ഇരിങ്ങാലക്കുട: ശുചീകരണ തൊഴിലാളികളുടെ ജീവിതത്തെ തൊട്ടറിഞ്ഞ് എൻ.ഡി.എ സ്ഥാനാർത്ഥി ഡോ. ജേക്കബ് തോമസിന്റെ നഗര പര്യടനം ഇന്നലെ ആരംഭിച്ചു. ട്രഞ്ചിംഗ് ഗ്രൗണ്ടിലെത്തിയ സ്ഥാനാർത്ഥിയോട് നാമമാത്രമായ കൂലി മാത്രമാണ് ലഭിക്കുന്നതെന്നും,​ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നഗരസഭ തൊഴിലാളികൾക്ക് കൂലി കൊടുക്കുന്നതെന്നും തൊഴിലാളികൾ സ്ഥാനാർത്ഥിയോട് പറഞ്ഞു. കൂലി വർദ്ധനവ് സംബന്ധിച്ച് ഭരണാധികാരികൾ ഉറപ്പു നൽകാറുണ്ടെങ്കിലും ഇതുവരെ അത് ലഭ്യമായിട്ടില്ല. നഗരത്തിലെയും പൊറത്തിശ്ശേരി മേഖലയിലെയും വ്യാപാര സ്ഥാപനങ്ങൾ, വ്യവസായ സ്ഥാപനങ്ങൾ, ബാങ്കുകൾ, ഓഫീസുകൾ എന്നിവിടങ്ങളിൽ സന്ദർശിച്ച് സ്ഥാനാർത്ഥി വോട്ട് അഭ്യർത്ഥിച്ചു. ബി.ജെ.പി ജന. സെക്രട്ടറി കെ.സി. വേണുമാസ്റ്റർ, മുൻസിപ്പൽ പ്രസിഡന്റ് സന്തോഷ് ബോബൻ, മണ്ഡലം സെക്രട്ടറി ഷാജൂട്ടൻ, രഞ്ജിത്ത് കാനാട്ട് തുടങ്ങിയവർ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.