ഗുരുവായൂർ: മൂന്നു മുന്നണികളുടേയും സ്ഥാനാർത്ഥികളായതോടെ ഗുരുവായൂർ നിയമസഭാ മണ്ഡലത്തിലെ മത്സരം വാശിയിലായി. യു.ഡി.എഫ് സ്ഥാനാർത്ഥിയായി മു‌സ്‌ലിം ലീഗിലെ കെ.എൻ.എ.കാദറും എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി സി.പി.എമ്മിലെ എൻ.കെ .അക്ബറുമാണ് മത്സരിക്കുന്നത്. എൻ.ഡി.എ സ്ഥാനാർത്ഥിയായി മഹിളാമോർച്ച സംസ്ഥാന പ്രസിഡന്റ് നിവേദിത സുബ്രഹ്മണ്യനും രംഗത്തുണ്ട്. കഴിഞ്ഞ മൂന്ന് തവണയായി സി.പി.എമ്മിലെ കെ.വി. അബ്ദുൾ ഖാദർ വിജയിച്ചു വരുന്ന മണ്ഡലമാണ് ഗുരുവായൂർ. അദ്ദേഹം മൂന്നു തവണ പിന്നിട്ടതിനെ തുടർന്നാണ് ഇത്തവണ സി.പി.എം എൻ.കെ. അക്ബറിനെ സ്ഥാനാർത്ഥിയാക്കിയത്.

പ്രഗത്ഭരെ വാരിപ്പുണർന്നും മലർത്തിയടിച്ചുമുള്ള ചരിത്രമാണ് ഗുരുവായൂരിന്റേത്. തോൽപ്പിച്ചവരെ വീണ്ടും വീണ്ടും തിരഞ്ഞെടുത്തും വിജയിച്ചവരെ വീണ്ടും പരാജയപ്പെടുത്തിയും പരിചയമുള്ളവരാണ് ഗുരുവായൂരിലെ വോട്ടർമാർ. 2016ലെ തിരഞ്ഞെടുപ്പിൽ 15098 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് സി.പി.എമ്മിലെ കെ.വി. അബ്ദുൾ ഖാദർ വിജയിച്ചിരുന്നത്. മു‌സ്‌ലിം ലീഗിലെ അഡ്വ.പി.എം. സാദിക്കലി ആയിരുന്നു എതിർ സ്ഥാനാർത്ഥി. 66088 വോട്ടുകളാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥിക്ക് ലഭിച്ചിരുന്നത്. 50913 വോട്ടുകൾ യു.ഡി.എഫ് സ്ഥാനാർത്ഥിക്കും ലഭിച്ചു. ബി.ജെ.പി സ്ഥാനാർത്ഥിയായി മത്സരിച്ച അഡ്വ. നിവേദിതക്ക് 25447 വോട്ടുകളാണ് ലഭിച്ചത്. എന്നാൽ കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായിരുന്ന ടി.എൻ. പ്രതാപന് ഗുരുവായൂർ നിയോജകമണ്ഡലത്തിൽ 20546 വോട്ടുകളുടെ ഭൂരിപക്ഷം ലഭിച്ചിരുന്നു.
ഇത്തവണ ഗുരുവായൂരിൽ ഇരുമുന്നണികളും വിജയ പ്രതീക്ഷയിലാണ്. ലോകസഭ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥി ടി.എൻ. പ്രതാപന് ലഭിച്ച മികച്ച ഭൂരിപക്ഷവും സ്ഥാനാർത്ഥിയുടെ മികവുമാണ് യു.ഡി.എഫിന് പ്രതീക്ഷയേകുന്നത്. എന്നാൽ നാട്ടുകാരൻ എന്നതും ചാവക്കാട് നഗരസഭയുടെ മുൻ ചെയർമാൻ എന്നതും എൽ.ഡി.എഫിനും പ്രതീക്ഷയേകുന്നു.

...........................................................

തിരഞ്ഞെടുപ്പ് ചരിത്രം
ഐക്യകേരളം നിലവിൽ വന്ന ശേഷം 1957ലും തുടർന്ന് നടന്ന രണ്ട് തിരഞ്ഞെടുപ്പുകളിലും ഇന്നത്തെ ഗുരുവായൂർ നിയമസഭയിൽ ചാവക്കാടുൾപ്പടെ അണ്ടത്തോടു മുതൽ മണപ്പുറം (ഇപ്പോഴത്തെ ചാവക്കാട് താലൂക്ക് പരിധി) വരേയുള്ള തീരമേഖല ഉൾപ്പെട്ടിരുന്നില്ല. ബ്രിട്ടീഷുകാരുടെ കാലത്ത് ആരംഭിച്ച മലബാർ ഡിസ്ട്രിക്റ്റ് ബോർഡിന്റെ കീഴിലായിരുന്ന ഈ പ്രദേശം പഴയ പാലക്കാട് ജില്ലയിൽ ഉൾപ്പെട്ട അണ്ടത്തോട് നിയമസഭാ മണ്ഡലമായിരുന്നു്. 1957ൽ നടന്ന ഒന്നാം നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ ഗുരുവായൂർ നിയമസഭാ മണ്ഡലത്തിൽ നിന്ന് വിജയിച്ചത് കൂളിയാട്ട് കോരു എന്ന സി.പി.ഐ സ്വതന്ത്രനായ പി.കെ കോരു മാഷായിരുന്നു. ഈ തിരഞ്ഞെടുപ്പിൽ അണ്ടത്തോട് മണ്ഡലത്തിൽ നിന്ന് സി.പി.ഐ പ്രതിനിധിയായ കൊളാടി ഗോവിന്ദൻകുട്ടി മേനോൻ നിയമസഭയിലെത്തി. 1960ൽ കെ.ജി കരുണാകരമേനോൻ ഗുരുവായൂരിൽ നിന്ന് നിയമസഭയിലെത്തി. 60ൽ അണ്ടത്തോടിനെ പ്രതിനിധീകരിച്ചത് മുസ്‌ലിം ലീഗ് നേതാവായിരുന്ന ബി.വി സീതി തങ്ങളായിരുന്നു.
അണ്ടത്തോടും ഗുരുവായൂരും കൂട്ടിച്ചേർത്ത ശേഷം നടന്ന 1965ലെ തിരഞ്ഞെടുപ്പിൽ സി.പി.ഐ സ്വതന്ത്രനായ പി.കെ അബ്ദുൽ മജീദാണ് മണ്ഡലത്തിൽ വെന്നിക്കൊടി പാർപ്പിച്ചത്. 67ൽ വിജയിച്ച ബി.വി സീതി തങ്ങൾ 70ൽ വർക്കി വടക്കനുമായി പരാജയപ്പെട്ട ശേഷം 77ലും 80ലും മണ്ഡലത്തെ പ്രതിനിധീകരിച്ചു. 82ലും 87ലും അടക്കം 10 വർഷം മുസ്‌ലിംലീഗിലെ പി.കെ.കെ ബാവ നിയമസഭയിലെത്തി. 91ൽ മുസ്‌ലിം ലീഗിലെ പി.എം അബൂബക്കർ സാഹിബും വിജയം കണ്ടു. ബാബ്‌റി മസ്ജിദ് തകർച്ചയോടെ ലീഗ് രണ്ടായി അബൂബക്കർ ഐ.എൻ.എല്ലിലേക്ക് മാറി. അദ്ദേഹം എം.എൽ.എ പദവി രാജിവച്ചതിനേ തുടർന്ന് 94ൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ സി.പി.എം സ്വതന്ത്രനായി സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദ് ജയിച്ചുകയറി. 96ൽ നടന്ന പൊതുതിരഞ്ഞെടുപ്പിലും പി.ടി വിജയിച്ചു. നേരത്തെ രണ്ടു വട്ടം എം.എൽ.എയായിരുന്ന പി.കെ.കെ ബാവ എത്തിയാണ് 2001ൽ പി.ടിയുടെ കൈയ്യിൽ നിന്ന് മണ്ഡലം തിരിച്ചു പിടിച്ചത്. തുടർന്ന് ഇപ്പോഴത്തെ എം.എൽ.എ കെ.വി അബ്ദുൽ ഖാദർ 2006ലും 2011ലും 2016ലും മൂന്നു വട്ടം ജയിച്ചുകയറി.

..........................................

ഗുരുവായൂർ നിയോജകമണ്ഡലം

ഏങ്ങണ്ടിയൂർ, കടപ്പുറം, ഒരുമനയൂർ, പുന്നയൂർ, പുന്നയൂർക്കുളം, വടക്കേക്കാട് എന്നീ അഞ്ച് പഞ്ചായത്തുകളും ചാവക്കാട് നഗരസഭയും ഗുരുവായൂർ നഗരസഭയുടെ തൈക്കാട് മേഖലയൊഴികെയുള്ള പ്രദേശങ്ങളും ഉൾപ്പെടുന്നതാണ് ഗുരുവായൂർ നിയോജകമണ്ഡലം.