pooram

തൃശൂർ: പഴയ പ്രൗഢിയോടെയെത്തിയ പൂരം പൊടിപൂരമാക്കാനുള്ള തയ്യാറെടുപ്പുകൾ അതിവേഗത്തിലാക്കി തട്ടകങ്ങൾ. നിയന്ത്രങ്ങളുണ്ടെങ്കിലും ചടങ്ങാക്കി മാറ്റാൻ ഉത്സവ പ്രേമികൾ ഒരുമല്ല. തെക്കേഗോപുരനട തള്ളിത്തുറക്കാൻ ഇത്തവണ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനുണ്ടാകില്ലെന്നുള്ള വിഷമം മാത്രമാണ് പൂരപ്രേമികൾക്കുള്ളത്.

തലയെടുപ്പുള്ള ആനകളെ അണിനിരത്തിയുള്ള പാറമേക്കാവ്, തിരുവമ്പാടി ക്ഷേത്രങ്ങളുടെ മേള, പഞ്ചവാദ്യ ഘോഷങ്ങളും ആനപ്പുറത്തെ മുത്തുക്കുടമാറ്റം, പുലരുന്നതിനു മുമ്പുള്ള വെടിക്കെട്ട് എന്നിവയെല്ലാം ഇത്തവണയും അഴക് വിടർത്തും. തിരുവമ്പാടി ഭഗവതിയുടെ തിടമ്പ് ബ്രഹ്മസ്വം മഠത്തിലേക്ക് കൊണ്ടുപോകുന്ന പുറപ്പാട് എഴുന്നള്ളത്ത്, പഞ്ചവാദ്യത്തോടെയുള്ള മഠത്തിൽ വരവ്, ഉച്ചയ്ക്ക് പാറമേക്കാവ് ക്ഷേത്രത്തിന്റെ പൂരപ്പുറപ്പാട്, ചെമ്പട മേളം, ഇലഞ്ഞിത്തറ മേളം, തെക്കോട്ടിറക്കം, പാറമേക്കാവ്, തിരുവമ്പാടി ഭഗവതിമാരുടെ പരസ്പരമുള്ള കൂടിക്കാഴ്ച, കുടമാറ്റം, പുലർച്ചെയുള്ള പ്രധാന വെടിക്കെട്ട്, ഉപചാരം ചൊല്ലിപ്പിരിയൽ തുടങ്ങിയവയെല്ലാം ഇത്തവണയും കാണാനാകുമെന്ന പ്രതീക്ഷയിലാണ് പൂരപ്രേമികൾ.
പാറമേക്കാവ്, തിരുവമ്പാടി വിഭാഗങ്ങളുടെ പന്തൽ കാൽനാട്ടോടെയാണ് പൂരപ്രേമികളുടെ മനസിൽ പൂരം കൊടിയേറുന്നത്. പൂരച്ചടങ്ങുകളിൽ കുടമാറ്റത്തിന് മാത്രമാണ് ഇത്തവണ നിയന്ത്രണമുള്ളത്. കുടമാറ്റത്തിന് സാധാരണ 60 സെറ്റ് കുടകളാണ് ഒരുക്കാറ്. ഇത്തവണ പരമാവധി 10 മുതൽ 15 സെറ്റ് കുടകളേ ഉണ്ടാവൂ. 21 ന് സാമ്പിൾ വെടിക്കെട്ടും പൂരദിവസം ഉച്ചയ്ക്ക് 1 ന് വെടിക്കെട്ട്, പൂരത്തിന് പിറ്റേന്ന് പുലർച്ചെ മൂന്നിന് വെടിക്കെട്ട് എന്നിവയും നടക്കും.

പൂരം എക്സിബിഷൻ ഏപ്രിൽ എട്ടിനോ പത്തിനോ

പൂരം എക്സിബിഷൻ നിയമസഭാ വോട്ടെടുപ്പിന് ശേഷം ഏപ്രിൽ എട്ടിനോ പത്തിനോ ആരംഭിക്കും. പാറമേക്കാവിന് മുൻവശം പന്തൽ കാൽനാട്ട് 21 ന് രാവിലെ നടക്കും. പന്തലിന്റെ പ്രാഥമിക നിർമ്മാണ ജോലികൾ തുടങ്ങി. കൊവിഡ് പശ്ചാത്തലത്തിൽ സന്ദർശകർക്ക് പാസ് സംവിധാനമുണ്ടാകും.

ആനകൾക്കുള്ള തലേക്കെട്ട്, കുട, ചമയങ്ങൾ, ആലവട്ടം, വെഞ്ചാമരം എന്നിവയുടെ പണികൾ തുടങ്ങി. വെടിക്കെട്ടിന്റെ പ്രാഥമിക പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. നാലിഞ്ചിന്റെ കുഴിമിന്നൽ, ആറിഞ്ചിന്റെ അമിട്ടുകൾ, മാലപ്പടക്കം എന്നിവ ഇക്കുറിയുമുണ്ടാകും. തിടമ്പേറ്റുന്നതും പങ്കെടുക്കുന്നതുമായ ആനകളെ സംബന്ധിച്ച് ആനകളുടെ ഫിറ്റ്‌നസ് പരിശോധനയ്ക്ക് ശേഷമേ തീരുമാനമാകുകയുള്ളൂ. പാറമേക്കാവ് പത്മനാഭൻ, ഗുരുവായൂർ നന്ദൻ, കൊച്ചിൻ ദേവസ്വം ബോർഡിന്റെ എറണാകുളം ശിവകുമാർ എന്നീ ആനകളിലൊന്നാകും പാറമേക്കാവിന്റെ തിടമ്പേറ്റുക.


ജി.രാജേഷ്

സെക്രട്ടറി, പാറമേക്കാവ് ദേവസ്വം

ഒരുക്കങ്ങൾ തുടങ്ങി. തിരുവമ്പാടിയും പാറമേക്കാവും ചേർന്നുള്ള ആനക്കമ്മിറ്റി വൈകാതെ ചേരും. അതിന് ശേഷമേ ആനകളെ ഏൽപ്പിക്കൂ. പന്തലിനും ചമയത്തിനും മറ്റും സ്ഥിരം പണിക്കാരുണ്ട്. ചമയത്തിനാണ് കൂടുതൽ ഒരുക്കം ആവശ്യമുള്ളത്. തിരുവമ്പാടി ദേവസ്വം കെട്ടിടത്തിൽ അടുത്ത ആഴ്ചയോടെ ചമയ ഒരുക്കം തുടങ്ങും. കുടമാറ്റത്തിനുള്ള വെഞ്ചാമരം മുതൽ എഴുന്നെള്ളിപ്പിനുള്ള നെറ്റിപ്പട്ടം വരെ പുതുതായി നിർമ്മിക്കണം. പൂരം അവിസ്മരണീയമാക്കും.


എം. രവികുമാർ

സെക്രട്ടറി, തിരുവമ്പാടി ദേവസ്വം