
തൃശൂർ: മണലൂർ മണ്ഡലത്തിൽ കോൺഗ്രസിലെ തർക്കങ്ങൾ വഴിത്തിരിവിലേക്ക്. സ്ഥാനാർത്ഥി നിർണയത്തെ ചൊല്ലിയുള്ള തർക്കങ്ങൾ തീരുന്ന ലക്ഷണമില്ല. മണലൂർ മണ്ഡലത്തിലേത് പേയ്‌മെന്റ് സീറ്റാണെന്ന് ആരോപിച്ച് കെ.പി.സി.സി. അംഗവും മുതിർന്ന കോൺഗ്രസ് നേതാവുമായ സി.ഐ സെബാസ്റ്റ്യൻ രാജിവെച്ചു.
തൃശൂരിൽ നടത്തിയ പത്രസമ്മേളനത്തിലാണ് കോൺഗ്രസ് നേതൃത്വത്തിനെതിരെ ഗുരുതര ആരോപണങ്ങളുന്നയിച്ച് സെബാസ്റ്റ്യൻ രാജിപ്രഖ്യാപനം നടത്തിയത്. മണലൂരിലെ കോൺഗ്രസ് സ്ഥാനാർത്ഥി മൂന്നാം സ്ഥാനത്തെത്തുമെന്നും പൊതുപ്രവർത്തനം തുടരുമെന്നും സെബാസ്റ്റ്യൻ അറിയിച്ചു. ടി.എൻ പ്രതാപൻ എം.പി, ഡി.സി.സി പ്രസിഡന്റ് എം.പി വിൻസെന്റ് , മുതിർന്ന കോൺഗ്രസ് നേതാവ് പി.എ മാധവൻ തുടങ്ങിയ നേതാക്കളാണ് മണലൂരിലെ സ്ഥാനാർത്ഥി നിർണയത്തിനായി പണം കൈപ്പറ്റിയതെന്ന് സി.ഐ സെബാസ്റ്റ്യൻ ആരോപിച്ചു.
ജില്ലയിൽ എ ഗ്രൂപ്പിനായി നിശ്ചയിക്കപ്പെട്ട മണലൂർ മണ്ഡലത്തിൽ 1996 മുതൽ പരിഗണിക്കുന്ന വ്യക്തിയാണ്. 40 വർഷമായി കോൺഗ്രസിന്റെ വിവിധ ഘടകങ്ങളിൽ പ്രവർത്തിക്കുന്നു. 2001, 2006, 2011, 2016 തിരഞ്ഞെടുപ്പുകളിൽ സീറ്റ് നിഷേധിക്കപ്പെട്ടപ്പോൾ പ്രതിഷേധിച്ചില്ല. എന്നാൽ ഇത്തവണ എ ഗ്രൂപ്പുമായി പുലബന്ധം പോലുമില്ലാത്ത അത്രയധികം പ്രവർത്തന പാരമ്പര്യമില്ലാത്ത മണ്ഡലത്തിന് പുറത്തുള്ള ഒരാളെ പരിഗണിച്ചത് പണം വാങ്ങിയാണ്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലും വ്യാപകമായി പണം വാങ്ങി സീറ്റ് നൽകിയിരുന്നു. ഇനി പ്രതികരിക്കാതിരിക്കാനാവില്ല.
സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച ഞായറാഴ്ച രാവിലെ 11 വരെ ഉമ്മൻചാണ്ടി ഫോണിൽ സംസാരിച്ചപ്പോൾ സ്ഥാനാർത്ഥിത്വം സംബന്ധിച്ച് പ്രതീക്ഷ നൽകിയിരുന്നു. ഇതിന്റെ ഭാഗമായി ബയോഡാറ്റ പ്രത്യേകം വാങ്ങിവെക്കുകയും ചെയ്തു. എന്നാൽ പ്രഖ്യാപനശേഷം ഉമ്മൻചാണ്ടിയോ എ.കെ. ആന്റണിയോ ഫോൺ എടുത്തിട്ടില്ല. സീറ്റ് നിഷേധിച്ചതിന് നീതീകരണമില്ല. നിശ്ചയദാർഢ്യം ഉള്ളതിനാൽ കരയാനോ തല മൊട്ടയടിക്കാനോ ഇല്ല. കെ.പി.സി.സി അംഗത്വം രാജിവെച്ച കത്ത് ഉടൻ സോണിയാ ഗാന്ധിക്ക് ഉൾപ്പെടെ കൈമാറും. ആശയ സംഹിതകളോട് യോജിക്കുന്ന പാർട്ടികളുമായി ചേർന്ന് പ്രവർത്തിക്കും. വിമതനാകില്ലെങ്കിലും വിജയഹരിക്കെതിരെ രംഗത്തുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.