തൃശൂർ: മണലൂർ മണ്ഡലത്തിൽ കോൺഗ്രസിന്റേത് പേമെന്റ് സീറ്റാണെന്ന് ആരോപിച്ച് കെ.പി.സി.സി അംഗവും മുതിർന്ന കോൺഗ്രസ് നേതാവുമായ സി.ഐ. സെബാസ്റ്റ്യൻ രാജിവച്ചു. മണലൂരിലെ കോൺഗ്രസ് സ്ഥാനാർത്ഥി മൂന്നാം സ്ഥാനത്തെത്തുമെന്നും പൊതുപ്രവർത്തനം തുടരുമെന്നും സെബാസ്റ്റ്യൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ടി.എൻ. പ്രതാപൻ എം.പി, ഡി.സി.സി പ്രസിഡന്റ് എം.പി. വിൻസെന്റ്, മുതിർന്ന കോൺഗ്രസ് നേതാവ് പി.എ. മാധവൻ തുടങ്ങിയവരാണ് മണലൂരിലെ സ്ഥാനാർത്ഥി നിർണയത്തിനായി പണം കൈപ്പറ്റിയതെന്ന് സെബാസ്റ്റ്യൻ ആരോപിച്ചു. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിലും വ്യാപകമായി പണം വാങ്ങി സീറ്റ് നൽകിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.