
തൃശൂർ: ഒരു വർഷത്തെ കൊവിഡ് ഇടവേളയ്ക്ക് ശേഷമെത്തുന്ന പൂരത്തെ ആഹ്‌ളാദത്തോടെയും ആരവത്തോടെയും ആഘോഷിക്കാൻ തൃശൂർ ഒരുങ്ങുമ്പോൾ ആവേശം പകരാൻ ഇത്തവണ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെത്തില്ല.
രാമചന്ദ്രന് പകരം കൊച്ചിൻ ദേവസ്വം ബോർഡിന്റെ കൊമ്പൻ എറണാകുളം ശിവകുമാറാണ് തെക്കേ ഗോപുര നട തള്ളിത്തുറക്കുക. നെയ്തലക്കാവ് ക്ഷേത്ര ഭരണസമിതിയുടേതാണ് തീരുമാനം. പൂരവിളംബരമായ വടക്കുന്നാഥന്റെ തെക്കേഗോപുര വാതിൽ തള്ളി തുറക്കുന്ന ചടങ്ങ് നിർവഹിക്കാനാണ് എല്ലാവർഷവും തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നെള്ളിക്കാറ്.
കൊവിഡിന് മുമ്പുള്ള 2019 ലെ പൂരത്തിന് രാമചന്ദ്രനാണ് തെക്കേ ഗോപുര നട തള്ളിത്തുറന്നത്. ആയിരക്കണക്കിനാളുകളാണ് ചടങ്ങിന് സാക്ഷിയാകാൻ പൂരപ്പറമ്പിലെത്തിയത്. നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റിയാണ് പൂര വിളംബരമായി തെക്കേഗോപുരവാതിൽ തുറക്കുക.
2019ൽ വിലക്കിനിടയിൽ ഒരു മണിക്കൂർ കർശന വ്യവസ്ഥകളോടെയാണ് തെക്കേഗോപുര വാതിൽ തുറക്കാൻ അനുമതി ലഭിച്ചത്. അത്രയൊന്നും പ്രശസ്തമല്ലാതിരുന്ന തെക്കേഗോപുര വാതിൽ തുറന്നിടുന്ന ചടങ്ങിനെ ജനകീയമാക്കിയത് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനായിരുന്നു. ജനസാഗരമെത്തുന്ന വിധത്തിലേക്ക് പൂരവിളംബരം മാറി.
തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ തൃശൂർ പൂരത്തിലെ മറ്റ് എഴുന്നെള്ളിപ്പുകളിൽ പങ്കെടുപ്പിക്കുന്നില്ലെങ്കിലും തെക്കേനട തുറക്കുന്ന ചടങ്ങ് തന്നെ മറ്റ് ചടങ്ങുകളേക്കാളും ഗംഭീരമായിരുന്നു. ഇതിന് മാത്രമായി ദൂരദേശത്ത് നിന്നു പോലും ആളുകളെത്തിയിരുന്നു. രാമചന്ദ്രനെ എഴുന്നെള്ളിക്കണമെന്നാവശ്യപ്പെട്ട് വിവിധ മേഖലകളിൽ നിന്നും പ്രതിഷേധങ്ങളുമുയർന്നിരുന്നു. രാമചന്ദ്രന്റെ ആരോഗ്യസ്ഥിതി കണക്കിലെടുത്ത് വനംവകുപ്പിന്റെ നിർദ്ദേശമനുസരിച്ചാണ് തീരുമാനമെന്നാണ് ദേവസ്വം നൽകുന്ന വിവരം.