തൃശൂർ: സ്ഥാനാർത്ഥി പരിവേഷം കൊണ്ടും രാഷ്ട്രീയ ചർച്ചകൾ കൊണ്ടും സംസ്ഥാന തലത്തിൽ തന്നെ ശ്രദ്ധേയമാകുന്ന മണ്ഡലങ്ങൾ ജില്ലയിലേറെ. മൂന്നു മുന്നണികളും ഇത്തവണ ശക്തരായ സ്ഥാനാർത്ഥികളെയാണ് ഈ മണ്ഡലങ്ങളിൽ രംഗത്തിറക്കിയിരിക്കുന്നത്. ആ മണ്ഡലങ്ങളിലൂടെ:
തൃശൂർ
പഞ്ച് ഡയലോഗുമായി എത്തുന്ന സുരേഷ് ഗോപിയുടെ സാന്നിദ്ധ്യമാണ് തൃശൂരിനെ ഇത്തവണയും ശ്രദ്ധേയമാക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഉണ്ടാക്കിയ ഓളം ഇത്തവണയും ലഭിക്കുമെന്ന് കരുതുമ്പോൾ, എൽ.ഡി.എഫ് സർക്കാരിന്റെ വികസന നേട്ടങ്ങളും മന്ത്രി സുനിൽ കുമാർ മണ്ഡലത്തിൽ നൽകിയ സംഭാവനകളും വഴി മേധാവിത്വം നിലനിറുത്താൻ സാധിക്കുമെന്നാണ് എൽ.ഡി.എഫിന്റെ പ്രതീക്ഷ. സുനിൽ കുമാർ സ്ഥാനാർത്ഥിയായ പി. ബാലചന്ദ്രനൊപ്പം നിഴൽ പോലെ പ്രചാരണ രംഗത്ത് അദ്ദേഹമുണ്ട്. അതേ സമയം പതിനായിരത്തിൽ താഴെ മാത്രം ഭൂരിപക്ഷമുള്ള മണ്ഡലം തിരിച്ചു പിടിക്കുക എന്നത് വിഷമമുള്ള കാര്യമല്ലെന്ന ആത്മവിശ്വാസത്തിലാണ് പദ്മജ.
കുന്നംകുളം
മന്ത്രി എ.സി. മൊയ്തീൻ മത്സരിക്കുന്ന മണ്ഡലമെന്ന നിലയിൽ ശ്രദ്ധേയമാണ് കുന്നംകുളം. കഴിഞ്ഞ തവണ 7782 വോട്ടിന്റെ ഭൂരിപക്ഷമാണ് എ.സി. മൊയ്തീന് ഉണ്ടായിരുന്നത്. ഇത്തവണ വികസന പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടി അത് വർദ്ധിപ്പിക്കാൻ സാധിക്കുമെന്ന് എൽ.ഡി.എഫ് കണക്കൂകുട്ടുന്നു. ഇത്തവണ കുന്നംകുളത്തുകാരൻ തന്നെയാണ് എതിരാളി. ജില്ലയിൽ കോൺഗ്രസ് പ്രഖ്യാപിച്ച പട്ടികയിൽ എതിർപ്പില്ലാത്ത പേരുകളിൽ ഒന്നു കൂടിയാണ് സ്ഥാനാർത്ഥിയായ കെ. ജയശങ്കറിന്റേത് . ബി.ജെ.പിക്ക് ഏറെ സ്വാധീനമുള്ള മണ്ഡലമായ ഇവിടെ ജില്ലാ പ്രസിഡന്റ് അഡ്വ. കെ.കെ. അനീഷ് കുമാർ ആണ് രംഗത്തുള്ളത്.
ഇരിങ്ങാലക്കുട
മുൻ ഡി.ജി.പി ജേക്കബ്ബ് തോമസും സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്റെ ഭാര്യ ആർ. ബിന്ദുവും മത്സരിക്കുന്ന മണ്ഡലം എന്നതാണ് ഇരിങ്ങാലക്കുടയെ ശ്രദ്ധാകേന്ദ്രമാക്കുന്നത്. മുൻ ചീഫ് വിപ്പ് തോമസ് ഉണ്ണിയാടനാണ് മറ്റൊരു എതിരാളി. അഴിമതിക്കെതിരെയുള്ള പോരാളി എന്ന നിലയിൽ ശ്രദ്ധേയനായ ജേക്കബ്ബ് തോമസ് എൻ.ഡി.എ സ്ഥാനാർത്ഥിയായി നിൽക്കുമ്പോൾ സിറ്റിംഗ് സീറ്റ് നിലനിറുത്താനാണ് ഡോ. ബിന്ദുവിന്റെ ചുമതല. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് കുറവ് ഭൂരിപക്ഷം എൽ.ഡി.എഫിന് ലഭിച്ച മണ്ഡലമാണിത്. അതിനാൽ ശക്തമായ ത്രികോണ പോരിന് മണ്ഡലം സാക്ഷിയാകും. നേരത്തെ ഈ മണ്ഡലത്തെ പ്രതിനിധികരിച്ചിരുന്ന ഉണ്ണിയാടന് ഏറെ ബന്ധമുണ്ട്.
കൊടുങ്ങല്ലൂർ
മൂന്നു മുന്നണികൾക്കും ഉള്ള ശക്തിയാണ് കൊടുങ്ങല്ലൂരിനെ ശ്രദ്ധേയമാക്കുന്നത്. ഇരിങ്ങാലക്കുടയിൽ നിന്ന് രണ്ട് അയൽവാസികളാണ് സിറ്റിംഗ് എം.എൽ.എക്കെതിരെ കൊടുങ്ങല്ലൂരിൽ എത്തിയിട്ടുള്ളത്. നേരത്തെ യു.ഡി.എഫും വിജയം നേടിയ മണ്ഡലമാണിത്. എന്നാൽ കഴിഞ്ഞ തവണ വി.ആർ. സുനിൽകുമാറിന് 22791 വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചിരുന്നു. എം.പി. ജാക്‌സൺ ആണ് യു.ഡി.എഫിന്റെ സ്ഥാനാർത്ഥി. കഴിഞ്ഞ തവണ ഇരിങ്ങാലക്കുടയിൽ ശ്രദ്ധേയമായ പ്രകടനം കാഴ്ച്ചവച്ച സന്തോഷ് ചെറാക്കുളമാണ് എൻ.ഡി.എ സ്ഥാനാർത്ഥി.
വടക്കാഞ്ചേരി
കേരള രാഷ്ട്രീയത്തിൽ ചർച്ച വിഷയമായ ലൈഫ് മിഷൻ ഫ്‌ളാറ്റ് വിവാദം ഉയർത്തിയ അനിൽ അക്കര മത്സരിക്കുന്ന മണ്ഡലമാണിത്. തങ്ങൾക്ക് എതിരെയുള്ള ആരോപണങ്ങൾക്ക് മറുപടി നൽകാനായി സി.പി.എമ്മിന്റെ ജനകീയ മുഖങ്ങളിൽ ഒന്നായ സേവ്യറിനെയാണ് രംഗത്തിറക്കിയിരിക്കുന്നത്. ഇരു മുന്നണികളും കാടിളക്കിയുള്ള പ്രചാരണമാണ് നടത്തുന്നത്. ഒരോ പരിപാടികളിലും ശക്തി തെളിയിക്കുന്നതിനുള്ള തന്ത്രങ്ങളാണ് ആവിഷ്‌കരിക്കുന്നത്. മികച്ച പ്രാസംഗികനായ അഡ്വ. ടി.എസ്. ഉല്ലാസ് ബാബുവാണ് എൻ.ഡി.എയുടെ സ്ഥാനാർത്ഥി.
പുതുക്കാടും മണലൂരും നാട്ടികയിലും മത്സരം ശ്രദ്ധേയം.