തൃശൂർ: എൻ.ഡി.എയിലെ പ്രധാന സഖ്യകക്ഷിയായ ബി.ഡി.ജെ.എസ് മത്സരിക്കുന്ന രണ്ട് മണ്ഡലങ്ങളായ ചാലക്കുടിയിലും കയ്പമംഗലത്തും ഇത്തവണ ശക്തമായ മത്സരം കാഴ്ചവച്ച് അട്ടിമറി വിജയം നേടാൻ ചൂടുപിടിച്ച പ്രചാരണം.
ബി.ജെ.പിക്കും ബി.ഡി.ജെ.എസിനും ഏറെ വേരോട്ടമുണ്ട് രണ്ടിടത്തും. ചാലക്കുടിയിൽ, കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ. ഉണ്ണിക്കൃഷ്ണൻ തന്നെയാണ് ഇക്കുറിയും മത്സരരംഗത്തുള്ളത്. ഇതിനോടകം മണ്ഡലത്തിൽ ഏറെ ശ്രദ്ധപിടിച്ചു പറ്റുന്ന പ്രവർത്തനവുമായി മുന്നോട്ട് പോകുകയാണ് സ്ഥാനാർത്ഥി. വർഷങ്ങളായി എസ്.എൻ.ഡി.പി യോഗം ഉൾപ്പെടെയുള്ള ശ്രീനാരായണീയ സംഘടനകളിലും മറ്റ് വിവിധ സാമൂഹിക സാംസ്‌കാരിക സംഘടനകളിലും സജീവ സാന്നിദ്ധ്യമാണ് കെ.എ. ഉണ്ണിക്കൃഷ്ണൻ. കഴിഞ്ഞ തവണ ആദ്യമായി ചാലക്കുടിയിൽ അങ്കം കുറിച്ച ഉണ്ണിക്കൃഷ്ണൻ കാൽ ലക്ഷത്തിലേറെ വോട്ടാണ് കരസ്ഥമാക്കിയത്.
2011ൽ ഇവിടെ ബി.ജെ.പിക്ക് സ്ഥാനാർത്ഥിക്ക് ലഭിച്ചത് 5,976 വോട്ടാണെങ്കിൽ ഉണ്ണിക്കൃഷ്ണനിലൂടെ 26,229 വോട്ടായി ഉയർത്താൻ സാധിച്ചു. നാലിരട്ടി വോട്ട് വർദ്ധനയാണ് ഉണ്ടായത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലും തദ്ദേശ തിരഞ്ഞെടുപ്പിലും തങ്ങളുടെ വോട്ട് വിഹിതം വർദ്ധിപ്പിക്കാൻ സാധിച്ചത് ആത്മവിശ്വാസം വർദ്ധിപ്പിച്ചത് ആത്മവിശ്വാസം പകരുന്നു. കേരളകോൺഗ്രസ് എമ്മിലെ ഡെന്നീസ് ആന്റണിയാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി. കോൺഗ്രസിലെ ടി.ജെ. സനീഷ് കുമാറാണ് യു.ഡി.എഫ് സ്ഥാനാർത്ഥി.
കയ്പമംഗലത്തും പ്രചാരണം രംഗം ഉണർത്തിയാണ് എൻ.ഡി.എ സ്ഥാനാർത്ഥിയും ബി.ഡി.ജെ.എസ് ജില്ലാ പ്രസിഡന്റുമായ സി.ഡി. ശ്രീലാൽ മുന്നേറുന്നത്. മൂന്നു പതിറ്റാണ്ടിലേറെയായി പൊതു രംഗത്ത് സജീവമായ ശ്രീലാൽ നിരവധി വർഷങ്ങളായി മാള എസ്.എൻ.ഡി.പി യൂണിയന്റെ സെക്രട്ടറിയാണ്. കഴിഞ്ഞ ഇവിടെ മത്സരിച്ച ഉണ്ണിക്കൃഷ്ണൻ തഷ്ണാത്ത് 30,041 വോട്ട് നേടി നിർണ്ണായക ശക്തിയാക്കി എൻ.ഡി.എയെ മാറ്റിയിരുന്നു. 2011ൽ ബി.ജെ.പി സംസ്ഥാന നേതാവായിരുന്ന എ.എൻ.രാധാകൃഷ്ണന് 10,716 വോട്ടാണ് ലഭിച്ചത്. ഇതാണ് മുപ്പതിനായിരത്തിലധികം എത്തിക്കാൻ സാധിച്ചത്. ഈ വോട്ട് വളർച്ച ഇത്തവണ വിജയ പ്രതീക്ഷ നൽകുന്നതാണെന്ന് ശ്രീലാൽ പറയുന്നു. കയ്പമംഗലത്തെ കഴിഞ്ഞ യു.ഡി.എഫ് സ്ഥാനാർത്ഥി മുഹമ്മദ് നഹാസ് കഴിഞ്ഞ ദിവസം ബി.ജെ.പിയിൽ ചേർന്നിരുന്നു. ഇത്തവണയും എൽ.ഡി.എഫിനായി സിറ്റിംഗ് എം.എൽ.എ ഇ.ടി. ടൈസൺ ആണ് സ്ഥാനാർത്ഥി. യു.ഡി.എഫ് സ്ഥാനാർത്ഥി മുൻ ജില്ലാ പഞ്ചായത്ത് അംഗം ശോഭ സുബിനാണ്.