാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. യു.ഡി.എഫ് നേതാക്കളുമായി ആലോചിച്ച് തീരുമാനമെടുക്കും. ധർമ്മടത്ത് മുഖ്യമന്ത്രിക്കെതിരെ ശക്തനായ സ്ഥാനാർത്ഥിയെ യു.ഡി.എഫ് നിറുത്തുമെന്ന് താൻ പ്രഖ്യാപിച്ചതാണ്. മുഖ്യമന്ത്രിക്കെതിരെ മത്സരിക്കാനുള്ള വാളയാർ പെൺകുട്ടികളുടെ അമ്മയുടെ തീരുമാനം ഉചിതമാണ്. ആ അമ്മ മുഖ്യമന്ത്രിക്കെതിരെ മത്സരിക്കുന്നതോടെ തിരഞ്ഞെടുപ്പിന്റെ മാനം മാറി. ലതിക സുഭാഷ് വിഷയം അടഞ്ഞ അദ്ധ്യായമാണ്. നേമത്ത് കോൺഗ്രസും ബി.ജെ.പിയും തമ്മിലാണ് പോരാട്ടം. കേരളത്തിൽ സി.പി.എമ്മാണ് കോൺഗ്രസിന്റെ മുഖ്യശത്രുവെന്നും മുല്ലപ്പള്ളി പറഞ്ഞു.