
തൃശൂർ: സി.പി.എമ്മുമായി ബി.ജെ.പി ധാരണയുണ്ടെന്ന ആർ.എസ്.എസ് സൈദ്ധാന്തികൻ ആർ. ബാലശങ്കറിന്റെ ആരോപണം ബി.ജെ.പി കേന്ദ്ര നേതൃത്വം തള്ളി. എൽ.ഡി.എഫിനെയും യു.ഡി.എഫിനെയും ശക്തമായി എതിർത്താണ് ബി.ജെ.പി മുന്നോട്ട് പോകുന്നതെന്ന് ദേശീയ വക്താവ് ഗോപാലകൃഷ്ണ അഗർവാൾ തൃശൂരിൽ മാദ്ധ്യമങ്ങോട് പറഞ്ഞു. കൂട്ടുകെട്ടുണ്ടെന്നത് അദ്ദേഹത്തിന്റെ മാത്രം സൃഷ്ടിയാണ്.
ബാലശങ്കർ വെളിപ്പെടുത്തിയതിന് മറുപടിയായാണ് ദേശീയ വക്താവിന്റെ പ്രതികരണം. ഇരു മുന്നണികൾക്കുമെതിരെ ശക്തമായ ജനവികാരമാണ് കേരളത്തിലുള്ളത്. ഇത് ഉയർത്തിക്കൊണ്ടുവന്നത് ബി.ജെ.പിയാണ്. ഈ സാഹചര്യത്തിൽ നീക്കുപോക്കുണ്ടെന്ന ആരോപണം ബാലിശമാണ്.
ഇത്തവണ ബി.ജെ.പി മികച്ച വിജയം കൈവരിക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസുമായി ബന്ധപ്പെട്ട സ്വർണക്കടത്തിന്റെയും മാഫിയ പ്രവർത്തനത്തിന്റെയും കേന്ദ്രമാണെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. കെ.ആർ. ഹരി, സെക്രട്ടറി അനീഷ്, മണ്ഡലം പ്രസിഡന്റ് രഘുനാഥ് സി. മേനോൻ എന്നിവരും പത്രസമ്മേളനത്തിൽ പറഞ്ഞു.
ആരോപണങ്ങൾ ആവർത്തിച്ച് ബാലശങ്കർ
ബി.ജെ.പി സംസ്ഥാന നേതൃത്വത്തിനെതിരെ കഴിഞ്ഞ ദിവസം നടത്തിയ ആരോപണങ്ങളിൽ ഉറച്ചു നിൽക്കുന്നതായി ആർ.എസ്.എസ് സൈദ്ധാന്തികൻ ആർ. ബാലശങ്കർ പറഞ്ഞു. ആർ.എസ്. എസ് സഹപ്രാന്ത കാര്യവാഹക് ഗോപാലൻ കുട്ടി മാസ്റ്ററുടെ ആരോപണങ്ങളും ബാലശങ്കർ തള്ളി.
സി.പി.എമ്മുമായി ധാരണയുണ്ടെന്ന ബാലശങ്കറിന്റെ ആരോപണം ചെങ്ങന്നൂർ സീറ്റ് ലഭിക്കാതെ വന്നതിലുള്ള മനോവിഷമം കൊണ്ട് നടത്തിയതെന്ന വിശദീകരണമാണ് സംസ്ഥാന ബി.ജെ.പി നേതൃത്വം നടത്തിയത്. എന്നാൽ തന്റെ ആരോപണങ്ങളിൽ ഉറച്ചു നിൽക്കുകയാണെന്ന് ബാലശങ്കർ ഇന്നലെ പറഞ്ഞു. ഇതിനിടെയാണ് ബാലശങ്കറിനെ തള്ളി സംസ്ഥാന ആർ.എസ്.എസ് നേതൃത്വം രംഗത്തു വന്നത്. ബി.ജെ.പി നേതൃത്വം നിശ്ചയിക്കുന്ന ആളെയാണ് തങ്ങൾ അംഗീകരിക്കുന്നതെന്ന് ഗോപാലൻ കുട്ടി മാസ്റ്റർ പറഞ്ഞിരുന്നു. ഓർഗനൈസറിൽ ആർ. എസ്.എസുകാരല്ലാത്തവരും പ്രവർത്തിച്ചിട്ടുണ്ട്. ബാലശങ്കർ ഓർഗനൈസറിന്റെ ചീഫ് എഡിറ്ററായിരുന്നതായി അറിയില്ലെന്നും അദ്ദേഹംപറഞ്ഞു. ഇതിന് മറുപടിയായി ,ചെങ്ങന്നൂരിൽ ആദ്യമായി യൂണിറ്റ് തുടങ്ങിയതടക്കമുള്ള ആർ.എസ്.എസ് പാരമ്പര്യം ബാലശങ്കർ വിശദീകരിക്കുന്നു. സ്ഥാനാർത്ഥി നിർണയത്തിലെ പ്രശ്നങ്ങൾ ഡൽഹിലെത്തിയ ശേഷം കേന്ദ്ര നേതൃത്വത്തെ ധരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.