
തൃശൂർ: വേനൽച്ചൂടിലും തിരഞ്ഞെടുപ്പ് ചൂടിന് വാശിയേറി. മൂന്ന് മുന്നണികളുടെയും സ്ഥാനാർത്ഥി നിർണയം പൂർത്തിയായതോടെ പ്രചാരണ രംഗത്തും വാശിയേറി. സി.പി.എം നേതാവ് ബേബി ജോൺ നടത്തിയ സാത്താന്റെ സന്തതി പരാമർശം രാഷ്ട്രീയരംഗത്ത് വലിയ ചർച്ചകൾക്ക് വഴിവെച്ചു. പരാമർശത്തിനെതിരെ അനിൽ അക്കര തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി. കോൺഗ്രസ് വടക്കാഞ്ചേരി മേഖലയിൽ പ്രതിഷേധ പ്രകടനവും നടത്തി. പക്ഷേ പ്രസ്താവന വലിയ വിവാദത്തിലേക്കെത്തിച്ചാൽ ഗുണമുണ്ടാകുമോ എന്ന കാര്യത്തിൽ ശങ്കയുള്ളതിനാൽ കാര്യമായി യു.ഡി.എഫ് അതേറ്റെടുത്തിട്ടില്ല.
അതിനിടെ സ്ഥാനാർത്ഥി നിർണയത്തിലുണ്ടായ കാലതാമസം മൂലം ഇരുമുന്നണികളും പിന്നിലായതോടെ എൽ.ഡി.എഫ് ഒരു കാതം മുന്നിലാണ്. യു.ഡി.എഫിലാകട്ടെ സ്ഥാനാർത്ഥികളെ നിശ്ചയിച്ചതിനെച്ചൊല്ലിയുള്ള കലഹം കെട്ടടങ്ങിയിട്ടില്ല. പല മണ്ഡലങ്ങളിലും സ്ഥാനാർത്ഥി നിർണയത്തെച്ചൊല്ലിയുള്ള പടലപിണക്കം മറനീക്കി പുറത്തുവരികയാണ്.
ചാലക്കുടിയിലും പുതുക്കാട്ടും മണലൂരും ഗുരുവായൂരിലും കോൺഗ്രസിൽ പ്രതിഷേധം സജീവമായി. ബി.ജെ.പി സ്ഥാനാർത്ഥി പ്രഖ്യാപനം പൂർത്തിയായെങ്കിലും പലയിടത്തും സ്ഥാനാർത്ഥികൾ രംഗപ്രവേശം ചെയ്തുവരുന്നേയുള്ളൂ. തൃശൂർ മണ്ഡലത്തിലെ സ്ഥാനാർത്ഥിയായ സുരേഷ് ഗോപി അസുഖം മൂലം വിശ്രമത്തിലാണ്. പ്രചരണത്തിനിറങ്ങാൻ ഇനിയും ദിവസങ്ങളെടുക്കുമെന്നാണ് ബി.ജെ.പി വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന സൂചന.
ഗ്രാമ നഗര വ്യത്യാസമില്ലാതെ എല്ലായിടത്തും തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനം സജീവമായി. സ്ഥാനാർത്ഥികളുടെ വർണ മനോഹര ചിത്രങ്ങൾ ആലേഖനം ചെയ്ത ഫ്‌ളക്‌സ് ബോർഡുകളും പോസ്റ്ററുകളും കൊടി തോരണങ്ങളും നിറഞ്ഞു കവിഞ്ഞു. പ്രമുഖ വ്യക്തിത്വങ്ങളെ നേരിട്ട് കണ്ട് വോട്ടഭ്യർത്ഥിക്കുന്ന പ്രവർത്തനങ്ങളാണ് ആദ്യഘട്ടത്തിൽ നടത്തുന്നത്. സമുദായ, മത നേതാക്കളെയും സ്ഥാനാർത്ഥികൾ നേരിട്ടുകാണുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് പ്രചരണത്തിന് ദേശീയ, സംസ്ഥാന നേതാക്കളും എത്താനിരിക്കുകയാണ്.
നിയോജക മണ്ഡലം കൺവെൻഷൻ പൂർത്തിയായി. ലോക്കൽ കൺവെൻഷനുകൾ 90 ശതമാനവും പൂർത്തിയായി. ബൂത്ത് കൺവെൻഷനുകൾ 20 ന് ഉള്ളിൽ പൂർത്തിയാകും. സ്ഥാനാർത്ഥികൾ പ്രചാരണ രംഗങ്ങളിൽ സജീവമാണ്. ഒന്നാംഘട്ട പ്രചാരണ പ്രവർത്തനങ്ങളിൽ എൽ.ഡി.എഫിന് വ്യക്തമായ മേൽക്കൈ നേടാനായി.
എം.എം വർഗീസ്
ജില്ലാ സെക്രട്ടറി, സി.പി.എം
ആദ്യഘട്ടത്തിലെ സ്ഥാനാർത്ഥികളുടെ ഓട്ടപ്രദക്ഷിണം പൂർത്തിയായി. നിയോജക മണ്ഡലം കൺവെൻഷനുകൾ ചേരാനാരംഭിച്ചിട്ടുണ്ട്. മണ്ഡലം കൺവെൻഷനുകൾ അടുത്ത ദിവസങ്ങളിൽ തുടങ്ങും. സ്ഥാനാർത്ഥി നിർണയത്തെച്ചൊല്ലിയുള്ള പ്രശ്‌നങ്ങൾ പെട്ടെന്നുള്ള പ്രതികരണങ്ങളായേ കണക്കാക്കുന്നുള്ളൂ. എല്ലാവരെയും ഒരുമിച്ച് നിറുത്തി തിരഞ്ഞെടുപ്പിനെ നേരിടും.
എം.പി. വിൻസെന്റ്
ഡി.സി.സി പ്രസിഡന്റ്
ബി.ജെ.പിയുടെ ബൂത്ത് കൺവെൻഷനുകൾ പൂർത്തിയായി. നാളെ മുതൽ മണ്ഡലം കൺവെൻഷൻ ആരംഭിക്കും. ഇതിൽ ദേശീയ സംസ്ഥാന നേതാക്കൾ പങ്കെടുക്കും. നാമനിർദ്ദേശ പത്രിക സമർപ്പണം കഴിഞ്ഞാൽ സ്ഥാനാർത്ഥി പര്യടനം ആരംഭിക്കും. ജില്ലയിൽ ഇത്തവണ ചരിത്രം കുറിക്കുന്ന പ്രകടനമായിരിക്കും എൻ.ഡി.എ കാഴ്ച വയ്ക്കുക.
അഡ്വ. കെ.കെ അനീഷ് കുമാർ
ബി.ജെ.പി ജില്ലാ പ്രസിഡന്റ്
മതനിരപേക്ഷത, ചരിത്രത്തിൽ ഏറ്റവും വലിയ വെല്ലുവിളി നേടുന്ന സാഹചര്യമാണിത്. മതനിരപേക്ഷതയാണ് ജനാധിപത്യത്തിന്റെ മൗലികമായ ആശയം. അതിനെ തകർക്കാൻ അനുവദിക്കരുത്. രാജ്യ സ്നേഹം പരസ്യവാക്യമല്ല. അതിന് ആരുടെ ആഹ്വാനവും വേണ്ട. മതനിരപേക്ഷത ഇന്ന് ചർച്ചയാകുന്നില്ല. രാജ്യ സ്നേഹം, രാജ്യദ്രോഹം എന്നീ വാക്കുകൾ ഇന്ന് ചർച്ചയാക്കുന്നത് ആരുടെ അജണ്ടയാണ്.
കെ.ഇ.എൻ. കുഞ്ഞുമുഹമ്മദ്.
ചാലക്കുടിയിൽ പു.ക.സയുടെ സാംസ്കാരിക ജാഥയുടെ സമാപനത്തിൽ പറഞ്ഞത്
പാലാരിവട്ടം പാലത്തോട് യു.ഡി.എഫ് ചെയ്തത് തന്നെയാണ് അവർ കേരളത്തോടും ചെയ്തത്. പാലാരിവട്ടം പാലത്തോട് എൽ.ഡി.എഫ് ചെയ്തതാണ് അവർ ഈ സമൂഹത്തോട് ചെയ്തത്. ഈ പാലം ചൂണ്ടിക്കാട്ടിയാൽ മാത്രം മതി കേരളത്തിൽ യു.ഡി.എഫും എൽ.ഡി.എഫും തമ്മിലുള്ള വ്യത്യാസം മനസിലാക്കാൻ. ഇത്തവണ തിരഞ്ഞെടുപ്പിൽ ഭരണവിരുദ്ധ വികാരം ജനങ്ങൾക്കിടയിൽ കാണാനില്ല.
ബാലചന്ദ്രൻ ചുള്ളിക്കാട്
ഇടതുപക്ഷ ജനാധിപത്യ മുന്നണി തൃശൂർ നിയോജക മണ്ഡലം മേഖലാ കൺവെൻഷനിൽ സംസാരിച്ചത്