തൃശൂർ: കോർപറേഷൻ പരിധിയിലെ പുതിയതായി പണി തീർത്ത പട്ടാളം റോഡിലും ജയാ ബേക്കറി ജംഗ്ഷനിലും പോസ്റ്റ് ഓഫീസ് റോഡിലും പരീക്ഷണാടിസ്ഥാനത്തിൽ നാളെ മുതൽ ട്രാഫിക് പരിഷ്‌കരണം നിലവിൽ വരും. നിലവിൽ റൗണ്ട് (വടക്ക്) ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ എം.ഒ റോഡിലൂടെ ജയാ ബേക്കറി ജംഗ്ഷൻ വഴി ശക്തൻ സ്റ്റാൻഡ് ഭാഗത്തേക്കാണ് പോയിക്കൊണ്ടിരിക്കുന്നത്. ഈ റൂട്ടിൽ രണ്ടു ഭാഗത്തേക്കും വാഹനങ്ങൾ പോകുന്ന വിധത്തിൽ റൗണ്ട് (വടക്ക്) ഭാഗത്തു നിന്ന് വരുന്ന വാഹനങ്ങൾ ഇടതുവശം (കിഴക്ക്) ചേർന്ന് ശക്തൻ സ്റ്റാൻഡിലേക്ക് പോകുകയും ശക്തൻ സ്റ്റാൻഡ് ഭാഗത്തു നിന്നും വരുന്ന ചെറുവാഹനങ്ങൾ ഇടതുവശം (പടിഞ്ഞാറ്) ചേർന്ന് എം.ഒ റോഡിലേക്ക് പ്രവേശിക്കുകയും ചെയ്യും. പോസ്റ്റ് ഓഫീസ് റോഡിൽ നിന്ന് ജയാ ബേക്കറി ജംഗ്ഷനിലൂടെ ഹൈറോഡിലേക്കും ഹൈറോഡിൽ നിന്നും പോസ്റ്റ് ഓഫിസ് റോഡിലേക്കും മെയിൻ റോഡിലൂടെ ക്രോസിംഗ് അനുവദിക്കുന്നതല്ല. പോസ്റ്റ് ഓഫീസ് റോഡിൽ നിന്ന് വരുന്ന വാഹനങ്ങൾക്ക് എം.ഒ റോഡിലേക്ക് പ്രവേശനം അനുവദിക്കുന്നതല്ല. ശക്തൻ സ്റ്റാൻഡ് ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾക്ക് പോസ്റ്റ് ഓഫീസ് റോഡിലേക്ക് പ്രവേശിക്കാവുന്നതാണ്. ഹൈറോഡ് ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾക്ക് ജയാ ബേക്കറി ജംഗ്ഷൻ വഴി ഇടതു വശം ചേർന്ന് ശക്തൻ ഭാഗത്തേക്ക് പോകാവുന്നതാണെന്നും സിറ്റി പൊലീസ് അറിയിച്ചു.