ചാലക്കുടി: ഇറിഗേഷൻ ക്വാർട്ടേഴ്‌സ് പരിസരത്തെ കണ്ണംകുളം നിറയ്ക്കുന്ന ദൗത്യം പുരോഗമിക്കുന്നു. തിങ്കളാഴ്ച വൈകീട്ട് മുതൽ കൂടപ്പുഴ ബ്രാഞ്ച് കനാലിലൂടെ തുറന്നിട്ട വെള്ളം സൗത്ത് ജംഗ്ഷൻ വരെ മാത്രമേ എത്തിയിട്ടുള്ളൂ. വീതിക്കുറവും ഒഴുക്ക് തടസപ്പെടുന്നതുമായ പ്രദേശങ്ങളിൽ കൂടി കടന്നുപോയ ശേഷമേ വെള്ളം യഥാസ്ഥാനത്ത് എത്തുകയുള്ളൂ.
മൂന്നര പതിറ്റാണ്ടുകൾക്കു ശേഷം കഴിഞ്ഞ 2020 ഡിസംബറിലാണ് ആദ്യമായി കണ്ണംകുളത്തിൽ വെള്ളം എത്തിയത്. അന്നത്തെ നഗരസഭാ ഭരണസമിതിയാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. ബി.ഡി. ദേവസി എം.എൽ.എയുടെ ഇടപെടലുമുണ്ടായി. സംസ്ഥാന കൃഷി വകുപ്പ് കെ.എൽ.ബി.സിയിൽ നിന്നും അനുവദിച്ച 58 ലക്ഷം രൂപ ഉപയോഗിച്ച് കുളം നവീകരിക്കുകയും ചെയ്തു.
പുരാതനമായ കുളം കാലക്രമേണ മണ്ണടിഞ്ഞ് പ്രയോജന രഹിതമായി കിടക്കുകയായിരുന്നു. നവീകരണത്തോടെ വലിയൊരു പ്രദേശത്ത നൂറുകണക്കിന് വീട്ടുകാർക്ക് കുടിവെള്ള ക്ഷാമത്തിനും ഇതോടെ പരിഹാരമായി. ദേശീയ പാത നാലുവരിയാക്കിയതോടെ സൗത്ത് ജംഗ്ഷനിൽ സംഭവിച്ച തടസമാണ് കനാലിൽ വെള്ളം ഒഴുകുന്നതിന് തടസമായത്. ഭഗീരഥ പ്രയത്‌നം നടത്തിയാണ് ഇപ്പോൾ കണ്ണംകുളത്തിലേക്ക് വെള്ളം എത്തിക്കുന്നത്.