ചാലക്കുടി: കൊമ്പിടിഞ്ഞാമാക്കൽ ഗോഡൗണിലെ കയറ്റിറക്ക് തൊഴിലാളികൾ പണിമുടക്കിയതിനാൽ റേഷൻ വിതരണം സ്തംഭിക്കുന്നുവെന്ന പ്രചരണം വാസ്തവ വിരുദ്ധമാണെന്ന് സംയുക്ത തൊഴിലാളി യൂണിയൻ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കേന്ദ്ര സർക്കാർ നടപ്പാക്കിയ ദേശീയ ഭക്ഷ്യ സുരക്ഷാ നിയമ പ്രകാരമുള്ള പുതിക്കിയ കൂലി നൽകാൻ കഴിയില്ലെന്ന തീരുമാനത്തിലാകണം കോൺട്രാക്ടർമാർ റേഷൻ സാമഗ്രികൾ കയറ്റുന്നതിന് ലോറികൾ അയക്കുന്നില്ല. അവർ ലോറികൾ അയക്കുകയാണെങ്കിൽ പഴയ നിരക്കിലാണെങ്കിലും അരിയടങ്ങുന്ന റേഷൻ സാധനങ്ങൾ കയറ്റുന്നതിന് തങ്ങൾ തയ്യാറാണെന്ന് യൂണിയൻ ഭാരവാഹികൾ പറഞ്ഞു. എൻ.എഫ്.എസ്.എ പ്രകാരമുള്ള പുതുക്കിയ സ്ലാബിലെ കൂലി ഫെബ്രുവരി മാസം നൽകിയിരുന്നതാണ്. യാതൊരു പ്രശ്‌നവുമില്ലാതെ മുന്നോട്ടു പോകുമ്പോഴാണ് കോൺട്രാക്ടർമാർ ഗോഡൗണിലേക്ക് ലോറികൾ അയക്കാതിരിക്കുന്നത്. ദിവസം അമ്പതോളം ലോഡ് സാമഗ്രികൾ കയറ്റി വിടുന്ന ഗോഡൗൺ ആണിത്. ഇത്തരം അവസ്ഥ തുടർന്നാൽ അധികം വൈകാതെ ചാലക്കുടി താലൂക്കിലെ റേഷൻ കടകൾ നിശ്ചലമാകുമെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി. സി.ഐ.ടി.യു ചാലക്കുടി ഏരിയാ പ്രസിഡന്റ് കെ.എസ്. അശോകൻ, യു.കെ. പ്രഭാകരൻ, തോമസ് മണ്ടി, ആന്റണി കുറ്റൂക്കാരൻ എന്നിവർ വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.