വടക്കാഞ്ചേരി: ആവേശം തീർത്ത് എൻ.ഡി.എ സ്ഥാനാർത്ഥി അഡ്വ. ടി.എസ്. ഉല്ലാസ് ബാബുവിന്റെ റോഡ് ഷോ. ഇന്നലെ വൈകീട്ട് തിരൂർ വടകുറുംബക്കാവ് ക്ഷേത്ര പരിസരത്ത് നിന്ന് സ്ത്രീകളടക്കം നിരവധി പ്രവർത്തകരുടെ അകമ്പടിയോടെയാണ് കാൽനടയായി റോഡ് ഷോ ആരംഭിച്ചത്.
വഴിയോരങ്ങളിൽ എൻ.ഡി.എ സ്ഥാനാർത്ഥിയെ വരവേറ്റ് നിരവധി പേരാണ് കാത്തുനിന്നിരുന്നത്. തിരൂർ, മുളംങ്കുന്നത്ത്കാവ്, വെളപ്പായ, അത്താണി, കുറാഞ്ചേരി, പാർളിക്കാട്, റെയിൽവേ സ്റ്റേഷൻ തുടങ്ങിയ കേന്ദ്രങ്ങളിൽ പ്രദേശിക കമ്മിറ്റികളുടെ നേതൃത്വത്തിൽ വരവേൽപ്പ് നൽകി. വടക്കാഞ്ചേരി ടൗണിലേക്ക് പ്രവേശിച്ചതോടെ നൂറുകണക്കിന് പേർ റോഡ് ഷോയിൽ പങ്കാളികളായി. തുടർന്ന് ടൗണിലൂടെ നിരവധി പേരുടെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി ഓട്ടുപാറയിൽ സമാപിച്ചു.
മണ്ഡലം പ്രസിഡന്റ് കെ.എൻ. വിനയകുമാർ, മണ്ഡലം പ്രഭാരി ദയാനന്ദൻ മാമ്പുള്ളി, കർഷക മോർച്ച ജില്ലാ ജനറൽ സെക്രട്ടറി കെ.ഗീരിഷ് കുമാർ, ഐ.എം. രാജേഷ്, എസ്. രാജു, ബിജിഷ്, പി.ജി. രവീന്ദ്രൻ, അരുദ്ധതി ടീച്ചർ, ഷീജ രാജേഷ്, നിത്യ സാഗർ, കെ. ശ്രീദാസ് എന്നിവർ നേതൃത്വം നൽകി.