
കൊടുങ്ങല്ലൂർ: കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വന്നതിനെ തുടർന്ന് കൊടുങ്ങല്ലൂർ ശ്രീകുരുംബക്കാവിലേക്ക് കോമരക്കൂട്ടങ്ങൾ ഒഴുകിയെത്തുകയാണ്. രേവതി നാളായ ചൊവ്വാഴ്ച ക്ഷേത്രാങ്കണത്തിൽ കോമരക്കൂട്ടങ്ങളുടെ സാമാന്യം ഭേദപ്പെട്ട തിരക്കാണ് അനുഭവപ്പെടുന്നത്. അവകാശത്തറകളിലും മറ്റും നിയന്ത്രണം ഏർപ്പെടുത്തിയത് മൂലം പല സംഘങ്ങളും ദർശനം നടത്തി മടങ്ങി.
അവകാശത്തറകളിൽ അഞ്ചു പേർക്കാണ് ഇത്തവണ പ്രവേശനം. പത്ത് പേർ വീതമടങ്ങുന്ന കോമരക്കൂട്ടങ്ങളുടെ സംഘങ്ങൾക്കാണ് ഇക്കുറി ശ്രീകുരുംബക്കാവിലെക്ക് പ്രവേശനം അനുവദിച്ചത്. കാളിദാരിക യുദ്ധത്തിൽ ദാരികവധം പൂർത്തിയാക്കുന്ന രേവതി നാളിലെ സന്ധ്യയിൽ ഭഗവതിയുടെ യുദ്ധവിജയത്ത അനുസ്മരിച്ചാണ് രേവതി വിളക്കുകൾ തെളിയുന്നത്.
ക്ഷേത്രത്തിലെ കൽവിളക്കുകളിലും ദീപസ്തംഭങ്ങളിലും സന്ധ്യയോടെ നെയ്യ് വിളക്കുകൾ തെളിഞ്ഞു. ബുധനാഴ്ചയാണ് അശ്വതി കാവുതീണ്ടൽ. അശ്വതി നാളിലെ ഏറ്റവും പ്രധാനപ്പെട്ട തൃച്ചന്ദന ച്ചാർത്ത് പൂജകൾ അവകാശികളായ മൂന്നുമഠങ്ങളിലെ അടികൾമാർ ചേർന്നാണ് നിർവഹിക്കുക. പന്തീരടിപൂജ കഴിഞ്ഞ് വടക്കേ നട അടച്ച ശേഷമാണ് വലിയതമ്പുരാന്റെ അനുമതിയോടെ പൂജകൾ നടക്കുക. മീത്തിൽ മഠം, കുന്നത്തുമഠം, നീലത്ത് മഠം എന്നിവിടങ്ങളിലെ അടികൾമാർ ചേർന്നാണ് ഏഴരയാമം നീണ്ടുനിൽക്കുന്ന പൂജകൾ ചെയ്യുക.
കൊടുങ്ങല്ലൂർ ക്ഷേത്രത്തിൽ വീണ്ടും
കോഴിയെ അറുത്തു ചോര വീഴ്ത്തി
കൊടുങ്ങല്ലൂർ: ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിൽ പൊലീസിന്റെ കണ്ണ് വെട്ടിച്ച് വീണ്ടും കോഴിയെ ബലികൊടുത്തു. ചൊവ്വാഴ്ച രാവിലെ എട്ടരയോടെ ക്ഷേത്രം വടക്കെ നടയിൽ കോഴിക്കല്ലിന് സമീപമായിരുന്നു സംഭവം. നാല് പേരടങ്ങിയ സംഘമാണ് കോഴിയെ അറുത്തത്. വടക്കെ നടയിൽ നിന്ന് പ്രാർത്ഥിച്ച ശേഷം പ്ലാസ്റ്റിക് കവറിൽ കൊണ്ടുവന്ന കോഴികളെ കഴുത്തറുത്ത് ചോരയിറ്റിച്ച് സംഘം ഓടി മറഞ്ഞു. മൂന്ന് കോഴികളെയാണ് കഴുത്തറുത്തതെന്ന് കരുതുന്നു. സംഭവമറിഞ്ഞ് ഉടൻ തന്നെ പൊലീസ് തെരച്ചിൽ നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല.
ക്ഷേത്രത്തിൽ ഭക്തർ കൂടുതലായി വന്നെത്തുന്നതിന് മുമ്പായിരുന്നു സംഭവം. കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ക്ഷേത്രത്തിൽ പൊലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ പൊലീസിന്റെയും ക്ഷേത്രം ജീവനക്കാരുടെയും കണ്ണ് വെട്ടിച്ചാണ് സംഘം കോഴിയെ അറുത്തത്. ദേവസ്വം മാനേജറുടെ പരാതിയെ തുടർന്ന് പൊലീസ് കേസെടുത്തു.
ക്ഷേത്രത്തിലെ സി.സി.ടി.വിയിൽ പ്രതികളെക്കുറിച്ച് സൂചന ലഭിച്ചതായി പൊലീസ് അറിയിച്ചു. കഴിഞ്ഞ വർഷവും ഭരണി നാളിൽ സമാനമായ സംഭവം അരങ്ങേറിയിരുന്നു. ഇതേ തുടർന്ന് കോട്ടയം, കോഴിക്കോട്, കൊടുങ്ങല്ലൂർ എന്നിവിടങ്ങിൽ താമസിക്കുന്ന മൂന്ന് പേരെ പൊലീസ് അന്ന് ജന്തു ബലി നിരോധന നിയമ പ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്തിരുന്നു. ഇവരുടെ സംഘമാണ് ഇപ്പോഴത്തെ സംഭവത്തിന്റെ പിന്നിലെന്നാണ് പൊലീസ് സൂചന നൽകുന്നത്.