
തൃശൂർ: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി എൽ.ഡി.എഫിന്റെ ഉന്നത നേതാക്കൾ ജില്ലയിലെത്തുന്നു. 20 ന് മുഖ്യമന്ത്രി പിണറായി വിജയനും 27 ന് സീതാറാം യെച്ചൂരിയും മാർച്ച് 25 ന് എസ്. രാമചന്ദ്രൻ പിള്ളയും 28 ന് എം.എ ബേബിയും തോമസ് ഐസക്കും 31 ന് വൃന്ദ കാരാട്ടും ജില്ലയിലെത്തും. 20 ന് ചേലക്കര, കുന്നംകുളം, ഇരിങ്ങാലക്കുട, പുതുക്കാട്, തൃശൂർ എന്നിവിടങ്ങളിലെ പ്രചാരണ യോഗങ്ങളിലാണ് പിണറായി പങ്കെടുക്കുക.
27 ന് മണ്ണുത്തി, വടക്കാഞ്ചേരി, ചാവക്കാട് എന്നിവിടങ്ങളിലെ യോഗങ്ങളിൽ യെച്ചൂരി പങ്കെടുക്കും. കൊടുങ്ങല്ലൂർ, കാഞ്ഞാണി, ഗുരുവായൂർ, വടക്കാഞ്ചേരി എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പ് യോഗങ്ങളിൽ എസ്. രാമചന്ദ്രൻ പിള്ള പങ്കെടുക്കും. 28 ന് ചാലക്കുടി, ഒല്ലൂർ, തൃപ്രയാർ, മണലൂർ എന്നിവിടങ്ങളിലെ യോഗങ്ങളിലാണ് എം.എ ബേബി പങ്കെടുക്കുക.
പുതുക്കാട് യു.ഡി.എഫിന്റെ പ്രചരണം
അനിശ്ചിതത്വത്തിൽ
പുതുക്കാട്: കെട്ടിയിറക്കിയ സ്ഥാനാർത്ഥിയെ അംഗീകരിക്കാനാകില്ലെന്ന വാദവുമായി കോൺഗ്രസ് പ്രവർത്തകർ രംഗത്തെത്തിയതോടെ യു.ഡി.എഫ് സ്ഥാനാർത്ഥി സുനിൽ അന്തിക്കാടിന്റെ പ്രചാരണം അനിശ്ചിതത്വത്തിൽ. മണ്ഡലത്തിൽ ഒരിടത്തും പോസ്റ്ററുകളോ, ഫ്ളക്സ് ബോർഡുകളോ സ്ഥാപിക്കാനായിട്ടില്ല.
സ്ഥാനാർത്ഥിയെത്തി വേണ്ടപെട്ടവരുമായി എതാനും കൂടിയാലോചനകളും യോഗങ്ങളും നടത്തിയിരുന്നു. അതേസമയം എൽ.ഡി.എഫിന്റെയും ബി.ജെ.പിയുടെയും പ്രചാരണം ഏറെ മുന്നേറി. മണ്ഡലത്തിലുടനീളം പോസ്റ്ററുകൾ സ്ഥാപിച്ചു. ചുമരെഴുത്തുകളും പൂർത്തിയായി. നിയോജക മണ്ഡലം തല കൺവെൻഷനും, പഞ്ചായത്ത് തല കൺവെൻഷനും നടന്നു. നാമനിർദ്ദേശ പത്രിക സമർപ്പണത്തിനുള്ള സമയം കഴിയുന്നതിന് മുമ്പായി മണ്ഡലത്തിനകത്ത് നിന്ന് സ്ഥാനാർത്ഥിയെ കണ്ടെത്തണമെന്നാണ് കോൺഗ്രസ് പ്രവർത്തകരുടെയും, നേതാക്കളുടെയും ആവശ്യം. ഇതിനിടെ അളഗപ്പനഗർ, പുതുക്കാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമാരെയും മണ്ഡലം ഭാരവാഹികളെയും ഇന്നലെ വൈകീട്ട് ഡി.സി.സിയിലേക്ക് അനുരഞ്ജന ചർച്ചയ്ക്കായി വിളിപ്പിച്ചിരുന്നു.
കെ.രാജനും എൻ.കെ അക്ബറും
പത്രിക സമർപ്പിച്ചു
തൃശൂർ : മൂന്ന് സ്ഥാനാർത്ഥികൾ കൂടി പത്രിക സമർപ്പിച്ചതോടെ ജില്ലയിൽ ആകെ പത്രിക സമർപ്പിച്ചത് അഞ്ച് പേരായി. ഗുരുവായൂർ നിയോജക മണ്ഡലത്തിൽ ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി സ്ഥാനാർത്ഥി ദിലീപ് സി.എ, സി.പി.എം സ്ഥാനാർത്ഥി എൻ.കെ അക്ബർ എന്നിവർ റിട്ടേണിംഗ് ഓഫീസർ സുരേഷ് കണിചെറിയാൻ മുമ്പാകെയും ഒല്ലൂരിലെ സി.പി.ഐ സ്ഥാനാർത്ഥി കെ. രാജൻ റിട്ടേണിംഗ് ഓഫീസർ ശില്പ വി. കുമാർ മുമ്പാകെയുമാണ് പത്രിക സമർപ്പിച്ചത്. അതേസമയം ഇടതു മുന്നണി തൃശൂർ നിയോജക മണ്ഡലം സ്ഥാനാർത്ഥി പി. ബാലചന്ദ്രൻ ഇന്ന് ഉച്ചയ്ക്ക് പത്രിക സമർപ്പിക്കും. രാവിലെ 11 ന് അമർജവാൻ ജ്യോതി പരിസരത്ത് നിന്ന് ചട്ടം പാലിച്ച് പ്രവർത്തകരുടെ അകമ്പടിയോടെയാണ് പത്രിക സമർപ്പിക്കാനെത്തുക