
പാവറട്ടി: ജീവിക്കാനായി തെങ്ങു കയറ്റക്കാരനായെങ്കിലും പാവറട്ടി സ്വദേശി അർജ്ജുനൻ അഭിനയ മോഹവുമായി കയറിപ്പോകുന്നത് ഉയരങ്ങളിലേക്കാണ്. മലയാള സിനിമകളും കടന്ന് ഹോളിവുഡ് സിനിമയിലും മുഖം കാണിച്ചിരിക്കുകയാണ് അർജുനൻ. ജയിൽ പുള്ളികളുടെ കഥ പറയുന്ന റോജർ എല്ലീസ് ഫ്രേസിയർ സംവിധാനം ചെയ്ത 'എസ്‌കേപ്പ് ഫ്രം ബ്ലേക്ക് വാട്ടർ ' എന്ന ഹോളിവുഡ് സിനിമയിൽ അർജ്ജുനൻ തടവുപുള്ളിയായാണ് അഭിനയിച്ചത്.
പാവറട്ടി മൃഗാശുപത്രിക്ക് സമീപം കറുത്തവക അയ്യപ്പകുട്ടിയുടെയും തങ്കയുടെയും മകനാണ് അർജ്ജുനൻ. ഇത് തന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടമാണെന്ന് അർജ്ജുനൻ പറയുന്നു.
അതിരപ്പിള്ളി, ചാലക്കുടി, എറണാകുളം എന്നിവിടങ്ങളിൽ സെറ്റിട്ടാണ് സിനിമ ചിത്രീകരിച്ചത്. അടുത്തു തന്നെ ഈ സിനിമ പ്രദർശനത്തിനെത്തും. കലാഭവൻ മണിയോടൊപ്പം മൂന്നാം നാൾ, ബ്രദേഴ്‌സ് ഡേ, ഡ്രൈവിംഗ് ലൈസൻസ്, മധുര രാജ, തൃശൂർ പൂരം ക്ലിപ്തം, കൈതോല ചാത്തൻ, പെങ്ങളില തുടങ്ങിയ സിനിമകളിലും മുഖം കാണിച്ചു. ഇക്കാലയളവിനിടെ പരുമല തിരുമേനി, മത്ത് തുടങ്ങിയ ഷോർട്ട് ഫിലിമുകളിലും നിരവധി പരസ്യ ചിത്രങ്ങളിലും അഭിനയിച്ചു. 25 വർഷമായി തെങ്ങുകയറ്റ തൊഴിലാളിയാണ്. പാവറട്ടി സെന്റ് ജോസഫ് ഹൈസ്‌കൂളിലും ശ്രീകൃഷ്ണ കോളേജിലുമായിരുന്നു പഠനം. ചിത്രകാരി കൂടിയായ രജിതയാണ് ഭാര്യ. മക്കൾ : അർച്ചന, വൈഷ്ണവ്.
തൃപ്രയാർ തേവരുടെ മകീര്യം പുറപ്പാട് നാളെ
തൃപ്രയാർ: ആറാട്ടുപുഴ പൂരത്തിൽ നായകത്വം വഹിക്കുന്ന തൃപ്രയാർ തേവരുടെ മകീര്യം പുറപ്പാട് നാളെ നടക്കും. ഉച്ചതിരിഞ്ഞ് 2.05 നും 3 നും ഇടയിലാണ് പുറപ്പാട്. രാവിലെ തുറക്കുന്ന നട ആറാട്ട് എഴുന്നള്ളിപ്പ് വരെ തുറന്നിരിക്കും. ക്ഷേത്രത്തിനകത്ത് എഴുന്നള്ളിപ്പുകൾക്ക് മൂന്ന് ആനകളും പുറത്തേക്കുള്ള എഴുന്നള്ളിപ്പുകൾക്ക് ഒരാനയും അണിനിരക്കും.
തേവരുടെ ഗ്രാമപ്രദക്ഷിണത്തിൽ ആറാടുന്ന കുളങ്ങൾ വ്യത്തിയാക്കി. ആദ്യവും അവസാനവും ആറാടുന്ന സേതുകുളം ദേവസ്വവും മറ്റുള്ളവ അതാത് ദേശക്കമ്മറ്റിക്കാരുമാണ് വൃത്തിയാക്കിയത്. ആറാട്ടുപുഴ പൂരത്തോടനുബന്ധിച്ചുള്ള ചടങ്ങുകളിൽ യാതൊരു തരത്തിലുള്ള കുറവും വരുത്തില്ലെന്ന് കൊച്ചിൻ ദേവസ്വം ബോർഡ് അറിയിച്ചു. മകീര്യം പുറപ്പാടും പൂരം കൊടിയേറ്റവും തുടങ്ങി എല്ലാ ആഘോഷങ്ങൾക്കുമായുള്ള ക്രമീകരണം പൂർത്തിയാക്കി. മകീര്യം പുറപ്പാട് ചടങ്ങുകൾക്ക് യാതൊരു വിധ കുറവും ഉണ്ടാകില്ല. മറ്റുതരത്തിൽ പ്രചരിപ്പിക്കുന്ന വാർത്തകൾ പൂരത്തിന്റെ പൊലിമ കുറയ്ക്കുന്നതിനാണ്. ഇത് ഭക്തജനങ്ങൾ തിരിച്ചറിയണമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പി. നന്ദകുമാർ അഭ്യർത്ഥിച്ചു.